മോശെ തന്‍റെ ആടുകള്‍ക്കു തീറ്റിയന്വേഷിച്ചു നടന്നു നടന്ന് ഹോരേബ്‌ മലയില്‍ എത്തി. അപ്പോള്‍ അതാ, ഒരു മുള്‍ച്ചെടിക്കു തീപിടിച്ചിരിക്കുന്നു, പക്ഷേ അതു കരിഞ്ഞുപോകുന്നില്ല!

കത്തുന്ന മുള്‍ച്ചെടിക്കരികെ മോശെ

‘ഇതെന്ത് അത്ഭുതമാണ്‌? ഒന്ന് അടുത്തു ചെന്നു നോക്കിയിട്ടു വരാം’ എന്ന് ഓര്‍ത്തു മോശെ അടുത്തു ചെന്നപ്പോള്‍ ആ ചെടിയില്‍നിന്നും ഒരു ശബ്ദം ഇങ്ങനെ പറഞ്ഞു. ‘ഇങ്ങോട്ട് അടുത്തു വരരുത്‌. നിന്‍റെ ചെരിപ്പഴിക്കുക, കാരണം നീ നില്‍ക്കുന്ന സ്ഥലം വിശുദ്ധമാകുന്നു.’ അത്‌ ദൈവം തന്‍റെ ദൂതന്‍ മുഖാന്തരം സംസാരിച്ചതായിരുന്നു, അതുകൊണ്ട് മോശെ തന്‍റെ മുഖം മൂടി.

അപ്പോള്‍ ദൈവം പറഞ്ഞു: ‘ഈജിപ്‌തിലുള്ള എന്‍റെ ജനത്തിന്‍റെ കഷ്ടത ഞാന്‍ കണ്ടിരിക്കുന്നു. ഞാന്‍ അവരെ അവിടെനിന്നു രക്ഷപ്പെടുത്താന്‍ പോകുകയാണ്‌. എന്‍റെ ജനത്തെ ഈജിപ്‌തില്‍നിന്നു പുറത്തു കൊണ്ടുവരുന്നതിനായി ഞാന്‍ അയയ്‌ക്കുന്നതു നിന്നെയാണ്‌.’ യഹോവ തന്‍റെ ജനത്തെ സുന്ദരമായ കനാന്‍ദേശത്തേക്കു കൊണ്ടുവരാന്‍ പോകുകയായിരുന്നു.

എന്നാല്‍ മോശെ ഇങ്ങനെ പറഞ്ഞു: ‘അതിനു ഞാന്‍ ആരുമല്ലല്ലോ. എനിക്കിത്‌ എങ്ങനെ കഴിയും? ഇനി ഞാന്‍ അവിടെ ചെല്ലുകയാണെങ്കില്‍ത്തന്നെ ഇസ്രായേല്യര്‍ എന്നോട്‌ ചോദിക്കും, “ആരാണു നിന്നെ അയച്ചത്‌?” എന്ന്, അപ്പോള്‍ ഞാന്‍ എന്ത് ഉത്തരം പറയും?’

അപ്പോള്‍ ‘നീ ഇങ്ങനെ പറയണം,’ ദൈവം പറഞ്ഞു: ‘അബ്രാഹാമിന്‍റെയും യിസ്‌ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു.’ എന്നിട്ട് യഹോവ ഇങ്ങനെയും പറഞ്ഞു: ‘ഇതാണ്‌ എന്നേക്കും എന്‍റെ നാമം.’

‘പക്ഷേ നീ എന്നെ അയച്ചു എന്ന കാര്യം അവര്‍ വിശ്വസിക്കുന്നില്ലെങ്കിലോ,’ മോശെ പറഞ്ഞു.

‘നിന്‍റെ കൈയിലെന്താണ്‌?’ ദൈവം ചോദിച്ചു.

‘ഒരു വടി,’ മോശെ മറുപടി നല്‍കി.

‘അതു നിലത്തിടുക,’ ദൈവം പറഞ്ഞു. മോശെ അങ്ങനെ ചെയ്‌തപ്പോള്‍ ആ വടി ഒരു പാമ്പ് ആയി മാറി. പിന്നെ യഹോവ മോശെയെ മറ്റൊരു അത്ഭുതം കാണിച്ചു. അവന്‍ പറഞ്ഞു: ‘നിന്‍റെ കൈ നിന്‍റെ ഉടുപ്പിനുള്ളില്‍ ഇടുക.’ മോശെ തന്‍റെ കൈ ഉടുപ്പിനുള്ളില്‍ ഇട്ടിട്ട് പുറത്തെടുത്തപ്പോള്‍ അതു മഞ്ഞുപോലെ വെളുത്തിരുന്നു! അതു കണ്ടാല്‍ കുഷ്‌ഠം എന്നു പേരുള്ള മഹാരോഗം പിടിപെട്ടതുപോലെ ഉണ്ടായിരുന്നു. അടുത്തതായി യഹോവ മോശെക്ക് മൂന്നാമതൊരു അത്ഭുതം കാണിക്കാനുള്ള ശക്തികൂടെ നല്‍കി. അവസാനം ദൈവം ഇങ്ങനെ പറഞ്ഞു: ‘നീ ഇസ്രായേല്യരുടെ മുമ്പാകെ ഈ അത്ഭുതങ്ങള്‍ എല്ലാം കാണിക്കുമ്പോള്‍ ഞാന്‍ നിന്നെ അയച്ചിരിക്കുന്നുവെന്ന് അവര്‍ വിശ്വസിക്കും.’

അതിനുശേഷം മോശെ വീട്ടില്‍ചെന്ന് യിത്രോയോട്‌ ‘ഈജിപ്‌തിലുള്ള എന്‍റെ ബന്ധുക്കള്‍ സുഖമായിരിക്കുന്നുവോ എന്ന് ഞാനൊന്നു പോയി നോക്കട്ടെ’ എന്നു പറഞ്ഞു. അങ്ങനെ യിത്രോ മോശെയെ യാത്രയാക്കി. മോശെ തിരിച്ച് ഈജിപ്‌തിലേക്കുള്ള യാത്ര തുടങ്ങി.

പുറപ്പാടു 3:1-22; 4:1-20.ചോദ്യങ്ങള്‍

 • ചിത്രത്തില്‍ കാണുന്ന മലയുടെ പേരെന്താണ്‌?
 • മോശെ തന്‍റെ ആടുകളുമായി മലയില്‍ കയറിച്ചെന്നപ്പോള്‍ കണ്ട അസാധാരണ കാഴ്‌ചയെക്കുറിച്ചു വിവരിക്കുക.
 • കത്തിജ്ജ്വലിക്കുന്ന മുള്‍ച്ചെടിയില്‍നിന്നു കേട്ട ശബ്ദം എന്താണു പറഞ്ഞത്‌, അത്‌ ആരുടെ ശബ്ദമായിരുന്നു?
 • തന്‍റെ ജനത്തെ ഈജിപ്‌തില്‍നിന്നും പുറത്തു കൊണ്ടുവരുന്നത്‌ മോശെയായിരിക്കും എന്നു ദൈവം പറഞ്ഞപ്പോള്‍ അവന്‍റെ മറുപടി എന്തായിരുന്നു?
 • ആരാണു തന്നെ അയച്ചതെന്നു ജനം ചോദിക്കുമ്പോള്‍ എന്തു മറുപടി നല്‍കണമെന്നാണു ദൈവം മോശെയോടു പറഞ്ഞത്‌?
 • ദൈവമാണു മോശെയെ അയച്ചത്‌ എന്ന് അവന്‌ എങ്ങനെ തെളിയിക്കാന്‍ കഴിയുമായിരുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • പുറപ്പാടു 3:1-22 വായിക്കുക.

  ഒരു ദിവ്യാധിപത്യ നിയമനം നിറവേറ്റാന്‍ നാം യോഗ്യരല്ലെന്നു നമുക്കു തോന്നുന്നെങ്കിലും യഹോവ നമ്മെ പിന്തുണയ്‌ക്കും എന്നതിന്‌ മോശെയുടെ അനുഭവം നമുക്ക് ഉറപ്പു നല്‍കുന്നത്‌ എങ്ങനെ? (പുറ. 3:11, 13; 2 കൊരി. 3:5, 6)

 • പുറപ്പാടു 4:1-20 വായിക്കുക.

  മോശെ മിദ്യാനില്‍ ചെലവഴിച്ച 40 വര്‍ഷംകൊണ്ട് അവന്‍റെ മനോഭാവത്തിന്‌ എന്തു മാറ്റമാണു വന്നത്‌, സഭയില്‍ പദവികള്‍ എത്തിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതില്‍നിന്ന് എന്തു പാഠം ഉള്‍ക്കൊള്ളാന്‍ കഴിയും? (പുറ. 2:11, 12; 4:10, 13; മീഖാ 6:8; 1 തിമൊ. 3:1, 6, 10)

  തന്‍റെ സംഘടന മുഖേന യഹോവ നമുക്കു ശിക്ഷണം നല്‍കിയാലും മോശെയുടെ അനുഭവം നമുക്ക് എന്ത് ഉറപ്പു നല്‍കുന്നു? (പുറ. 4:12-14; സങ്കീ. 103:14; എബ്രാ. 12:4-11)