വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കഥ 37: ആരാധനയ്ക്കുള്ള ഒരു കൂടാരം

കഥ 37: ആരാധനയ്ക്കുള്ള ഒരു കൂടാരം

ഇത് എന്താണെന്ന് അറിയാമോ? യഹോവയെ ആരാധിക്കുന്നതിനുള്ള ഒരു പ്രത്യേക കൂടാരമാണിത്‌. സമാഗമന കൂടാരം എന്നാണ്‌ ഇതിനെ വിളിക്കുന്നത്‌. തിരുനിവാസം എന്നും അതിനു പേരുണ്ട്. ഈജിപ്‌തില്‍നിന്നു പോന്നശേഷം ഒരു വര്‍ഷം കഴിഞ്ഞാണ്‌ ഈ കൂടാരത്തിന്‍റെ പണി തീര്‍ന്നത്‌. അത്‌ ഉണ്ടാക്കാന്‍ ജനത്തോടു പറഞ്ഞത്‌ ആരായിരുന്നു?

സമാഗമനകൂടാരം

യഹോവ. മോശെ സീനായി പര്‍വതത്തില്‍ ആയിരുന്നപ്പോഴാണ്‌ അത്‌ ഉണ്ടാക്കേണ്ട വിധം യഹോവ അവനു പറഞ്ഞു കൊടുത്തത്‌. അത്‌ എളുപ്പത്തില്‍ അഴിച്ചെടുക്കാവുന്നതു പോലെ പണിയണം എന്ന് അവന്‍ പറഞ്ഞിരുന്നു. അങ്ങനെയാകുമ്പോള്‍ ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു പോകുമ്പോള്‍ അതിന്‍റെ ഭാഗങ്ങള്‍ അഴിച്ചെടുത്തു കൊണ്ടുപോകുന്നതിനും അവിടെ എത്തുമ്പോള്‍ അവ കൂട്ടിയോജിപ്പിക്കുന്നതിനും കഴിയുമായിരുന്നു. മരുഭൂമിയില്‍ ഇസ്രായേല്യര്‍ ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തേക്കു പോയപ്പോഴെല്ലാം ഈ കൂടാരവും കൂടെ കൊണ്ടുപോയി.

കൂടാരത്തിന്‍റെ അറ്റത്തുള്ള ആ ചെറിയ മുറിയുടെ ഉള്ളിലേക്കു നോക്കിയാല്‍ അവിടെ ഒരു പെട്ടി നിങ്ങള്‍ക്കു കാണാം. ഇതാണ്‌ നിയമപെട്ടകം. അതിന്‍റെ രണ്ടറ്റത്തും സ്വര്‍ണം കൊണ്ടുണ്ടാക്കിയ ഓരോ കെരൂബ്‌ അഥവാ ദൂതന്‍ ഉണ്ടായിരുന്നു. പത്തു കല്‍പ്പനകള്‍ എഴുതിയ ആദ്യത്തെ കല്‍പ്പലകകള്‍ മോശെ പൊട്ടിച്ചു കളഞ്ഞതുകൊണ്ട് യഹോവ ഒരിക്കല്‍ക്കൂടി കല്‍പ്പലകകളില്‍ അവ എഴുതിക്കൊടുത്തിരുന്നു. അവ ഈ നിയമപെട്ടകത്തിന്‍റെ ഉള്ളിലാണ്‌ സൂക്ഷിച്ചിരുന്നത്‌. ഒരു പാത്രത്തില്‍ മന്നായും അതിനുള്ളില്‍ വെച്ചിരുന്നു. മന്നാ എന്താണെന്ന് ഓര്‍ക്കുന്നുണ്ടല്ലോ, അല്ലേ?

മോശെയുടെ ജ്യേഷ്‌ഠനായ അഹരോനെ യഹോവ മഹാപുരോഹിതനായി തിരഞ്ഞെടുക്കുന്നു. മഹാപുരോഹിതനാണ്‌ യഹോവയെ ആരാധിക്കുന്നതില്‍ ജനത്തെ നയിക്കേണ്ടിയിരുന്നത്‌. അഹരോന്‍റെ പുത്രന്മാരും പുരോഹിതന്മാരാണ്‌.

ഇനി, കൂടാരത്തിലെ വലിയ മുറി നോക്കൂ. ഇതിന്‌ ചെറിയ മുറിയുടെ ഇരട്ടി വലുപ്പമുണ്ട്. ഒരു പെട്ടിയില്‍നിന്നു പുക ഉയരുന്നതു കണ്ടോ? അതൊരു ബലിപീഠമാണ്‌, ഇവിടെയാണ്‌ പുരോഹിതന്മാര്‍ ധൂപവര്‍ഗം അര്‍പ്പിച്ചിരുന്നത്‌. ധൂപവര്‍ഗം എന്നു പറയുന്നത്‌ സുഗന്ധദ്രവ്യങ്ങളുടെ മിശ്രിതമാണ്‌. ഏഴു തണ്ടുകളുള്ള ഒരു വിളക്കും അവിടെയുണ്ട്. അവിടെയുള്ള മൂന്നാമത്തെ സാധനം ഒരു മേശയാണ്‌. അതിന്മേല്‍ 12 അപ്പം ഉണ്ട്.

സമാഗമന കൂടാരത്തിന്‍റെ മുറ്റത്ത്‌ വെള്ളം നിറച്ച ഒരു വലിയ പാത്രം അഥവാ തൊട്ടി ഉണ്ട്. കൈയും കാലുമൊക്കെ കഴുകുന്നതിനായി പുരോഹിതന്മാര്‍ ആ വെള്ളം ഉപയോഗിക്കുന്നു. അവിടെ ഒരു വലിയ ബലിപീഠവുമുണ്ട്. അതിലാണ്‌ യഹോവയ്‌ക്കുള്ള യാഗമായി മൃഗങ്ങളെ ദഹിപ്പിക്കുന്നത്‌. കൂടാരം ഇസ്രായേല്യ പാളയത്തിന്‍റെ ഒത്തനടുവിലാണ്‌, അതിനു ചുറ്റും തങ്ങളുടെ കൂടാരങ്ങളില്‍ ജനം പാര്‍ക്കുന്നു.

പുറപ്പാടു 25:8-40; 26:1-37; 27:1-8; 28:1; 30:1-10, 17-21; 34:1, 2; എബ്രായര്‍ 9:1-5.ചോദ്യങ്ങള്‍

 • ചിത്രത്തില്‍ കാണുന്ന കൂടാരം എങ്ങനെ വിളിക്കപ്പെടുന്നു, അതിന്‍റെ ഉപയോഗമെന്ത്?
 • എളുപ്പത്തില്‍ അഴിച്ചെടുക്കാവുന്നതുപോലെ കൂടാരം പണിയാന്‍ യഹോവ മോശെയോടു പറഞ്ഞത്‌ എന്തിന്‌?
 • കൂടാരത്തിന്‍റെ അങ്ങേയറ്റത്തുള്ള ചെറിയ മുറിയിലെ പെട്ടി എന്താണ്‌, അതിനുള്ളില്‍ എന്താണുള്ളത്‌?
 • മഹാപുരോഹിതനായി യഹോവ ആരെ തിരഞ്ഞെടുക്കുന്നു, മഹാപുരോഹിതന്‍ എന്താണു ചെയ്യുന്നത്‌?
 • കൂടാരത്തിന്‍റെ വലിയ മുറിയിലുള്ള മൂന്നു സാധനങ്ങളുടെ പേരു പറയുക.
 • സമാഗമന കൂടാരത്തിന്‍റെ പ്രാകാരത്തില്‍ ഏതു രണ്ടു വസ്‌തുക്കള്‍ ഉണ്ട്, അവയുടെ ഉപയോഗം എന്ത്?

കൂടുതലായ ചോദ്യങ്ങള്‍

 • പുറപ്പാടു 25:8-40; 26:1-37; 27:1-8; 28:1 വായിക്കുക.

  “സാക്ഷ്യപ്പെട്ടകത്തിന്മേല്‍” ഉള്ള കെരൂബുകള്‍ എന്തിനെ പ്രതിനിധീകരിച്ചു? (പുറ. 25:20, 22; സംഖ്യാ. 7:89; 2 രാജാ. 19:15)

 • പുറപ്പാടു 30:1-10, 17-21; 34:1, 2; എബ്രായര്‍ 9:1-5 വായിക്കുക.

  സമാഗമന കൂടാരത്തിങ്കല്‍ ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്മാര്‍ ശാരീരിക ശുദ്ധി പാലിക്കണമെന്ന് യഹോവ ഊന്നിപ്പറഞ്ഞത്‌ എന്തുകൊണ്ട്, അത്‌ ഇന്ന് നമ്മെ എങ്ങനെ ബാധിക്കണം? (പുറ. 30:18-21; 40:30, 31; എബ്രാ. 10:22)

  അപ്പൊസ്‌തലനായ പൗലൊസ്‌ എബ്രായ ക്രിസ്‌ത്യാനികള്‍ക്കു ലേഖനം എഴുതുന്ന കാലത്ത്‌ സമാഗമന കൂടാരവും ന്യായപ്രമാണ ഉടമ്പടിയും കാലഹരണപ്പെട്ടു എന്ന് അവന്‍ വ്യക്തമാക്കുന്നത്‌ എങ്ങനെ? (എബ്രാ. 9:1, 9; 10:1)