വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 29: മോശെ ഓടിപ്പോയതിന്‍റെ കാരണം

കഥ 29: മോശെ ഓടിപ്പോയതിന്‍റെ കാരണം

നോക്കൂ, മോശെ ഇപ്പോള്‍ ഈജിപ്‌തില്‍നിന്ന് ഓടിപ്പോകുകയാണ്‌. അവനെ പിടിക്കാനായി പുറകെ ഓടുന്ന ആ ആളുകളെ കണ്ടോ? അവര്‍ എന്തിനാണ്‌ മോശെയെ കൊല്ലാന്‍ ആഗ്രഹിക്കുന്നതെന്ന് അറിയാമോ? നമുക്കു നോക്കാം.

ഈജിപ്തില്‍നിന്ന് ഓടിപ്പോകുന്ന മോശെ

ഈജിപ്‌തിലെ രാജാവായ ഫറവോന്‍റെ കൊട്ടാരത്തിലാണു മോശെ വളര്‍ന്നത്‌. അവന്‍ വളരെ ബുദ്ധിമാനും മഹാനും ആയിത്തീര്‍ന്നു. താന്‍ ഒരു ഈജിപ്‌തുകാരന്‍ അല്ലെന്നും തന്‍റെ മാതാപിതാക്കള്‍ ഇസ്രായേല്യ അടിമകളാണെന്നും മോശെക്ക് അറിയാമായിരുന്നു.

ഒരു ദിവസം, തന്‍റെ ജനം എങ്ങനെയിരിക്കുന്നു എന്നു പോയി നോക്കുവാന്‍ മോശെ തീരുമാനിച്ചു. അവന്‌ അപ്പോള്‍ 40 വയസ്സായിരുന്നു. മോശെയുടെ ജനത്തോട്‌ അതിക്രൂരമായിട്ടായിരുന്നു ഈജിപ്‌തുകാര്‍ ഇടപെട്ടിരുന്നത്‌. ഒരു ഇസ്രായേല്യ അടിമയെ ഒരു ഈജിപ്‌തുകാരന്‍ അടിക്കുന്നത്‌ മോശെ കണ്ടു. അവന്‍ ചുറ്റും നോക്കി, ആരും കാണുന്നില്ലെന്ന് ഉറപ്പായപ്പോള്‍ അവന്‍ ആ ഈജിപ്‌തുകാരനെ അടിച്ചുകൊന്നു. എന്നിട്ട് ശവം മണലില്‍ മറവുചെയ്‌തു.

അടുത്ത ദിവസവും മോശെ തന്‍റെ ജനത്തെ കാണാന്‍ പോയി. അടിമത്തത്തില്‍നിന്ന് അവരെ രക്ഷിക്കാന്‍ തനിക്കു കഴിയുമെന്ന് അവന്‍ വിചാരിച്ചു. അപ്പോള്‍ രണ്ട് ഇസ്രായേല്യര്‍ തമ്മില്‍ വഴക്കടിക്കുന്നത്‌ അവന്‍ കണ്ടു. മോശെ അടുത്തു ചെന്ന് തെറ്റു ചെയ്‌ത ആളോടു ചോദിച്ചു: ‘നീ എന്തിനാണ്‌ നിന്‍റെ കൂട്ടുകാരനെ തല്ലുന്നത്‌?’

അപ്പോള്‍ അയാള്‍ മോശെയോടു ചോദിച്ചു: ‘നിന്നെ ഞങ്ങള്‍ക്കു രാജാവും ന്യായാധിപതിയും ആക്കിയത്‌ ആരാണ്‌? ആ ഈജിപ്‌തുകാരനെ കൊന്നതുപോലെ എന്നെയും കൊല്ലാന്‍ നോക്കുകയാണോ?’

ഇതു കേട്ടപ്പോള്‍ മോശെക്കു പേടിയായി. ഈജിപ്‌തുകാരനെ കൊന്നത്‌ ആളുകള്‍ അറിഞ്ഞിരിക്കുന്നു എന്ന് അവനു മനസ്സിലായി. ഫറവോന്‍ ഇതുകേട്ടപ്പോള്‍ മോശെയെ കൊല്ലാന്‍ ആളുകളെ അയച്ചു. അതുകൊണ്ടാണ്‌ അവന്‌ ഈജിപ്‌തില്‍നിന്ന് ഓടിപ്പോകേണ്ടിവന്നത്‌.

മോശെ ഈജിപ്‌തില്‍നിന്ന് ദൂരെയുള്ള മിദ്യാനിലേക്കാണു പോയത്‌. അവിടെ അവന്‍ യിത്രോ എന്ന ഒരാളുടെ കുടുംബത്തെ കണ്ടുമുട്ടി, യിത്രോയുടെ പെണ്‍മക്കളില്‍ ഒരാളായ സിപ്പോറയെ വിവാഹം കഴിച്ചു. മോശെ ഒരു ഇടയനായി യിത്രോയുടെ ആടുകളെ മേയ്‌ച്ചുപോന്നു. 40 വര്‍ഷം അവന്‍ മിദ്യാന്യ ദേശത്തു താമസിച്ചു. അവന്‌ ഇപ്പോള്‍ 80 വയസ്സായി. ഒരു ദിവസം മോശെ യിത്രോയുടെ ആടുകളെ മേയ്‌ച്ചുകൊണ്ടിരിക്കെ അവന്‍റെ ജീവിതം അപ്പാടെ മാറ്റിമറിച്ച അത്ഭുതകരമായ ഒരു സംഗതി സംഭവിച്ചു. അത്ഭുതകരമായ ആ സംഗതി എന്തായിരുന്നെന്നു നമുക്കു നോക്കാം.

പുറപ്പാടു 2:11-25; പ്രവൃത്തികള്‍ 7:22-29.ചോദ്യങ്ങള്‍

 • മോശെ വളര്‍ന്നത്‌ എവിടെയായിരുന്നു, അവനു തന്‍റെ മാതാപിതാക്കളെക്കുറിച്ച് എന്ത് അറിയാമായിരുന്നു?
 • മോശെക്ക് 40 വയസ്സ് ഉണ്ടായിരുന്നപ്പോള്‍ അവന്‍ എന്തു ചെയ്‌തു?
 • വഴക്കുണ്ടാക്കിയ ഒരു ഇസ്രായേല്യനോട്‌ മോശെ എന്താണു പറഞ്ഞത്‌, അതിന്‌ അയാള്‍ എന്തു മറുപടി നല്‍കി?
 • മോശെ ഈജിപ്‌തില്‍നിന്ന് ഓടിപ്പോയത്‌ എന്തുകൊണ്ടാണ്‌?
 • മോശെ എവിടേക്കാണ്‌ ഓടിപ്പോയത്‌, അവന്‍ അവിടെ ആരെ കണ്ടുമുട്ടി?
 • ഈജിപ്‌തില്‍നിന്ന് ഓടിപ്പോയതിനു ശേഷമുള്ള 40 വര്‍ഷം അവന്‍ എന്തു ചെയ്‌തു?

കൂടുതലായ ചോദ്യങ്ങള്‍

 • പുറപ്പാടു 2:11-25 വായിക്കുക.

  മോശെക്ക് ഈജിപ്‌തുകാരുടെ ജ്ഞാനപ്രകാരമുള്ള വിദ്യാഭ്യാസം വര്‍ഷങ്ങളോളം ലഭിച്ചിരുന്നെങ്കിലും യഹോവയോടും അവന്‍റെ ജനത്തോടുമുള്ള തന്‍റെ വിശ്വസ്‌തത മോശെ എങ്ങനെയാണു പ്രകടമാക്കിയത്‌? (പുറ. 2:11, 12; എബ്രാ. 11:24)

 • പ്രവൃത്തികള്‍ 7:22-29 വായിക്കുക.

  ഇസ്രായേല്യരെ ഈജിപ്‌തിന്‍റെ അടിമത്തത്തില്‍നിന്നു വിടുവിക്കാനുള്ള മോശെയുടെ സ്വന്തം ശ്രമത്തില്‍നിന്ന് നമുക്ക് എന്തു പാഠം ഉള്‍ക്കൊള്ളാന്‍ കഴിയും? (പ്രവൃ. 7:23-25; 1 പത്രൊ. 5:6, 10)