വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 31: മോശെയും അഹരോനും ഫറവോനെ ചെന്നുകാണുന്നു

കഥ 31: മോശെയും അഹരോനും ഫറവോനെ ചെന്നുകാണുന്നു

മോശെ ഈജിപ്‌തില്‍ തിരിച്ചെത്തിയപ്പോള്‍ അവന്‍ തന്‍റെ ജ്യേഷ്‌ഠനായ അഹരോനോട്‌ താന്‍ കണ്ട അത്ഭുതങ്ങളെക്കുറിച്ചെല്ലാം പറഞ്ഞു. മോശെയും അഹരോനും ഇസ്രായേല്യര്‍ക്ക് ഈ അത്ഭുതങ്ങള്‍ കാണിച്ചുകൊടുത്തപ്പോള്‍ യഹോവ അവരോടുകൂടെ ഉണ്ടെന്ന് അവര്‍ വിശ്വസിച്ചു.

പിന്നെ മോശെയും അഹരോനും ഫറവോനെ കാണാന്‍ പോയി. അവര്‍ ഫറവോനോടു പറഞ്ഞു: ‘ഇസ്രായേലിന്‍റെ ദൈവമായ യഹോവ ഇങ്ങനെ പറയുന്നു, “മരുഭൂമിയില്‍വെച്ച് എന്നെ ആരാധിക്കേണ്ടതിന്‌ എന്‍റെ ജനത്തെ മൂന്നു ദിവസത്തേക്കു വിട്ടയയ്‌ക്കേണം.”’ എന്നാല്‍ ഫറവോന്‍റെ മറുപടി എന്തായിരുന്നെന്നോ? അവന്‍ പറഞ്ഞു: ‘ഞാന്‍ യഹോവയില്‍ വിശ്വസിക്കുന്നില്ല, ഞാന്‍ ഇസ്രായേലിനെ വിട്ടയയ്‌ക്കാനും പോകുന്നില്ല.’

യഹോവയെ ആരാധിക്കാനായി തങ്ങളുടെ വേല നിറുത്തിയിട്ടു പോകാന്‍ ജനം ആഗ്രഹിച്ചതുകൊണ്ട് ഫറവോനു ദേഷ്യം വന്നു. അതുകൊണ്ട് അവന്‍ മുമ്പത്തേതിലും കൂടുതലായി അവരെക്കൊണ്ടു പണിയെടുപ്പിച്ചു. തങ്ങളുടെ കഷ്ടപ്പാട്‌ കൂടിയതായി കണ്ടപ്പോള്‍ ജനം മോശെയെ കുറ്റപ്പെടുത്താന്‍ തുടങ്ങി. അതുകേട്ട് മോശെക്ക് ആകെ സങ്കടമായി. എന്നാല്‍ വിഷമിക്കേണ്ടതില്ലെന്ന് യഹോവ മോശെയോടു പറഞ്ഞു. ‘ഫറവോന്‍ എന്‍റെ ജനത്തെ വിട്ടയയ്‌ക്കാന്‍ ഞാന്‍ ഇടയാക്കും,’ യഹോവ പറഞ്ഞു.

ഫറവോന്‍റെ മുമ്പില്‍ നില്‍ക്കുന്ന മോശെയും അഹരോനും

മോശെയും അഹരോനും പിന്നെയും ഫറവോനെ കാണാന്‍ പോയി. ഇത്തവണ അവര്‍ ഒരു അത്ഭുതം കാണിച്ചു. അഹരോന്‍ തന്‍റെ വടി നിലത്തിട്ടു, അത്‌ ഒരു വലിയ പാമ്പ് ആയി മാറി. എന്നാല്‍ ഫറവോന്‍റെ മന്ത്രവാദികളും വടികള്‍ നിലത്തിട്ടു, അവയും പാമ്പുകള്‍ ആയി മാറി. എന്നാല്‍ അതാ നോക്കൂ, അഹരോന്‍റെ പാമ്പ് മന്ത്രവാദികളുടെ പാമ്പുകളെ വിഴുങ്ങിക്കളയുകയാണല്ലോ! എന്നിട്ടും ഫറവോന്‍ ഇസ്രായേല്യരെ വിട്ടയയ്‌ക്കുന്നില്ല.

അങ്ങനെ, ഫറവോനെ ഒരു പാഠം പഠിപ്പിക്കാനുള്ള യഹോവയുടെ സമയം വന്നു. ദൈവം അത്‌ എങ്ങനെയാണു ചെയ്‌തതെന്നോ? ഈജിപ്‌തില്‍ 10 ബാധകള്‍ അല്ലെങ്കില്‍ വലിയ കഷ്ടങ്ങള്‍ വരുത്തിക്കൊണ്ടാണ്‌ അവന്‍ അതു ചെയ്‌തത്‌.

പല ബാധകള്‍ ഉണ്ടാകുമ്പോഴും ഫറവോന്‍ ആളയച്ചു മോശെയെ വിളിപ്പിച്ച് പറയുന്നു: ‘ഈ ബാധ നിറുത്തൂ, ഞാന്‍ ഇസ്രായേലിനെ വിട്ടയയ്‌ക്കാം.’ എന്നാല്‍ ബാധ നില്‍ക്കുമ്പോള്‍ ഫറവോന്‍ തന്‍റെ മനസ്സു മാറ്റും. അവന്‍ ജനത്തെ പോകാന്‍ അനുവദിക്കുകയില്ല. എന്നാല്‍ ഒടുവില്‍, പത്താമത്തെ ബാധയ്‌ക്കു ശേഷം ഫറവോന്‍ ഇസ്രായേല്യരെ വിട്ടയയ്‌ക്കുന്നു.

എന്നാല്‍ ഏതെല്ലാമായിരുന്നു ആ 10 ബാധകള്‍? നമുക്ക് അവയെക്കുറിച്ചു പഠിക്കാം.

പുറപ്പാടു 4:27-31; 5:1-23; 6:1-13, 26-30; 7:1-13.ചോദ്യങ്ങള്‍

 • മോശെയും അഹരോനും കാണിച്ച അത്ഭുതങ്ങള്‍ക്ക് ഇസ്രായേല്യരുടെമേല്‍ എന്തു ഫലമുണ്ടായി?
 • മോശെയും അഹരോനും ഫറവോനോട്‌ എന്തു പറഞ്ഞു, ഫറവോന്‍റെ മറുപടി എന്തായിരുന്നു?
 • ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ, അഹരോന്‍ തന്‍റെ വടി നിലത്തിട്ടപ്പോള്‍ എന്തു സംഭവിച്ചു?
 • യഹോവ ഫറവോനെ ഒരു പാഠം പഠിപ്പിച്ചത്‌ എങ്ങനെ, ഫറവോന്‍ എങ്ങനെ പ്രതികരിച്ചു?
 • പത്താമത്തെ ബാധയ്‌ക്കു ശേഷം എന്തു സംഭവിച്ചു?

കൂടുതലായ ചോദ്യങ്ങള്‍

 • പുറപ്പാടു 4:27-31; 5:1-23 വായിക്കുക.

  “ഞാന്‍ യഹോവയെ അറികയില്ല” എന്നു ഫറവോന്‍ പറഞ്ഞപ്പോള്‍ അവന്‍ എന്താണ്‌ അര്‍ഥമാക്കിയത്‌? (പുറ. 5:2; 1 ശമൂ. 2:12; റോമ. 1:21)

 • പുറപ്പാടു 6:1-13, 26-30 വായിക്കുക.

  അബ്രാഹാമിനും, യിസ്‌ഹാക്കിനും, യാക്കോബിനും യഹോവ തന്നെത്തന്നെ വെളിപ്പെടുത്താതിരുന്നത്‌ ഏത്‌ അര്‍ഥത്തിലാണ്‌? (പുറ. 3:13, 14; 6:3; ഉല്‌പ. 12:8)

  തനിക്കു നിയോഗിച്ചുതന്ന നിയമനം നിര്‍വഹിക്കാന്‍ താന്‍ അപ്രാപ്‌തനാണെന്നു മോശെക്കു തോന്നിയെങ്കിലും യഹോവ മോശെയെത്തന്നെ ഉപയോഗിച്ചുവെന്നറിയുന്നത്‌ നമ്മെ എങ്ങനെ ബാധിക്കുന്നു? (പുറ. 6:12, 30; ലൂക്കൊ. 21:13-15)

 • പുറപ്പാടു 7:1-13 വായിക്കുക.

  ഫറവോനോട്‌ യഹോവയുടെ ന്യായവിധികള്‍ ധൈര്യത്തോടെ ഘോഷിച്ചുകൊണ്ടു മോശെയും അഹരോനും യഹോവയുടെ ഇന്നത്തെ ദാസന്മാര്‍ക്ക് എന്തു മാതൃകയാണു വെച്ചത്‌? (പുറ. 7:2, 3, 6; പ്രവൃ. 4:29-31)

  യഹോവ താന്‍ ഈജിപ്‌തിലെ ദൈവങ്ങളെക്കാള്‍ ശക്തനാണെന്നു തെളിയിച്ചത്‌ എങ്ങനെ? (പുറ. 7:12; 1 ദിന. 29:12)