കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 38: 12 ഒറ്റുകാര്‍

കഥ 38: 12 ഒറ്റുകാര്‍
ഒറ്റുകാര്‍ പഴങ്ങളുമായി

ഈ ആളുകള്‍ കൊണ്ടുവരുന്ന പഴങ്ങള്‍ കണ്ടോ? ആ മുന്തിരിക്കുല എത്ര വലുതാണെന്നു നോക്കൂ. ഒരു കമ്പില്‍ കെട്ടി അതു ചുമന്നുകൊണ്ടു വരാന്‍ രണ്ടുപേര്‍ വേണ്ടിവന്നു. അത്തിപ്പഴവും മാതളനാരങ്ങയും കണ്ടോ! എവിടെ നിന്നാണ്‌ ഭംഗിയുള്ള ഈ പഴങ്ങള്‍? കനാന്‍ദേശത്തുനിന്ന്. ഓര്‍ക്കുക, ഒരിക്കല്‍ അബ്രാഹാമും യിസ്‌ഹാക്കും യാക്കോബും ജീവിച്ചിരുന്ന നാടാണ്‌ കനാന്‍. എന്നാല്‍ അവിടെ ക്ഷാമം ഉണ്ടായപ്പോള്‍ യാക്കോബും കുടുംബവും ഈജിപ്‌തിലേക്കു പോയി. ഇപ്പോള്‍ ഏകദേശം 216 വര്‍ഷം കഴിഞ്ഞ് മോശെ, ഇസ്രായേല്യരെ കനാനിലേക്കു തിരികെ കൊണ്ടുവരുകയാണ്‌. അവര്‍ ഇപ്പോള്‍ മരുഭൂമിയിലുള്ള കാദേശ്‌ എന്ന സ്ഥലത്ത്‌ എത്തിയിരിക്കുന്നു.

കനാനിലെ ആളുകള്‍ ദുഷ്ടരാണ്‌. അതുകൊണ്ട് മോശെ 12 ഒറ്റുകാരെ അഥവാ ചാരന്മാരെ അങ്ങോട്ട് അയയ്‌ക്കുന്നു. അവരോട്‌ അവന്‍ ഇങ്ങനെ പറയുന്നു: ‘അവിടെ എത്ര ആളുകളുണ്ടെന്നും അവര്‍ എത്രത്തോളം ശക്തരാണെന്നും മനസ്സിലാക്കുക. ഭൂമി നല്ല വിളവു നല്‍കുന്നതാണോ എന്നു നോക്കുക. തിരികെ വരുമ്പോള്‍ അവിടെനിന്ന് കുറച്ചു പഴവര്‍ഗങ്ങള്‍ കൊണ്ടുവരാന്‍ മറക്കരുത്‌.’

ഒറ്റുകാര്‍ കാദേശിലേക്കു മടങ്ങിവരുമ്പോള്‍ അവര്‍ മോശെയോടു പറയുന്നു: ‘അത്‌ വളരെ നല്ലൊരു ദേശം തന്നെയാണ്‌.’ തെളിവിനായി അവര്‍ കൊണ്ടുവന്ന പഴങ്ങള്‍ കാണിക്കുന്നു. എന്നാല്‍ ഒറ്റുകാരില്‍ പത്തുപേര്‍ പറയുന്നു: ‘അവിടത്തെ ആളുകള്‍ വലുപ്പം കൂടിയവരും അതിശക്തരുമാണ്‌. അവരുടെ കൈയില്‍നിന്നു ദേശം പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ നമ്മള്‍ കൊല്ലപ്പെടും.’

ഇതുകേട്ട് ഇസ്രായേല്യര്‍ പേടിച്ചു വിറയ്‌ക്കുന്നു. ‘ഇതിലും ഭേദം ഈജിപ്‌തിലോ ഇവിടെ മരുഭൂമിയിലോ കിടന്ന് മരിക്കുന്നതായിരുന്നു,’ അവര്‍ പറയുന്നു. ‘നാം യുദ്ധത്തില്‍ കൊല്ലപ്പെടും. നമ്മുടെ ഭാര്യമാരെയും മക്കളെയും അവര്‍ പിടിച്ചുകൊണ്ടുപോകും. മോശെക്കു പകരം മറ്റൊരു നേതാവിനെ തിരഞ്ഞെടുത്ത്‌ നമുക്ക് ഈജിപ്‌തിലേക്കു തിരികെ പോകാം!’

എന്നാല്‍ ഒറ്റുകാരില്‍ രണ്ടുപേര്‍ക്ക് യഹോവ തങ്ങളോടുകൂടെ ഉണ്ടെന്ന വിശ്വാസമുണ്ട്. അവര്‍ ജനത്തെ ശാന്തരാക്കാന്‍ ശ്രമിക്കുന്നു. യോശുവയും കാലേബുമാണ്‌ അത്‌. അവര്‍ പറയുന്നു: ‘പേടിക്കേണ്ട, യഹോവ നമ്മോടുകൂടെയുണ്ട്. നമുക്ക് എളുപ്പത്തില്‍ ദേശം പിടിച്ചടക്കാം.’ എന്നാല്‍ ജനം അവര്‍ പറയുന്നതു കേള്‍ക്കുന്നില്ല. യോശുവയെയും കാലേബിനെയും കൊല്ലാന്‍ പോലും അവര്‍ ആഗ്രഹിക്കുന്നു.

ഇതു കാണുമ്പോള്‍ യഹോവയ്‌ക്ക് കടുത്ത ദേഷ്യം വരുന്നു. അവന്‍ മോശെയോടു പറയുന്നു: ‘ജനത്തില്‍ 20-ഓ അതില്‍ കൂടുതലോ വയസ്സുള്ള ആരും കനാന്‍ദേശത്ത്‌ കടക്കുകയില്ല. ഈജിപ്‌തിലും മരുഭൂമിയിലും ഞാന്‍ ചെയ്‌ത അത്ഭുതങ്ങള്‍ കണ്ടിട്ടും അവര്‍ എന്നില്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ട് അവസാനത്തെ ആളും മരിക്കുന്നതു വരെ 40 വര്‍ഷം അവര്‍ മരുഭൂമിയില്‍ അലഞ്ഞുതിരിയും. യോശുവയും കാലേബും മാത്രമേ കനാന്‍ദേശത്തു കടക്കുകയുള്ളൂ.’

സംഖ്യാപുസ്‌തകം 13:1-33; 14:1-38.



ചോദ്യങ്ങള്‍

  • ചിത്രത്തില്‍ കാണുന്ന മുന്തിരിക്കുലയുടെ പ്രത്യേകത എന്ത്, അത്‌ എവിടെ നിന്നാണു കൊണ്ടുവരുന്നത്‌?
  • മോശെ 12 ഒറ്റുകാരെ കനാനിലേക്ക് അയയ്‌ക്കാന്‍ കാരണമെന്ത്?
  • തിരികെ മോശെയുടെ അടുത്തു വരുമ്പോള്‍ പത്തു പേര്‍ എന്തു റിപ്പോര്‍ട്ടാണു നല്‍കുന്നത്‌?
  • രണ്ട് ഒറ്റുകാര്‍ യഹോവയുടെ സഹായത്തില്‍ വിശ്വാസം പ്രകടമാക്കുന്നത്‌ എങ്ങനെ, അവരുടെ പേര്‌ എന്ത്?
  • യഹോവ കോപിക്കാന്‍ കാരണമെന്ത്, അവന്‍ മോശെയോട്‌ എന്താണു പറയുന്നത്‌?

കൂടുതലായ ചോദ്യങ്ങള്‍

  • സംഖ്യാപുസ്‌തകം 13:1-33 വായിക്കുക.

    ദേശം ഒറ്റുനോക്കാന്‍ ആര്‍ തിരഞ്ഞെടുക്കപ്പെടുന്നു, അവര്‍ക്ക് എന്തിനുള്ള നല്ല അവസരമാണ്‌ ഉണ്ടായിരുന്നത്‌? (സംഖ്യാ. 13:2, 3, 18-20)

    യോശുവയുടെയും കാലേബിന്‍റെയും വീക്ഷണം മറ്റ്‌ ഒറ്റുകാരുടേതില്‍നിന്നു വ്യത്യസ്‌തമായിരുന്നത്‌ എന്തുകൊണ്ട്, ഇതു നമ്മെ എന്തു പഠിപ്പിക്കുന്നു? (സംഖ്യാ. 13:28-30; മത്താ. 17:20, 21; 2 കൊരി. 5:7)

  • സംഖ്യാപുസ്‌തകം 14:1-38 വായിക്കുക.

    യഹോവയുടെ ഭൗമിക പ്രതിനിധികള്‍ക്കെതിരെ പിറുപിറുക്കുന്നതു സംബന്ധിച്ച ഏതു മുന്നറിയിപ്പിന്‌ നാം ചെവികൊടുക്കണം? (സംഖ്യാ. 14:2, 3, 27; മത്താ. 25:40, 45; 1 കൊരി. 10:10)

    യഹോവ തന്‍റെ എല്ലാ ദാസരിലും വ്യക്തിപരമായി താത്‌പര്യമെടുക്കുന്നുവെന്ന് സംഖ്യാപുസ്‌തകം 14:24 കാണിച്ചുതരുന്നത്‌ എങ്ങനെ? (1 രാജാ. 19:18; സദൃ. 15:3)