ഈ മനുഷ്യര്‍ ആളുകളെക്കൊണ്ടു നിര്‍ബന്ധിച്ചു പണിയിപ്പിക്കുകയാണ്‌. ഒരു പണിക്കാരനെ ചാട്ടകൊണ്ട് അടിക്കുന്ന ആ മനുഷ്യനെ കണ്ടോ! പണിക്കാരെല്ലാം യാക്കോബിന്‍റെ കുടുംബത്തിലുള്ളവരാണ്‌, ഇസ്രായേല്യര്‍ എന്നാണ്‌ അവരെ വിളിക്കുന്നത്‌. അവരെ നിര്‍ബന്ധിച്ചു പണിയിപ്പിക്കുന്നവര്‍ ഈജിപ്‌തുകാരാണ്‌. ഇസ്രായേല്യര്‍ ഇപ്പോള്‍ ഈജിപ്‌തുകാരുടെ അടിമകളായി തീര്‍ന്നിരിക്കുന്നു. ഇത്‌ എങ്ങനെയാണു സംഭവിച്ചത്‌?

ഈജിപ്തുകാര്‍ ഇസ്രായേല്യരെ ഉപദ്രവിക്കുന്നു

യാക്കോബിന്‍റെ വലിയ കുടുംബം കുറേക്കാലം ഈജിപ്‌തില്‍ സമാധാനത്തോടെ ജീവിച്ചു. ഫറവോന്‍ കഴിഞ്ഞാല്‍ ഈജിപ്‌തിലെ ഏറ്റവും വലിയ ആളായിരുന്നല്ലോ യോസേഫ്‌. അതുകൊണ്ട് അവര്‍ക്ക് അവിടെ നല്ല സുഖമായിരുന്നു. പിന്നീട്‌ യോസേഫ്‌ മരിച്ചു. അതുകഴിഞ്ഞ് ഇസ്രായേല്യരെ ഇഷ്ടമില്ലായിരുന്ന പുതിയ ഒരു ഫറവോന്‍ ഈജിപ്‌തിലെ രാജാവായി.

ദുഷ്ടനായ ഈ ഫറവോന്‍ ഇസ്രായേല്യരെ അടിമകളാക്കി. അവരെക്കൊണ്ട് പണിയിപ്പിക്കാന്‍ അവന്‍ ദുഷ്ടരും ക്രൂരരുമായ മനുഷ്യരെ ആക്കിവെച്ചു. ഫറവോനുവേണ്ടി വലിയ വലിയ പട്ടണങ്ങള്‍ പണിയുന്നതിന്‌ കഷ്ടപ്പെട്ടു വേല ചെയ്യാന്‍ ആ മനുഷ്യര്‍ ഇസ്രായേല്യരെ നിര്‍ബന്ധിച്ചു. എന്നിട്ടും ഇസ്രായേല്യരുടെ എണ്ണം പെരുകിക്കൊണ്ടിരുന്നു. അതുകൊണ്ട് ഇസ്രായേല്യര്‍ തങ്ങളെക്കാള്‍ ശക്തിയുള്ള വലിയൊരു ജനതയായി തീര്‍ന്നേക്കും എന്ന് ഈജിപ്‌തുകാര്‍ പേടിച്ചു.

ഈജിപ്തുകാര്‍ ഇസ്രായേല്യരെ ഉപദ്രവിക്കുന്നു

അതിനാല്‍ ഫറവോന്‍ എന്തു ചെയ്‌തെന്ന് അറിയാമോ? പ്രസവസമയത്ത്‌ ഇസ്രായേല്യ അമ്മമാരെ സഹായിച്ചിരുന്ന സ്‌ത്രീകളോട്‌, ‘ജനിക്കുന്ന ആണ്‍കുഞ്ഞുങ്ങളെ എല്ലാം കൊന്നു കളയണം’ എന്നു ഫറവോന്‍ പറഞ്ഞു. എന്നാല്‍ ആ സ്‌ത്രീകള്‍ നല്ലവരായിരുന്നു, അവര്‍ കുഞ്ഞുങ്ങളെ കൊല്ലുന്നില്ല.

അതുകൊണ്ട് ഫറവോന്‍ തന്‍റെ ജനത്തോടെല്ലാമായി ഇങ്ങനെ കല്‍പ്പിക്കുന്നു: ‘യിസ്രായേല്യരുടെ ആണ്‍കുഞ്ഞുങ്ങളെയെല്ലാം കണ്ടുപിടിച്ചു കൊന്നുകളയുവിന്‍. പെണ്‍കുഞ്ഞുങ്ങളെ കൊല്ലേണ്ട.’ എത്ര ക്രൂരമായ ഒരു കല്‍പ്പന, അല്ലേ? പക്ഷേ ഒരു ആണ്‍കുഞ്ഞ് സംരക്ഷിക്കപ്പെടുന്നു, അത്‌ എങ്ങനെയാണെന്നു നമുക്കു നോക്കാം.

പുറപ്പാടു 1:6-22.ചോദ്യങ്ങള്‍

 • ചിത്രത്തില്‍ ചാട്ടയുമായി നില്‍ക്കുന്ന മനുഷ്യന്‍ ആരാണ്‌, ആരെയാണ്‌ അയാള്‍ അടിക്കുന്നത്‌?
 • യോസേഫിന്‍റെ മരണശേഷം ഇസ്രായേല്യര്‍ക്ക് എന്തു സംഭവിച്ചു?
 • ഈജിപ്‌തുകാര്‍ ഇസ്രായേല്യരെ ഭയന്നത്‌ എന്തുകൊണ്ട്?
 • പ്രസവ സമയത്ത്‌ ഇസ്രായേല്യ അമ്മമാരെ സഹായിച്ച സ്‌ത്രീകള്‍ക്ക് ഫറവോന്‍ എന്ത് ആജ്ഞയാണു നല്‍കിയത്‌?

കൂടുതലായ ചോദ്യങ്ങള്‍

 • പുറപ്പാടു 1:6-22 വായിക്കുക.

  അബ്രാഹാമിനോടുള്ള തന്‍റെ വാഗ്‌ദാനം യഹോവ നിവൃത്തിയേറ്റാന്‍ തുടങ്ങിയത്‌ ഏതു വിധത്തില്‍? (പുറ. 1:7; ഉല്‌പ. 12:2; പ്രവൃ. 7:17)

  എബ്രായ സൂതികര്‍മിണികള്‍ ജീവന്‍റെ പവിത്രതയോട്‌ ആദരവു കാണിച്ചത്‌ എങ്ങനെ? (പുറ. 1:17; ഉല്‌പ. 9:6)

  യഹോവയോടു വിശ്വസ്‌തത കാണിച്ചതു നിമിത്തം സൂതികര്‍മിണികള്‍ക്കു പ്രതിഫലം കിട്ടിയത്‌ എങ്ങനെ? (പുറ. 1:20, 21; സദൃ. 19:17)

  വാഗ്‌ദാനം ചെയ്യപ്പെട്ട അബ്രാഹാമ്യ സന്തതിയെക്കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യത്തെ വിഫലമാക്കാന്‍ സാത്താന്‍ ശ്രമിച്ചത്‌ എങ്ങനെ? (പുറ. 1:22; മത്താ. 2:16)