വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 36: സ്വര്‍ണക്കാളക്കുട്ടി

കഥ 36: സ്വര്‍ണക്കാളക്കുട്ടി

നോക്കൂ, ആളുകള്‍ എന്താണു കാണിച്ചുകൊണ്ടിരിക്കുന്നത്‌? അവര്‍ ഒരു കാളക്കുട്ടിയോടു പ്രാര്‍ഥിക്കുകയാണല്ലോ! എന്തുകൊണ്ടാണ്‌ അവര്‍ ഇങ്ങനെ ചെയ്യുന്നത്‌?

മോശെ മലയില്‍ കയറിപ്പോയി കുറെ ദിവസം കഴിഞ്ഞപ്പോള്‍ ജനം ഇങ്ങനെ പറയുന്നു: ‘മോശെക്ക് എന്തു സംഭവിച്ചെന്ന് നമുക്ക് അറിയില്ല. അതുകൊണ്ട് നമ്മെ ഈ ദേശത്തുനിന്നു പുറത്തേക്കു കൊണ്ടുപോകുന്നതിന്‌ നമുക്ക് ഒരു ദൈവത്തെ ഉണ്ടാക്കാം.’

മോശെ കല്‍പ്പലകകള്‍ നിലത്തെറിയുന്നു

‘ശരി,’ മോശെയുടെ ജ്യേഷ്‌ഠനായ അഹരോന്‍ പറയുന്നു. ‘നിങ്ങളുടെ സ്വര്‍ണക്കമ്മലുകള്‍ ഊരി എന്‍റെയടുത്തു കൊണ്ടുവരുവിന്‍.’ ആളുകള്‍ അങ്ങനെ ചെയ്യുമ്പോള്‍ അഹരോന്‍ അവ ഉരുക്കി അതുകൊണ്ട് ഒരു സ്വര്‍ണക്കാളക്കുട്ടിയെ ഉണ്ടാക്കുന്നു. ആളുകള്‍ പറയുന്നു: ‘ഈജിപ്‌തില്‍നിന്ന് നമ്മെ രക്ഷപ്പെടുത്തിക്കൊണ്ടുവന്ന നമ്മുടെ ദൈവം ഇതാ!’ പിന്നെ അവര്‍ ഒരു വലിയ വിരുന്നു നടത്തുകയും സ്വര്‍ണക്കാളക്കുട്ടിയെ ആരാധിക്കുകയും ചെയ്യുന്നു.

ഇതു കാണുമ്പോള്‍ യഹോവയ്‌ക്ക് വളരെ ദേഷ്യം വരുന്നു. അവന്‍ മോശെയോടു പറയുന്നു: ‘വേഗം താഴേക്കു ചെല്ലുക. ജനം വളരെ മോശമായി പ്രവര്‍ത്തിച്ചിരിക്കുന്നു. അവര്‍ എന്‍റെ നിയമങ്ങള്‍ മറന്നുകളഞ്ഞ് ഒരു സ്വര്‍ണക്കാളക്കുട്ടിക്കു മുമ്പില്‍ കുമ്പിടുകയാണ്‌.’

ആളുകള്‍ സ്വര്‍ണക്കാളക്കുട്ടിയെ ആരാധിക്കുന്നു

മോശെ തിടുക്കത്തില്‍ താഴേക്കു ചെല്ലുന്നു. അടുത്തു ചെല്ലുമ്പോള്‍ ഇതാണ്‌ അവന്‍ കാണുന്നത്‌: ജനം പാട്ടു പാടിക്കൊണ്ട് ഒരു സ്വര്‍ണക്കാളക്കുട്ടിക്കു ചുറ്റും നൃത്തം ചെയ്യുകയാണ്‌! മോശെക്കു ദേഷ്യം സഹിക്കാന്‍ കഴിയുന്നില്ല. അവന്‍ തന്‍റെ കൈയിലിരുന്ന, നിയമങ്ങള്‍ എഴുതിയ കല്‍പ്പലകകള്‍ വലിച്ചെറിയുന്നു. അതു രണ്ടും പൊട്ടിച്ചിതറുന്നു. പിന്നെ, മോശെ സ്വര്‍ണക്കാളക്കുട്ടിയെ ഉരുക്കുകയും സ്വര്‍ണം പൊടിക്കുകയും ചെയ്യുന്നു.

ആളുകള്‍ വളരെ മോശമായ ഒരു കാര്യമാണു ചെയ്‌തിരിക്കുന്നത്‌. അതുകൊണ്ട് ഇപ്പോള്‍ പുരുഷന്മാരില്‍ ചിലരോടു വാളെടുക്കാന്‍ മോശെ കല്‍പ്പിക്കുന്നു. ‘സ്വര്‍ണക്കാളക്കുട്ടിയെ ആരാധിച്ച ദുഷ്ടരായ ആളുകള്‍ മരിക്കണം’ എന്നു മോശെ പറയുന്നു. 3,000 ആളുകളാണ്‌ അന്നു കൊല്ലപ്പെട്ടത്‌! നാം യഹോവയെ മാത്രമേ ആരാധിക്കാവൂ എന്നും യാതൊരു വ്യാജദൈവത്തെയും ആരാധിക്കരുതെന്നും ഇതു നമ്മെ പഠിപ്പിക്കുന്നില്ലേ?

പുറപ്പാടു 32:1-35.ചോദ്യങ്ങള്‍

 • ചിത്രത്തില്‍, ആളുകള്‍ എന്തു ചെയ്യുന്നതായാണു കാണുന്നത്‌, അവര്‍ അങ്ങനെ ചെയ്യുന്നത്‌ എന്തുകൊണ്ട്?
 • യഹോവയ്‌ക്കു ദേഷ്യം വരാന്‍ കാരണമെന്ത്, ജനത്തിന്‍റെ പ്രവൃത്തി കാണുമ്പോള്‍ മോശെ എന്തു ചെയ്യുന്നു?
 • ജനത്തിലെ പുരുഷന്മാരില്‍ ചിലരോട്‌ എന്തു ചെയ്യാനാണ്‌ മോശെ പറയുന്നത്‌?
 • ഈ കഥ നമ്മെ എന്തു പാഠം പഠിപ്പിക്കേണ്ടതാണ്‌?

കൂടുതലായ ചോദ്യങ്ങള്‍

 • പുറപ്പാടു 32:1-35 വായിക്കുക.

  സത്യാരാധനയും വ്യാജാരാധനയും കൂട്ടിക്കലര്‍ത്തുന്നതു സംബന്ധിച്ച യഹോവയുടെ മനോഭാവത്തെ ഈ വിവരണം കാണിച്ചുതരുന്നത്‌ എങ്ങനെ? (പുറ. 32:4-6, 10; 1 കൊരി. 10:7, 11)

  സംഗീതവും നൃത്തവും പോലുള്ള വിനോദങ്ങള്‍ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച് ക്രിസ്‌ത്യാനികള്‍ എന്തു ശ്രദ്ധ ചെലുത്തണം? (പുറ. 32:18, 19; എഫെ. 5:15, 16; 1 യോഹ. 2:15-17)

  നീതിക്കുവേണ്ടി നിലകൊള്ളുന്നതില്‍ ലേവിഗോത്രം നല്ല ദൃഷ്ടാന്തം വെച്ചത്‌ എങ്ങനെ? (പുറ. 32:25-28; സങ്കീ. 18:25)