വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 34: ഒരു പുതിയതരം ഭക്ഷണം

കഥ 34: ഒരു പുതിയതരം ഭക്ഷണം

ആളുകള്‍ നിലത്തുനിന്നു പെറുക്കിയെടുക്കുന്നത്‌ എന്താണെന്നു മനസ്സിലായോ? മഞ്ഞുപോലെയുണ്ടല്ലേ അതു കാണാന്‍? അതു വെളുത്തതാണ്‌, കനം കുറഞ്ഞതുമാണ്‌. എന്നാല്‍ അതു മഞ്ഞല്ല; തിന്നാനുള്ള എന്തോ ആണ്‌.

ഇസ്രായേല്യര്‍ മന്നാ പെറുക്കുന്നു

ഇസ്രായേല്യര്‍ ഈജിപ്‌തു വിട്ടിട്ട് ഏതാണ്ട് ഒരു മാസം ആയതേയുള്ളൂ. അവര്‍ മരുഭൂമിയിലാണ്‌. അവിടെ വളരെ കുറച്ചു ഭക്ഷ്യവസ്‌തുക്കള്‍ മാത്രമേ വളരുന്നുള്ളൂ. അതുകൊണ്ട് ജനം ഇങ്ങനെ പരാതി പറയുന്നു: ‘യഹോവ ഞങ്ങളെ ഈജിപ്‌തില്‍വെച്ചു കൊന്നിരുന്നെങ്കില്‍ നന്നായിരുന്നു. ഒന്നുമല്ലെങ്കിലും അവിടെ ഞങ്ങള്‍ക്കാവശ്യമുള്ള ആഹാരം ഉണ്ടായിരുന്നല്ലോ.’

അതുകൊണ്ട് യഹോവ പറയുന്നു: ‘ഞാന്‍ ആകാശത്തുനിന്ന് ആഹാരം വര്‍ഷിക്കാന്‍ പോകുകയാണ്‌.’ യഹോവ പറഞ്ഞതുപോലെതന്നെ ചെയ്യുന്നു. അടുത്ത ദിവസം രാവിലെ നിലത്തുവീണുകിടക്കുന്ന ഈ വെളുത്ത സാധനം കാണുമ്പോള്‍ ഇസ്രായേല്യര്‍ പരസ്‌പരം ചോദിക്കുന്നു, ‘ഇതെന്താണ്‌?’

മോശെ പറയുന്നു: ‘നിങ്ങള്‍ക്കു കഴിക്കാന്‍ യഹോവ തന്നിരിക്കുന്ന ആഹാരമാണിത്‌.’ ജനം അതിനെ മന്നാ എന്നു വിളിക്കുന്നു. അതിനു തേന്‍ ചേര്‍ത്തുണ്ടാക്കിയ കനംകുറഞ്ഞ ദോശയുടെ രുചിയാണ്‌.

‘ഓരോരുത്തര്‍ക്കും കഴിക്കാന്‍ പറ്റുന്നിടത്തോളം നിങ്ങള്‍ പെറുക്കണം’ എന്നു മോശെ ജനത്തോടു പറയുന്നു. അതുകൊണ്ട് ഓരോ ദിവസവും രാവിലെ അവര്‍ ഇതു ചെയ്യുന്നു. പിന്നീട്‌ വെയില്‍ മൂക്കുമ്പോള്‍ നിലത്തു ബാക്കിയുള്ള മന്നാ ഉരുകിപ്പോകുന്നു.

മോശെ ഇങ്ങനെയും പറയുന്നു: ‘ആരും മന്നായില്‍ ഒട്ടും അടുത്ത ദിവസത്തേക്കു സൂക്ഷിച്ചുവെക്കരുത്‌.’ എന്നാല്‍ ജനത്തില്‍ ചിലര്‍ അത്‌ അനുസരിക്കുന്നില്ല. അപ്പോള്‍ എന്തു സംഭവിക്കുന്നെന്നോ? അവര്‍ സൂക്ഷിച്ചുവെക്കുന്ന മന്നായില്‍ അടുത്ത ദിവസം രാവിലെ പുഴു നിറഞ്ഞിരിക്കുന്നു; അതില്‍നിന്നു വല്ലാത്ത നാറ്റവും വരുന്നു!

എന്നാല്‍ ആഴ്‌ചയിലെ ഒരു ദിവസം ഇരട്ടി മന്നാ ശേഖരിക്കണമെന്ന് യഹോവ ജനത്തോടു കല്‍പ്പിക്കുന്നു. അത്‌ ആറാം ദിവസമാണ്‌. അതില്‍ കുറെ പിറ്റെ ദിവസത്തേക്കു സൂക്ഷിച്ചുവെക്കണമെന്ന് യഹോവ പറയുന്നു; എന്തുകൊണ്ടെന്നാല്‍ ഏഴാം ദിവസം അവന്‍ അത്‌ ഒട്ടും വര്‍ഷിക്കുകയില്ല. അവര്‍ ഏഴാം ദിവസത്തേക്ക് മന്നാ സൂക്ഷിച്ചുവെക്കുമ്പോള്‍ അതില്‍ പുഴു നിറയുന്നില്ല, അതില്‍നിന്നു നാറ്റം വരുന്നതുമില്ല! ഇത്‌ മറ്റൊരു അത്ഭുതമാണ്‌!

ഇസ്രായേല്യര്‍ മരുഭൂമിയിലായിരുന്ന വര്‍ഷങ്ങളിലെല്ലാം യഹോവ അവര്‍ക്കു ഭക്ഷണമായി മന്നാ കൊടുക്കുന്നു.

പുറപ്പാടു 16:1-36; സംഖ്യാപുസ്‌തകം 11:7-9; യോശുവാ 5:10-12.ചോദ്യങ്ങള്‍

 • ചിത്രത്തില്‍, ആളുകള്‍ എന്തു പെറുക്കിയെടുക്കുന്നതാണു കാണുന്നത്‌, അതിന്‍റെ പേര്‌ എന്താണ്‌?
 • മന്നാ പെറുക്കിയെടുക്കുന്നതു സംബന്ധിച്ച് മോശെ ജനത്തിന്‌ എന്തു നിര്‍ദേശമാണു നല്‍കിയത്‌?
 • ആറാം ദിവസം എന്തു ചെയ്യണമെന്നാണ്‌ യഹോവ ജനത്തോടു പറയുന്നത്‌, എന്തുകൊണ്ട്?
 • ഏഴാം ദിവസത്തേക്കു മന്നാ സൂക്ഷിച്ചു വെക്കുമ്പോള്‍ യഹോവ എന്ത് അത്ഭുതമാണു പ്രവര്‍ത്തിക്കുന്നത്‌?
 • യഹോവ ജനത്തെ എത്ര കാലത്തോളം മന്നാകൊണ്ടു പോഷിപ്പിക്കുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • പുറപ്പാടു 16:1-36; സംഖ്യാപുസ്‌തകം 11:7-9 വായിക്കുക.

  ക്രിസ്‌തീയ സഭയിലെ ദിവ്യാധിപത്യ നിയമനങ്ങളെ നാം ആദരിക്കേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ച് പുറപ്പാടു 16:8 എന്താണു കാണിച്ചുതരുന്നത്‌? (എബ്രാ. 13:17)

  മരുഭൂമിയില്‍വെച്ച്, യഹോവയിലുള്ള ആശ്രയത്തെക്കുറിച്ച് ഇസ്രായേല്യര്‍ ദൈനംദിനം ഓര്‍മിപ്പിക്കപ്പെട്ടിരുന്നത്‌ എങ്ങനെ? (പുറ. 16:14-16, 35; ആവ. 8:2, 3)

  മന്നായ്‌ക്ക് എന്തു പ്രതീകാത്മക അര്‍ഥമാണ്‌ യേശു നല്‍കിയത്‌, ‘സ്വര്‍ഗത്തില്‍നിന്നുള്ള ഈ അപ്പത്താല്‍’ നാം എങ്ങനെ പ്രയോജനം നേടുന്നു? (യോഹ. 6:31-35, 40)

 • യോശുവ 5:10-12 വായിക്കുക.

  ഇസ്രായേല്യര്‍ എത്ര വര്‍ഷം മന്നാ ഭക്ഷിക്കുന്നു, ഇത്‌ അവരെ പരീക്ഷിക്കുന്നത്‌ എങ്ങനെ, ഈ വിവരണത്തില്‍നിന്ന് നമുക്ക് എന്തു പഠിക്കാന്‍ കഴിയും? (പുറ. 16:35; സംഖ്യാ. 11:4-6; 1 കൊരി. 10:10, 11)