വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കഥ 35: യഹോവ തന്‍റെ നിയമങ്ങള്‍ നല്‍കുന്നു

കഥ 35: യഹോവ തന്‍റെ നിയമങ്ങള്‍ നല്‍കുന്നു

ഇസ്രായേല്യര്‍ ഈജിപ്‌തില്‍നിന്നു പുറപ്പെട്ടുപോന്ന് ഏകദേശം രണ്ടു മാസം കഴിഞ്ഞപ്പോള്‍ അവര്‍ സീനായി പര്‍വതത്തിന്‌ അടുത്ത്‌ എത്തി. ആ മലയ്‌ക്ക് ഹോരെബ്‌ എന്നും പേരുണ്ട്. കത്തുന്ന മുള്‍ച്ചെടിയില്‍നിന്ന് യഹോവ മോശെയോടു സംസാരിച്ചത്‌ ഓര്‍മയില്ലേ? അത്‌ ഇവിടെവെച്ചായിരുന്നു. ജനം ഇവിടെ കൂടാരമടിച്ച് കുറച്ചുകാലം തങ്ങുന്നു.

ജനത്തെ താഴെ നിറുത്തിയിട്ട് മോശെ മലമുകളിലേക്കു കയറിപ്പോകുന്നു. അവിടെവെച്ച് യഹോവ അവനോട്‌, ഇസ്രായേല്യര്‍ തന്നെ അനുസരിക്കാനും തന്‍റെ പ്രത്യേക ജനമായിരിക്കാനും താന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുന്നു. മോശെ താഴെവന്ന് യഹോവ പറഞ്ഞ കാര്യം ഇസ്രായേല്യരെ അറിയിക്കുന്നു. അതു കേട്ടപ്പോള്‍ തങ്ങള്‍ യഹോവയുടെ ജനമായിരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതുകൊണ്ട് അവനെ അനുസരിക്കാന്‍ സമ്മതമാണെന്നും അവര്‍ പറയുന്നു.

യഹോവ ഇപ്പോള്‍ ഒരു അസാധാരണ കാര്യം ചെയ്യുന്നു. പര്‍വതത്തിന്‍റെ മുകള്‍വശത്തുനിന്നു പുക ഉയരാനും ഉച്ചത്തിലുള്ള ഇടിമുഴക്കം ഉണ്ടാകാനും അവന്‍ ഇടയാക്കുന്നു. അവന്‍ ജനത്തോടു സംസാരിക്കുന്നു: ‘നിങ്ങളെ ഈജിപ്‌തില്‍നിന്നു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാന്‍ തന്നേ.’ തുടര്‍ന്ന് അവന്‍ ഇങ്ങനെ കല്‍പ്പിക്കുന്നു: ‘എന്നെയല്ലാതെ മറ്റൊരു ദൈവത്തെ നിങ്ങള്‍ ആരാധിക്കരുത്‌.’

രണ്ടു കല്‍പ്പലകകള്‍

കൂടുതലായ ഒമ്പതു കല്‍പ്പനകള്‍ അല്ലെങ്കില്‍ നിയമങ്ങള്‍കൂടെ ദൈവം ഇസ്രായേല്യര്‍ക്കു കൊടുക്കുന്നു. പക്ഷേ ആളുകള്‍ക്കു ഭയമായി. അവര്‍ മോശെയോടു പറയുന്നു: ‘ദൈവം ഞങ്ങളോടു സംസാരിച്ചിട്ട് ഞങ്ങള്‍ മരിക്കാതിരിക്കേണ്ടതിന്‌ നീ ഞങ്ങളോടു സംസാരിക്കേണമേ.’

പിന്നീട്‌ യഹോവ മോശെയോടു പറയുന്നു: ‘മല കയറി എന്‍റെയടുത്തേക്കു വരിക. ജനം അനുസരിക്കേണ്ട കല്‍പ്പനകള്‍ എഴുതിയ രണ്ടു കല്‍പ്പലകകള്‍ ഞാന്‍ നിനക്കു തരാം.’ അതുകൊണ്ട് മോശെ പിന്നെയും മലയിലേക്കു കയറിപ്പോകുന്നു. നാല്‍പ്പതു രാത്രിയും നാല്‍പ്പതു പകലും അവന്‍ അവിടെ കഴിയുന്നു.

ദൈവം തന്‍റെ ജനം അനുസരിക്കേണ്ട കുറെ കല്‍പ്പനകള്‍ നല്‍കുന്നു. മോശെ ഈ കല്‍പ്പനകള്‍ എല്ലാം എഴുതിയെടുക്കുന്നു. കൂടാതെ ദൈവം മോശെക്ക് ആ രണ്ടു കല്‍പ്പലകകളും കൊടുക്കുന്നു. അവയില്‍ ദൈവംതന്നെ, അവന്‍ ജനത്തോടു പറഞ്ഞ പത്തു നിയമങ്ങളും എഴുതിയിട്ടുണ്ടായിരുന്നു. അവ പത്തു കല്‍പ്പനകള്‍ എന്ന് അറിയപ്പെടുന്നു.

മോശെ സീനായ് പര്‍വതത്തില്‍

പത്തു കല്‍പ്പനകള്‍ പ്രധാനപ്പെട്ട നിയമങ്ങളാണ്‌. ദൈവം ഇസ്രായേല്യര്‍ക്കു കൊടുത്ത മറ്റു നിയമങ്ങളും അങ്ങനെതന്നെ. അവയിലൊരു നിയമം ഇതാണ്‌: ‘നിന്‍റെ ദൈവമായ യഹോവയെ നീ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടുംകൂടെ സ്‌നേഹിക്കേണം.’ മറ്റൊരു കല്‍പ്പന ഇതാണ്‌: ‘കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം.’ യഹോവ തന്‍റെ ജനമായ ഇസ്രായേല്യര്‍ക്കു കൊടുത്ത നിയമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ ഇവ രണ്ടും ആണെന്ന് ദൈവത്തിന്‍റെ പുത്രനായ യേശുക്രിസ്‌തു പറഞ്ഞു. ദൈവത്തിന്‍റെ പുത്രനെക്കുറിച്ചും അവന്‍ പഠിപ്പിച്ച കാര്യങ്ങളെക്കുറിച്ചും പലതും നമ്മള്‍ പിന്നീട്‌ പഠിക്കും.

പുറപ്പാടു 19:1-25; 20:1-21; 24:12-18; 31:18; ആവര്‍ത്തനപുസ്‌തകം 6:4-6; ലേവ്യപുസ്‌തകം 19:18; മത്തായി 22:36-40.ചോദ്യങ്ങള്‍

 • ഈജിപ്‌തുവിട്ട് ഏകദേശം രണ്ടു മാസത്തിനുശേഷം ഇസ്രായേല്യര്‍ എവിടെ കൂടാരമടിച്ച് തങ്ങുന്നു?
 • ജനം എന്തു ചെയ്യാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ്‌ യഹോവ പറയുന്നത്‌, അവരുടെ പ്രതികരണമെന്ത്?
 • യഹോവ മോശെക്കു രണ്ടു കല്‍പ്പലകകള്‍ നല്‍കുന്നത്‌ എന്തിന്‌?
 • പത്തു കല്‍പ്പനകള്‍ക്കു പുറമേ മറ്റെന്തു നിയമങ്ങള്‍കൂടെ യഹോവ ഇസ്രായേല്യര്‍ക്കു നല്‍കുന്നു?
 • ഏറ്റവും പ്രാധാന്യമുള്ളതെന്ന് യേശു പറഞ്ഞ രണ്ടു കല്‍പ്പനകള്‍ ഏവ?

കൂടുതലായ ചോദ്യങ്ങള്‍

 • പുറപ്പാടു 19:1-25; 20:1-21; 24:12-18; 31:18 വായിക്കുക.

  ക്രിസ്‌തീയ സമര്‍പ്പണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌ എന്താണെന്നു മനസ്സിലാക്കാന്‍ പുറപ്പാടു 19:8-ലെ വാക്കുകള്‍ നമ്മെ സഹായിക്കുന്നത്‌ എങ്ങനെ? (മത്താ. 16:24; 1 പത്രൊ. 4:1-3)

 • ആവര്‍ത്തനപുസ്‌തകം 6:4-6; ലേവ്യപുസ്‌തകം 19:18; മത്തായി 22:36-40 വായിക്കുക.

  ക്രിസ്‌ത്യാനികള്‍ ദൈവത്തോടും അയല്‍ക്കാരനോടുമുള്ള സ്‌നേഹം പ്രകടമാക്കുന്നത്‌ എങ്ങനെ? (മര്‍ക്കൊ. 6:34; പ്രവൃ. 4:20; റോമ. 15:2, NW)