വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 28: ശിശുവായ മോശെ സംരക്ഷിക്കപ്പെട്ട വിധം

കഥ 28: ശിശുവായ മോശെ സംരക്ഷിക്കപ്പെട്ട വിധം

ഈ കുഞ്ഞ് കരയുന്നതു കണ്ടോ, അവന്‍ അടുത്തുനില്‍ക്കുന്ന ആ രാജകുമാരിയുടെ കൈവിരലില്‍ പിടിച്ചിട്ടുമുണ്ട്. ഇതു മോശെയാണ്‌. സുന്ദരിയായ ഈ രാജകുമാരി ആരാണെന്നോ? അവള്‍ ഈജിപ്‌തിലെ ഫറവോന്‍റെ സ്വന്തം മകളാണ്‌.

ഫറവോന്‍റെ മകള്‍ മോശെയെ കാണുന്നു

ഈജിപ്‌തുകാര്‍ കുഞ്ഞിനെ കൊന്നുകളയാതിരിക്കാന്‍ വേണ്ടി മോശെയുടെ അമ്മ അവനു മൂന്നുമാസം പ്രായമാകുന്നതുവരെ അവനെ ഒളിപ്പിച്ചുവെച്ചു. എന്നാല്‍ അവര്‍ അവനെ കണ്ടുപിടിച്ചേക്കും എന്ന് അവള്‍ക്ക് അറിയാമായിരുന്നു, അതുകൊണ്ട് കുഞ്ഞിനെ രക്ഷിക്കാന്‍ അവള്‍ എന്തു ചെയ്‌തെന്നോ?

അവള്‍ ഒരു കുട്ടയെടുത്ത്‌ അതു വെള്ളം കയറാത്തവിധം ഭദ്രമാക്കി. എന്നിട്ട് മോശെയെ അതില്‍ കിടത്തി നൈല്‍നദിക്കരയില്‍ വളരെ ഉയരത്തില്‍ വളരുന്ന പുല്ലിനിടയില്‍ കൊണ്ടുപോയിവെച്ചു. എന്നിട്ട്, കുഞ്ഞിന്‌ എന്തു സംഭവിക്കുന്നുവെന്നറിയാന്‍ അവിടെ അടുത്തുതന്നെ നില്‍ക്കണമെന്ന് മോശെയുടെ പെങ്ങളായ മിര്യാമിനെ പറഞ്ഞ് ഏല്‍പ്പിച്ചു.

കുറച്ചു കഴിഞ്ഞപ്പോള്‍, ഫറവോന്‍റെ മകള്‍ നൈല്‍നദിയില്‍ കുളിക്കാന്‍ വന്നു. അപ്പോള്‍ പുല്ലിനിടയില്‍ ഇരിക്കുന്ന കുട്ട അവള്‍ കണ്ടു. അവള്‍ തന്‍റെ ദാസിമാരില്‍ ഒരുവളോട്‌, ‘പോയി ആ കുട്ട എടുത്തുകൊണ്ടു വരൂ’ എന്നു പറഞ്ഞു. രാജകുമാരി ആ കുട്ട തുറന്നപ്പോള്‍, അതിനകത്ത്‌ അതാ ഓമനത്തം തുളുമ്പുന്ന ഒരു കുഞ്ഞ്! അവന്‍ കരയുകയായിരുന്നു, രാജകുമാരിക്ക് അവനോടു പാവംതോന്നി. ആരും അവനെ കൊന്നുകളയാന്‍ അവള്‍ ആഗ്രഹിച്ചില്ല.

അപ്പോള്‍ മിര്യാം അവിടേക്കു വന്നു. ഈ ചിത്രത്തില്‍ അവളെ കണ്ടോ? മിര്യാം രാജകുമാരിയോട്‌ ഇങ്ങനെ ചോദിച്ചു: ‘ഈ കുഞ്ഞിനു മുലകൊടുക്കാന്‍ ഞാന്‍ പോയി ഒരു ഇസ്രായേല്‍ക്കാരിയെ വിളിച്ചുകൊണ്ടുവരട്ടെ?’

‘ശരി പോയി കൊണ്ടുവരൂ,’ രാജകുമാരി പറഞ്ഞു.

ഉടനെതന്നെ മിര്യാം തന്‍റെ അമ്മയോട്‌ ഇക്കാര്യം പറയാന്‍ ഓടി. മോശെയുടെ അമ്മ വന്നപ്പോള്‍ രാജകുമാരി പറഞ്ഞു: ‘എനിക്കു വേണ്ടി നീ ഈ കുഞ്ഞിനെ കൊണ്ടുപോയി മുലകൊടുത്തു വളര്‍ത്തണം, ഞാന്‍ നിനക്കു ശമ്പളം തരാം.’

അങ്ങനെ മോശെയുടെ അമ്മതന്നെ സ്വന്തം കുഞ്ഞിനെ വളര്‍ത്തി. മോശെ കുറച്ചു വളര്‍ന്നു കഴിഞ്ഞപ്പോള്‍ അമ്മ അവനെ ഫറവോന്‍റെ മകളുടെ അടുത്തു കൊണ്ടുചെന്നു. അവള്‍ അവനെ സ്വന്തം മകനായി ദത്തെടുത്തു. ഇങ്ങനെയാണ്‌ മോശെ ഫറവോന്‍റെ കൊട്ടാരത്തില്‍ വളരാന്‍ ഇടയായത്‌.

പുറപ്പാടു 2:1-10.ചോദ്യങ്ങള്‍

  • ചിത്രത്തില്‍ കാണുന്ന കുഞ്ഞ് ആരാണ്‌, അവന്‍ ആരുടെ വിരലിലാണു പിടിച്ചിരിക്കുന്നത്‌?
  • തന്‍റെ കുഞ്ഞ് കൊല്ലപ്പെടാതിരിക്കേണ്ടതിന്‌ മോശെയുടെ അമ്മ എന്താണു ചെയ്യുന്നത്‌?
  • ചിത്രത്തില്‍ കാണുന്ന ഈ കൊച്ചുപെണ്‍കുട്ടി ആരാണ്‌, അവള്‍ എന്തു ചെയ്‌തു?
  • ഫറവോന്‍റെ പുത്രി കുഞ്ഞിനെ കണ്ടെത്തിയപ്പോള്‍ മിര്യാം എന്താണു പറഞ്ഞത്‌?
  • മോശെയുടെ അമ്മയോടു രാജകുമാരി എന്തു പറഞ്ഞു?

കൂടുതലായ ചോദ്യം

  • പുറപ്പാടു 2:1-10 വായിക്കുക.

    മോശെയുടെ ശൈശവത്തില്‍ അവനെ പരിശീലിപ്പിക്കാനും പഠിപ്പിക്കാനുമുള്ള ഏത്‌ അവസരമാണ്‌ അവന്‍റെ അമ്മയ്‌ക്കു ലഭിച്ചത്‌, ഇത്‌ ഇന്ന് മാതാപിതാക്കള്‍ക്ക് എന്തു ദൃഷ്ടാന്തം വെക്കുന്നു? (പുറ. 2:9, 10; ആവ. 6:6-9; സദൃ. 22:6; എഫെ. 6:4; 2 തിമൊ. 3:15)