വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 32: 10 ബാധകള്‍

കഥ 32: 10 ബാധകള്‍

ഈ ചിത്രങ്ങള്‍ നോക്കൂ. ഇവ ഓരോന്നും യഹോവ ഈജിപ്‌തിനുമേല്‍ വരുത്തിയ ബാധകളാണ്‌. ആദ്യത്തെ ചിത്രത്തില്‍ അഹരോന്‍ തന്‍റെ വടികൊണ്ട് നൈല്‍ നദിയെ അടിക്കുന്നതു കണ്ടോ? അവന്‍ അങ്ങനെ ചെയ്‌തപ്പോള്‍ നദിയിലെ വെള്ളം മുഴുവനും രക്തമായി മാറി. അതിലെ മീനെല്ലാം ചത്തുപോയി, നദി വല്ലാതെ നാറാനും തുടങ്ങി.

ഈജിപ്തിനുമേല്‍ വന്ന ബാധകള്‍

അടുത്തതായി, നൈല്‍ നദിയില്‍നിന്ന് തവളകള്‍ കയറിവരാന്‍ യഹോവ ഇടയാക്കി. അവ എല്ലായിടത്തും—അടുപ്പുകളിലും, അടുക്കളയിലെ പാത്രങ്ങളിലും, ആളുകളുടെ കട്ടിലുകളിലുമെല്ലാം—നിറഞ്ഞു. തവളകള്‍ ചത്തപ്പോള്‍ ഈജിപ്‌തുകാര്‍ അവയെ വലിയ കൂമ്പാരങ്ങളായി കൂട്ടി. ദേശത്തു മുഴുവനും വല്ലാത്ത നാറ്റമായി.

പിന്നെ, അഹരോന്‍ തന്‍റെ വടികൊണ്ട് നിലത്ത്‌ അടിച്ചു. അപ്പോള്‍ നിലത്തെ പൊടി പേനായിത്തീര്‍ന്നു. പറന്നുനടക്കുന്ന, കടിക്കുന്ന ഒരുതരം പേന്‍. ഇതാണ്‌ ഈജിപ്‌തു ദേശത്ത്‌ ഉണ്ടായ മൂന്നാമത്തെ ബാധ.

പിന്നെ ഉണ്ടായ ബാധകള്‍ ഈജിപ്‌തുകാരെ മാത്രമേ ബാധിച്ചുള്ളൂ, ഇസ്രായേല്യരെ ബാധിച്ചില്ല. വലിയ ഈച്ചകള്‍ ആയിരുന്നു അടുത്ത ബാധ. അവ ഈജിപ്‌തുകാരുടെയെല്ലാം വീടുകളിലേക്ക് ഒന്നടങ്കം ഇരച്ചുകയറി. അഞ്ചാമത്തെ ബാധ മൃഗങ്ങളുടെമേല്‍ ആയിരുന്നു. ഈജിപ്‌തുകാരുടെ കന്നുകാലികളും ചെമ്മരിയാടുകളും കോലാടുകളുമെല്ലാം കൂട്ടമായി ചത്തുവീഴാന്‍ തുടങ്ങി.

അടുത്തതായി, മോശെയും അഹരോനും കുറെ ചാരം എടുത്ത്‌ വായുവിലേക്ക് എറിഞ്ഞു. അപ്പോള്‍ മനുഷ്യരുടെയും മൃഗങ്ങളുടെയുംമേല്‍ വലിയ കുരുക്കള്‍ പൊങ്ങാന്‍ തുടങ്ങി. ഇതായിരുന്നു ആറാമത്തെ ബാധ.

അതുകഴിഞ്ഞ് മോശെ തന്‍റെ കൈ ആകാശത്തേക്ക് ഉയര്‍ത്തി, അപ്പോള്‍ യഹോവ ഇടിയും കന്മഴയും അയച്ചു. മഴ പോലെ ആകാശത്തുനിന്ന് ഐസ്‌ കട്ടകള്‍ പെയ്യുന്നതിനാണ്‌ കന്മഴ എന്നു പറയുന്നത്‌. ഈജിപ്‌ത്‌ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭയങ്കരമായ കന്മഴയായിരുന്നു അത്‌.

എട്ടാമത്തെ ബാധ വെട്ടുക്കിളികളുടെ ആക്രമണമായിരുന്നു. അതിനു മുമ്പോ പിമ്പോ അത്ര വലിയ ഒരു വെട്ടുക്കിളിപ്പട ഉണ്ടായിട്ടേയില്ല. കന്മഴയില്‍ നശിക്കാതെ ബാക്കിയുണ്ടായിരുന്നതെല്ലാം അവ തിന്നൊടുക്കി.

ഒമ്പതാമത്തെ ബാധയായി ദേശത്ത്‌ ഇരുട്ടു വ്യാപിച്ചു. മൂന്നു ദിവസം കൂരിരുട്ട് ദേശത്തെ മൂടി. എന്നാല്‍ ഇസ്രായേല്യര്‍ താമസിക്കുന്നിടങ്ങളില്‍ വെളിച്ചം ഉണ്ടായിരുന്നു.

അവസാനം, ദൈവം തന്‍റെ ജനത്തോട്‌ ഒരു കോലാട്ടിന്‍ കുട്ടിയുടെയോ ചെമ്മരിയാട്ടിന്‍ കുട്ടിയുടെയോ രക്തമെടുത്ത്‌ തങ്ങളുടെ വീട്ടുവാതിലിന്‍റെ കട്ടിളയിന്മേല്‍ തളിക്കാന്‍ പറഞ്ഞു. പിന്നെ, ദൈവത്തിന്‍റെ ദൂതന്‍ ഈജിപ്‌തിലൂടെ കടന്നുപോയി. ആട്ടിന്‍കുട്ടിയുടെ രക്തം കണ്ട വീടുകളിലുള്ള ആരെയും ദൂതന്‍ കൊന്നില്ല. എന്നാല്‍ അത്‌ ഇല്ലാതിരുന്ന എല്ലാ വീടുകളിലെയും മനുഷ്യന്‍റെയും മൃഗത്തിന്‍റെയും ആദ്യത്തെ കുട്ടിയെ ദൂതന്‍ കൊന്നുകളഞ്ഞു. ഇതായിരുന്നു പത്താമത്തെ ബാധ.

അവസാനത്തെ ഈ ബാധയ്‌ക്കുശേഷം ഫറവോന്‍ ഇസ്രായേല്യരോടു പൊയ്‌ക്കൊള്ളാന്‍ പറഞ്ഞു. ദൈവജനമെല്ലാം പോകാന്‍ തയ്യാറായി നിന്നിരുന്നു. ആ രാത്രിയില്‍ത്തന്നെ അവര്‍ ഈജിപ്‌തില്‍നിന്നുള്ള തങ്ങളുടെ യാത്ര തുടങ്ങി.

പുറപ്പാടു 7 മുതല്‍ 12 വരെ അധ്യായങ്ങള്‍.ചോദ്യങ്ങള്‍

 • ഇവിടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ നോക്കി, യഹോവ ഈജിപ്‌തിന്മേല്‍ വരുത്തിയ ആദ്യത്തെ മൂന്നു ബാധകളെക്കുറിച്ചു വിവരിക്കുക.
 • ആദ്യ മൂന്നു ബാധകളും മറ്റു ബാധകളും തമ്മില്‍ എന്തു വ്യത്യാസം ഉണ്ടായിരുന്നു?
 • നാലാമത്തെയും അഞ്ചാമത്തെയും ആറാമത്തെയും ബാധകള്‍ ഏതെല്ലാമായിരുന്നു?
 • ഏഴാമത്തെയും എട്ടാമത്തെയും ഒമ്പതാമത്തെയും ബാധകളെക്കുറിച്ചു വിവരിക്കുക.
 • പത്താമത്തെ ബാധയ്‌ക്കുമുമ്പ് എന്തു ചെയ്യാനാണ്‌ യഹോവ ഇസ്രായേല്യരോടു പറഞ്ഞത്‌?
 • പത്താമത്തെ ബാധ എന്തായിരുന്നു, അതിനുശേഷം എന്തു സംഭവിച്ചു?

കൂടുതലായ ചോദ്യങ്ങള്‍

 • പുറപ്പാടു 7:19-8:23 വായിക്കുക.

  യഹോവ വരുത്തിയ ആദ്യ രണ്ടു ബാധകള്‍ അനുകരിക്കാന്‍ ഫറവോന്‍റെ മന്ത്രവാദികള്‍ക്കും കഴിഞ്ഞെങ്കിലും മൂന്നാമത്തെ ബാധയെത്തുടര്‍ന്ന് അവര്‍ക്ക് എന്തു സമ്മതിക്കേണ്ടിവന്നു? (പുറ. 8:18, 19; മത്താ. 12:24-28)

  തന്‍റെ ജനത്തെ സംരക്ഷിക്കാനുള്ള യഹോവയുടെ പ്രാപ്‌തി നാലാമത്തെ ബാധയിലൂടെ പ്രകടമായത്‌ എങ്ങനെ? ഇത്‌ അറിയുന്നത്‌ ‘മഹോപദ്രവത്തെ’ നേരിടാനിരിക്കുന്ന ദൈവജനത്തെ എങ്ങനെ ശക്തീകരിക്കും? (പുറ. 8:22, 23; വെളി. 7:13, 14; 2 ദിന. 16:9)

 • പുറപ്പാടു 8:24; 9:3, 6, 10, 11, 14, 16, 23-25; 10:13-15, 21-23 വായിക്കുക.

  പത്തു ബാധകള്‍ ഏതു രണ്ടു കൂട്ടങ്ങള്‍ തമ്മിലുള്ള വ്യത്യാസം തുറന്നുകാട്ടി. ആ കൂട്ടങ്ങളെ നാം ഇന്നു വീക്ഷിക്കുന്നതിനെ ഇത്‌ എങ്ങനെ ബാധിക്കണം? (പുറ. 8:10, 18, 19; 9:14)

  സാത്താനെ ഇന്നുവരെ തുടരാന്‍ യഹോവ അനുവദിച്ചിരിക്കുന്നതിന്‍റെ കാരണം മനസ്സിലാക്കാന്‍ പുറപ്പാടു 9:16 നമ്മെ സഹായിക്കുന്നത്‌ എങ്ങനെ? (റോമ. 9:21, 22, 24)

 • പുറപ്പാടു 12:21-32 വായിക്കുക.

  പെസഹാ അനേകര്‍ക്കും രക്ഷ സാധ്യമാക്കിയത്‌ എങ്ങനെ, അത്‌ എന്തിലേക്കു വിരല്‍ചൂണ്ടി? (പുറ. 12:21-23; യോഹ. 1:29; റോമ. 5:18, 19, 21; 1 കൊരി. 5:7)