വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 26: ഇയ്യോബ് ദൈവത്തോടു വിശ്വസ്തന്‍

കഥ 26: ഇയ്യോബ് ദൈവത്തോടു വിശ്വസ്തന്‍

രോഗിയായ ഈ മനുഷ്യനെ കണ്ടിട്ട് പാവം തോന്നുന്നു, അല്ലേ? ഈ മനുഷ്യന്‍റെ പേര്‌ ഇയ്യോബ്‌ എന്നാണ്‌. അടുത്തു നില്‍ക്കുന്നത്‌ ഭാര്യയാണ്‌. അവള്‍ ഇയ്യോബിനോടു പറയുന്നത്‌ എന്താണെന്നോ? ‘ദൈവത്തെ ശപിച്ചിട്ട് മരിക്കുക.’ അവള്‍ അങ്ങനെ പറയാന്‍ കാരണം എന്താണെന്നും ഇയ്യോബിന്‌ ഇത്രയധികം കഷ്ടത വന്നത്‌ എന്തുകൊണ്ടാണെന്നും നമുക്കു നോക്കാം.

രോഗം ബാധിച്ച ഇയ്യോബ്

യഹോവയെ അനുസരിച്ച വിശ്വസ്‌തനായ ഒരു മനുഷ്യനായിരുന്നു ഇയ്യോബ്‌. കനാനില്‍നിന്ന് അധികം ദൂരെയല്ലാത്ത ഊസ്‌ ദേശത്താണ്‌ അവന്‍ പാര്‍ത്തിരുന്നത്‌. യഹോവ ഇയ്യോബിനെ വളരെയധികം സ്‌നേഹിച്ചിരുന്നു. പക്ഷേ അവനെ ഒട്ടും ഇഷ്ടമില്ലായിരുന്ന ഒരാളുണ്ടായിരുന്നു. അതാരാണെന്ന് അറിയാമോ?

പിശാചായ സാത്താന്‍. അവന്‍ യഹോവയെ വെറുക്കുന്ന ഒരു ദുഷ്ടദൂതനാണെന്ന കാര്യം ഓര്‍ക്കുന്നുണ്ടല്ലോ, അല്ലേ? ആദാമും ഹവ്വായും യഹോവയോട്‌ അനുസരണക്കേടു കാണിക്കാന്‍ അവന്‍ ഇടയാക്കി, അതുകൊണ്ട് മറ്റ്‌ എല്ലാവരെക്കൊണ്ടും അതുതന്നെ ചെയ്യിക്കാന്‍ കഴിയുമെന്ന് അവന്‍ വിചാരിച്ചു. പക്ഷേ അവന്‌ അതിനു കഴിഞ്ഞോ? ഒരിക്കലുമില്ല. നാം ഇതുവരെയുള്ള പാഠങ്ങളില്‍ കണ്ട വിശ്വസ്‌തരായ ആളുകളെക്കുറിച്ചെല്ലാം ഒന്നോര്‍ത്തു നോക്കൂ. അവരില്‍ എത്ര പേരുടെ പേരുകള്‍ ഓര്‍മയില്‍നിന്നു പറയാന്‍ കഴിയും?

യാക്കോബും യോസേഫും ഈജിപ്‌തില്‍വെച്ചു മരിച്ചശേഷം മുഴുഭൂമിയിലും വെച്ച് യഹോവയോട്‌ ഏറ്റവും വിശ്വസ്‌തനായിരുന്ന വ്യക്തി ഇയ്യോബായിരുന്നു. സകലരെയും വഴിതെറ്റിക്കാന്‍ സാത്താനു കഴിയില്ലെന്ന് അവനു കാണിച്ചു കൊടുക്കാന്‍ യഹോവ ആഗ്രഹിച്ചു. അതുകൊണ്ട് യഹോവ ഇങ്ങനെ പറഞ്ഞു: ‘ഇയ്യോബിനെ നോക്കൂ, അവന്‍ എന്നോട്‌ എത്ര വിശ്വസ്‌തനാണെന്നു കണ്ടോ?’

ഉടനെ സാത്താന്‍ പറഞ്ഞു: ‘അവന്‍ വിശ്വസ്‌തനാണ്‌, കാരണം ഒരുപാട്‌ സമ്പത്തൊക്കെ കൊടുത്ത്‌ നീ അവനെ അനുഗ്രഹിച്ചിരിക്കുന്നു. അതെല്ലാം ഒന്ന് എടുത്തുമാറ്റിനോക്കൂ, അപ്പോള്‍ കാണാം അവന്‍ നിന്നെ ശപിക്കുന്നത്‌.’

അപ്പോള്‍ യഹോവ പറഞ്ഞു: ‘ശരി, നീ പോയി അവനുള്ളതൊക്കെ എടുത്തുമാറ്റുക. ഇയ്യോബിനോടു നിനക്കു ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യുക. അവന്‍ എന്നെ ശപിക്കുമോ എന്നു നമുക്കു കാണാം. അവനെ കൊല്ലുക മാത്രം അരുത്‌.’

ആദ്യംതന്നെ ഇയ്യോബിന്‍റെ കന്നുകാലികളെയും ഒട്ടകങ്ങളെയും മോഷ്ടിച്ചുകൊണ്ടുപോകാനും ആടുകളെ കൊന്നുകളയാനും സാത്താന്‍ ഇടയാക്കുന്നു. പിന്നെ ഇയ്യോബിന്‍റെ പത്തു മക്കളെയും ഒരു കൊടുങ്കാറ്റ്‌ അയച്ച് കൊല്ലിക്കുന്നു. അടുത്തതായി ഇയ്യോബിനു ഭയങ്കരമായ ഈ രോഗം വരുത്തുന്നു. പാവം ഇയ്യോബ്‌, അവന്‍ വളരെയേറെ കഷ്ടം അനുഭവിച്ചു. അതുകൊണ്ടാണ്‌ അവന്‍റെ ഭാര്യ അവനോട്‌: ‘ദൈവത്തെ ശപിച്ചിട്ടു മരിക്കുക’ എന്നു പറഞ്ഞത്‌. പക്ഷേ ഇയ്യോബ്‌ അങ്ങനെ ചെയ്യുന്നില്ല. മാത്രമല്ല, അവന്‍റെ കൂട്ടുകാരാണെന്നും പറഞ്ഞ് വന്ന മൂന്നു പേര്‍ ഇയ്യോബ്‌ ഒരു മോശം ജീവിതം നയിച്ചതുകൊണ്ടാണ്‌ ഇങ്ങനെയൊക്കെ ഉണ്ടാകുന്നതെന്ന് അവനോടു പറയുന്നു. എങ്കിലും ഇയ്യോബ്‌ വിശ്വസ്‌തത പാലിച്ചു.

യഹോവയെ ഇതു വളരെ സന്തോഷിപ്പിച്ചു. ഈ ചിത്രത്തില്‍ കാണുന്നതുപോലെ പിന്നീട്‌ യഹോവ ഇയ്യോബിനെ അനുഗ്രഹിച്ചു. അവന്‍റെ രോഗമൊക്കെ മാറി അവനു നല്ല സുഖമായി. ഇയ്യോബിനു വീണ്ടും സൗന്ദര്യമുള്ള പത്തു മക്കളുണ്ടായി. ആടുമാടുകള്‍, ഒട്ടകങ്ങള്‍ എന്നിവയെല്ലാം മുമ്പുണ്ടായിരുന്നതിന്‍റെ ഇരട്ടി അവനു ലഭിച്ചു.

ഇയ്യോബിനെപ്പോലെ നിങ്ങളും എല്ലായ്‌പോഴും യഹോവയോടു വിശ്വസ്‌തരായിരിക്കുമോ? ആയിരിക്കുമെങ്കില്‍ യഹോവ നിങ്ങളെയും അനുഗ്രഹിക്കും. ഈ മുഴുഭൂമിയും ഏദെന്‍തോട്ടം പോലെ സുന്ദരമാക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് അവിടെ എന്നേക്കും ജീവിക്കാന്‍ കഴിയും.

ഇയ്യോബ്‌ 1:1-22; 2:1-13; 42:10-17.

ഇയ്യോബും കുടുംബവും


ചോദ്യങ്ങള്‍

 • ഇയ്യോബ്‌ ആരായിരുന്നു?
 • സാത്താന്‍ എന്തു ചെയ്യാന്‍ ശ്രമിച്ചു, അവന്‍ വിജയിച്ചോ?
 • എന്തു ചെയ്യാനാണ്‌ യഹോവ സാത്താന്‌ അനുവാദം നല്‍കിയത്‌, എന്തുകൊണ്ട്?
 • ‘ദൈവത്തെ ശപിച്ചിട്ടു മരിക്കുക’ എന്ന് ഇയ്യോബിന്‍റെ ഭാര്യ പറഞ്ഞത്‌ എന്തുകൊണ്ടായിരുന്നു? (ചിത്രം കാണുക.)
 • രണ്ടാമത്തെ ചിത്രത്തില്‍ കാണാന്‍ കഴിയുന്നതുപോലെ യഹോവ ഇയ്യോബിനെ അനുഗ്രഹിച്ചത്‌ എങ്ങനെ, എന്തുകൊണ്ട്?
 • നാം ഇയ്യോബിനെപ്പോലെ യഹോവയോടു വിശ്വസ്‌തരായിരുന്നാല്‍ നമുക്ക് എന്ത് അനുഗ്രഹങ്ങള്‍ ലഭിക്കും?

കൂടുതലായ ചോദ്യങ്ങള്‍

 • ഇയ്യോബ്‌ 1:1-22 വായിക്കുക.

  ക്രിസ്‌ത്യാനികള്‍ക്ക് ഇന്ന് ഇയ്യോബിനെ അനുകരിക്കാന്‍ കഴിയുന്നത്‌ എങ്ങനെ? (ഇയ്യോ. 1:1; ഫിലി. 2:15; 2 പത്രൊ. 3:14)

 • ഇയ്യോബ്‌ 2:1-13 വായിക്കുക.

  സാത്താന്‍ വരുത്തിയ പീഡനത്തോട്‌ ഇയ്യോബും അവന്‍റെ ഭാര്യയും തികച്ചും വ്യത്യസ്‌തമായ ഏതു വിധങ്ങളില്‍ പ്രതികരിച്ചു? (ഇയ്യോ. 2:9, 10; സദൃ. 19:3; മീഖാ 7:7; മലാ. 3:14)

 • ഇയ്യോബ്‌ 42:10-17 വായിക്കുക.

  വിശ്വസ്‌തമായ ജീവിതഗതി പിന്തുടര്‍ന്നതിനാല്‍ ഇയ്യോബിനു കിട്ടിയ പ്രതിഫലവും യേശുവിനു കിട്ടിയതും തമ്മിലുള്ള സമാനതകള്‍ എന്തെല്ലാം? (ഇയ്യോ. 42:12; ഫിലി. 2:9-11)

  ദൈവത്തോടു ദൃഢവിശ്വസ്‌തത പാലിച്ചതില്‍ ഇയ്യോബിനു കിട്ടിയ അനുഗ്രഹങ്ങള്‍ കണ്ട് നാം പ്രോത്സാഹിതരാകുന്നത്‌ എങ്ങനെ? (ഇയ്യോ. 42:10, 12; എബ്രാ. 6:10; യാക്കോ. 1:2-4, 12; 5:11)