വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 33: ചെങ്കടല്‍ കടക്കുന്നു

കഥ 33: ചെങ്കടല്‍ കടക്കുന്നു

എന്താണു സംഭവിക്കുന്നതെന്നു നോക്കൂ! തന്‍റെ വടി ചെങ്കടലിനു മുകളിലായി നീട്ടിപ്പിടിച്ചു നില്‍ക്കുന്നതു മോശെയാണ്‌. അവന്‍റെ കൂടെ കുഴപ്പമൊന്നും കൂടാതെ നില്‍ക്കുന്നത്‌ ഇസ്രായേല്യരും. എന്നാല്‍ ഫറവോനും അവന്‍റെ മുഴു സൈന്യവും കടലില്‍ മുങ്ങിമരിക്കുകയാണ്‌. ഇത്‌ എങ്ങനെ സംഭവിച്ചെന്നു നമുക്കു നോക്കാം.

ഈജിപ്തുകാരുടെ സൈന്യം മുങ്ങിമരിക്കുന്നു

നമ്മള്‍ കണ്ടുകഴിഞ്ഞതുപോലെ, ഈജിപ്‌തുകാരുടെമേല്‍ ദൈവം 10-ാമത്തെ ബാധ വരുത്തിയപ്പോള്‍ ഈജിപ്‌തുവിട്ടു പോകാന്‍ ഫറവോന്‍ ഇസ്രായേല്യരോടു പറഞ്ഞു. ഇസ്രായേല്യരായ ഏകദേശം 6,00,000 പുരുഷന്മാരും നിരവധി സ്‌ത്രീകളും കുട്ടികളും ഈജിപ്‌തു വിട്ടു. കൂടാതെ യഹോവയില്‍ വിശ്വസിച്ച മറ്റൊരു വലിയ ജനക്കൂട്ടവും ഇസ്രായേല്യരോടൊപ്പം അവിടെനിന്നും പോന്നു. അവരെല്ലാം തങ്ങളുടെ ചെമ്മരിയാടുകളെയും കോലാടുകളെയും കന്നുകാലികളെയും കൂടെ കൊണ്ടുപോന്നു.

പുറപ്പെടുന്നതിനു മുമ്പ് ഇസ്രായേല്യര്‍ ഈജിപ്‌തുകാരോടു തുണികളും സ്വര്‍ണംകൊണ്ടും വെള്ളികൊണ്ടും ഉണ്ടാക്കിയ സാധനങ്ങളും ചോദിച്ചു വാങ്ങി. ഇസ്രായേല്യര്‍ ചോദിച്ചതെല്ലാം അവര്‍ കൊടുത്തു. കാരണം അവസാനത്തെ ബാധയോടെ ഈജിപ്‌തുകാര്‍ വല്ലാതെ പേടിച്ചു പോയിരുന്നു.

പുറപ്പെട്ട് ഏതാനും ദിവസം കഴിഞ്ഞപ്പോള്‍ ഇസ്രായേല്യര്‍ ചെങ്കടലിന്‍റെ തീരത്തെത്തി. അവിടെയിരുന്ന് അവര്‍ തങ്ങളുടെ ക്ഷീണം മാറ്റി. ഇതിനിടയില്‍, ഇസ്രായേല്യരെ വിട്ടയച്ചല്ലോ എന്നോര്‍ത്ത്‌ ഫറവോനും അവന്‍റെ ആളുകള്‍ക്കും വിഷമം തോന്നാന്‍ തുടങ്ങി. ‘നമ്മള്‍ നമ്മുടെ അടിമകളെ വിട്ടയച്ചുകളഞ്ഞല്ലോ!’ എന്ന് അവര്‍ പറഞ്ഞു.

അതുകൊണ്ട് ഫറവോന്‍ പിന്നെയും തന്‍റെ മനസ്സുമാറ്റി. അവന്‍ പെട്ടെന്ന് തന്‍റെ യുദ്ധരഥം ഒരുക്കി, സൈന്യത്തെയും തയ്യാറാക്കി. എന്നിട്ട്, 600 പ്രത്യേക രഥങ്ങളും ഈജിപ്‌തിലെ മറ്റെല്ലാ രഥങ്ങളുമായി അവന്‍ ഇസ്രായേല്യരെ പിടിക്കാനായി പിന്നാലെ പാഞ്ഞു.

ഫറവോനും സൈന്യവും പുറകെ വരുന്നതു കണ്ടപ്പോള്‍ ഇസ്രായേല്യര്‍ പേടിച്ചു വിറച്ചു. ഓടിരക്ഷപ്പെടാന്‍ ഒരു വഴിയുമില്ലായിരുന്നു. ഒരു വശത്ത്‌ ചെങ്കടല്‍, മറുവശത്താണെങ്കില്‍ പാഞ്ഞടുക്കുന്ന ഈജിപ്‌തുകാരും. എന്നാല്‍ ആ സമയത്ത്‌ യഹോവ തന്‍റെ ജനത്തിനും ഈജിപ്‌തുകാര്‍ക്കും ഇടയില്‍ ഒരു മേഘം വരാന്‍ ഇടയാക്കി. അതിനാല്‍ ഇസ്രായേല്യരെ ആക്രമിക്കാന്‍ വന്ന ഈജിപ്‌തുകാര്‍ക്ക് അവരെ കാണാന്‍ കഴിഞ്ഞില്ല.

അപ്പോള്‍, ചെങ്കടലിനു നേരെ തന്‍റെ വടിനീട്ടാന്‍ യഹോവ മോശെയോടു പറഞ്ഞു. അവന്‍ അങ്ങനെ ചെയ്‌തപ്പോള്‍ അതിശക്തമായ ഒരു കിഴക്കന്‍കാറ്റ്‌ അടിക്കാന്‍ യഹോവ ഇടയാക്കി. കടലിലെ വെള്ളം രണ്ടു ഭാഗമായി പിരിഞ്ഞ് രണ്ടു വശത്തും മതില്‍പോലെ നിന്നു.

അപ്പോള്‍ ഇസ്രായേല്യര്‍ ഉണങ്ങിയ നിലത്തുകൂടെ മാര്‍ച്ചുചെയ്യാന്‍ തുടങ്ങി. ലക്ഷക്കണക്കിന്‌ ആളുകള്‍ തങ്ങളുടെ എല്ലാ മൃഗങ്ങളോടും കൂടെ കുഴപ്പമൊന്നും കൂടാതെ കടലിന്‍റെ അങ്ങേ കരയിലെത്താന്‍ മണിക്കൂറുകളെടുത്തു. ഒടുവില്‍ ഈജിപ്‌തുകാര്‍ക്ക് ഇസ്രായേല്യരെ വീണ്ടും കാണാന്‍ കഴിഞ്ഞു. അവരുടെ അടിമകള്‍ കടന്നുകളയുകയായിരുന്നു! അതിനാല്‍ ഈജിപ്‌തുകാര്‍ അവരുടെ പിന്നാലെ കടലിലേക്കു കുതിച്ചു.

അവര്‍ അങ്ങനെ ചെയ്‌തപ്പോള്‍ അവരുടെ രഥങ്ങളുടെ ചക്രങ്ങള്‍ ഊരിപ്പോകാന്‍ ദൈവം ഇടയാക്കി. ഈജിപ്‌തുകാര്‍ വല്ലാതെ പേടിച്ച്, ‘യഹോവ ഇസ്രായേല്യര്‍ക്കുവേണ്ടി നമ്മോടു യുദ്ധം ചെയ്യുകയാണ്‌, വരൂ നമുക്ക് ഇവിടെനിന്നും പുറത്തുകടക്കാം!’ എന്നു നിലവിളിച്ചു പറഞ്ഞു. പക്ഷേ അവര്‍ക്ക് രക്ഷപ്പെടാനുള്ള സമയം ഇല്ലായിരുന്നു.

കാരണം, അപ്പോഴാണ്‌ ഈ ചിത്രത്തില്‍ കാണുന്നതുപോലെ ചെങ്കടലിനുനേരെ തന്‍റെ വടിനീട്ടാന്‍ യഹോവ മോശെയോടു പറഞ്ഞത്‌. മോശെ അങ്ങനെ ചെയ്‌തപ്പോള്‍, മതിലുകള്‍ പോലെ നിന്ന വെള്ളം കൂടിച്ചേര്‍ന്ന് ഈജിപ്‌തുകാരെയും അവരുടെ രഥങ്ങളെയും മൂടി. സൈന്യം മുഴുവനും ഇസ്രായേല്യരുടെ പുറകെ കടലിലേക്കു പാഞ്ഞിരുന്നു. അതില്‍ ഒരാള്‍ പോലും ജീവനോടെ പുറത്തുവന്നില്ല!

തങ്ങള്‍ രക്ഷപ്പെട്ടതില്‍ ദൈവജനമെല്ലാം എത്ര സന്തുഷ്ടരായിരുന്നു! അവരുടെയിടയിലെ പുരുഷന്മാരെല്ലാം യഹോവയ്‌ക്കു നന്ദി പറഞ്ഞുകൊണ്ട് ഒരു പാട്ടുപാടി. അത്‌ ഇങ്ങനെയായിരുന്നു: ‘യഹോവ മഹത്തായ വിജയം നേടിയിരിക്കുന്നു. കുതിരകളെയും കുതിരക്കാരെയും അവന്‍ കടലില്‍ തള്ളിയിട്ടിരിക്കുന്നുവല്ലോ.’ മോശെയുടെ സഹോദരിയായ മിര്യാം തന്‍റെ തപ്പ് എടുത്തു കൊട്ടാന്‍ തുടങ്ങിയപ്പോള്‍ മറ്റു സ്‌ത്രീകളും അതുതന്നെ ചെയ്‌തു. സന്തോഷത്താല്‍ അവര്‍ നൃത്തംവെച്ചു, പുരുഷന്മാര്‍ പാടിക്കൊണ്ടിരുന്ന പാട്ടുതന്നെ അവരും ഏറ്റുപാടി: ‘യഹോവ മഹത്തായ വിജയം നേടിയിരിക്കുന്നു. കുതിരകളെയും കുതിരക്കാരെയും അവന്‍ കടലില്‍ തള്ളിയിട്ടിരിക്കുന്നുവല്ലോ.’

പുറപ്പാടു 12 മുതല്‍ 15 വരെ അധ്യായങ്ങള്‍.ചോദ്യങ്ങള്‍

 • എത്ര ഇസ്രായേല്യ പുരുഷന്മാരാണ്‌ സ്‌ത്രീകളോടും കുട്ടികളോടും കൂടെ ഈജിപ്‌തില്‍നിന്നു പുറപ്പെട്ടത്‌, അവരോടൊപ്പം മറ്റാരുംകൂടെ പോന്നു?
 • ഇസ്രായേല്യരെ വിട്ടയച്ചു കഴിഞ്ഞപ്പോള്‍ ഫറവോന്‌ എന്തു തോന്നി, അവന്‍ എന്തു ചെയ്‌തു?
 • തന്‍റെ ജനത്തെ ഈജിപ്‌തുകാര്‍ ആക്രമിക്കുന്നതു തടയാന്‍ യഹോവ എന്താണു ചെയ്‌തത്‌?
 • ചെങ്കടലിനു നേരെ മോശെ വടിനീട്ടിയപ്പോള്‍ എന്തു സംഭവിച്ചു, ഇസ്രായേല്യര്‍ എന്തു ചെയ്‌തു?
 • ഇസ്രായേല്യരുടെ പുറകേ കടലിലേക്കു കുതിച്ച ഈജിപ്‌തുകാര്‍ക്ക് എന്തു സംഭവിച്ചു?
 • രക്ഷപ്പെട്ടതില്‍ തങ്ങള്‍ സന്തുഷ്ടരും യഹോവയോടു നന്ദിയുള്ളവരുമാണെന്ന് ഇസ്രായേല്യര്‍ പ്രകടമാക്കിയത്‌ എങ്ങനെ?

കൂടുതലായ ചോദ്യങ്ങള്‍

 • പുറപ്പാടു 12:33-36 വായിക്കുക.

  വര്‍ഷങ്ങളോളം ഈജിപ്‌തുകാരുടെ അടിമത്തത്തിലായിരുന്ന തന്‍റെ ജനത്തിന്‌ അവരുടെ അധ്വാനഫലം ലഭിച്ചെന്ന് യഹോവ ഉറപ്പുവരുത്തിയത്‌ എങ്ങനെ? (പുറ. 3:21, 22; 12:35, 36)

 • പുറപ്പാടു 14:1-31 വായിക്കുക.

  പുറപ്പാടു 14:13, 14-ല്‍ രേഖപ്പെടുത്തിയിരിക്കുന്ന മോശെയുടെ വാക്കുകള്‍ അര്‍മഗെദോന്‍ യുദ്ധത്തിനു സാക്ഷ്യം വഹിക്കാനിരിക്കുന്ന യഹോവയുടെ ഇന്നത്തെ ദാസന്മാരെ എങ്ങനെ ബാധിക്കുന്നു? (2 ദിന. 20:17; സങ്കീ. 91:8)

 • പുറപ്പാടു 15:1-8, 20, 21 വായിക്കുക.

  യഹോവയുടെ ദാസന്മാര്‍ അവനു സ്‌തുതിഗീതങ്ങള്‍ പാടേണ്ടത്‌ എന്തുകൊണ്ട്? (പുറ. 15:1, 2; സങ്കീ. 105:2, 3; വെളി. 15:3, 4)

  യഹോവയെ സ്‌തുതിക്കുന്ന കാര്യത്തില്‍ ഇന്നത്തെ ക്രിസ്‌തീയ സ്‌ത്രീകള്‍ക്കായി മിര്യാമും മറ്റു സ്‌ത്രീകളും ചെങ്കടല്‍ക്കരയില്‍വെച്ച് എന്തു ദൃഷ്ടാന്തം വെച്ചു? (പുറ. 15:20, 21; സങ്കീ. 68:11)

കൂടുതല്‍ അറിയാന്‍

ബൈബിൾ ചിത്ര​ക​ഥ​കൾ

യഹോവ ഇസ്രാ​യേ​ല്യ​രെ രക്ഷിക്കു​ന്നു

ഈജി​പ്‌തു​കാ​രു​ടെ സൈന്യ​ത്തെ കണ്ട് ഭൂരി​ഭാ​ഗം ഇസ്രാ​യേ​ല്യ​രും പേടി​ച്ചു​വി​റ​ച്ച​പ്പോൾ മോശ പേടി​ക്കാ​തി​രു​ന്നത്‌ എന്തു​കൊണ്ട്?