വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 25: യാക്കോബിന്‍റെ കുടുംബം ഈജിപ്തിലേക്കു പോകുന്നു

കഥ 25: യാക്കോബിന്‍റെ കുടുംബം ഈജിപ്തിലേക്കു പോകുന്നു

ഇപ്പോള്‍ യോസേഫിനു തന്‍റെ കരച്ചില്‍ അടക്കാന്‍ കഴിയുന്നില്ല. മുറിവിട്ടുപോകാന്‍ അവന്‍ തന്‍റെ എല്ലാ ദാസന്മാരോടും പറയുന്നു. അവനും സഹോദരന്മാരും മാത്രമായപ്പോള്‍ യോസേഫ്‌ കരയുന്നു. അവന്‍ കരയുന്നത്‌ എന്തിനാണെന്ന് അറിയാത്തതുകൊണ്ട് അവര്‍ എത്രമാത്രം അമ്പരന്നുപോയിരിക്കും എന്നു നമുക്ക് ഊഹിക്കാന്‍ കഴിയും. ഒടുവില്‍ അവന്‍ പറയുന്നു: ‘ഞാന്‍ യോസേഫാണ്‌. എന്‍റെ അപ്പന്‍ ഇപ്പോഴും ജീവനോടിരിക്കുന്നുവോ?’

അതുകേട്ട് അവര്‍ അത്ഭുതപ്പെടുന്നു, അവര്‍ക്കു സംസാരിക്കാന്‍പോലും കഴിയുന്നില്ല. അവന്‍റെ സഹോദരന്മാര്‍ പേടിച്ചുവിറച്ചു നില്‍ക്കുകയാണ്‌. എന്നാല്‍ യോസേഫ്‌ ഇങ്ങനെ പറയുന്നു: ‘അടുത്തു വരൂ.’ അവര്‍ അടുത്തേക്കു ചെല്ലുമ്പോള്‍ അവന്‍ പറയുന്നു: ‘ഞാന്‍ നിങ്ങളുടെ സഹോദരനാണ്‌, നിങ്ങള്‍ ഈജിപ്‌തിലേക്കു വിറ്റുകളഞ്ഞ യോസേഫ്‌.’

യോസേഫ്‌ അവരോടു പിന്നെയും ദയാപൂര്‍വം സംസാരിക്കുന്നു: ‘എന്നെ ഈജിപ്‌തിലേക്കു വിറ്റുകളഞ്ഞതുകൊണ്ട് നിങ്ങള്‍ വിഷമിക്കേണ്ട. ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനായി ദൈവമാണ്‌ എന്നെ ഇവിടേക്കു കൊണ്ടുവന്നത്‌. ഫറവോന്‍ എന്നെ മുഴുദേശത്തിനും അധികാരിയാക്കി വെച്ചിരിക്കുന്നു. അതുകൊണ്ട് വേഗം ചെന്ന് എന്‍റെ അപ്പനെ ഇതെല്ലാം അറിയിക്കുക. ഇവിടെ വന്നു പാര്‍ക്കാന്‍ അപ്പനോടു പറയുക.’

തുടര്‍ന്ന് യോസേഫ്‌ അവരെയെല്ലാം കെട്ടിപ്പിടിച്ച് ചുംബിക്കുന്നു. യോസേഫിന്‍റെ സഹോദരന്മാര്‍ വന്നിട്ടുണ്ടെന്ന് ഫറവോന്‍ കേള്‍ക്കുമ്പോള്‍ അവന്‍ യോസേഫിനോട്‌ ഇങ്ങനെ പറയുന്നു: ‘അവര്‍ രഥങ്ങള്‍ കൊണ്ടുപോയി അപ്പനെയും മറ്റു കുടുംബാംഗങ്ങളെയും കൂട്ടി ഇവിടേക്കു വരട്ടെ. ഞാന്‍ അവര്‍ക്ക് ഈജിപ്‌തിലെ ഏറ്റവും നല്ല ദേശം കൊടുക്കും.’

അവര്‍ അങ്ങനെതന്നെ ചെയ്‌തു. യാക്കോബ്‌ തന്‍റെ മുഴു കുടുംബവുമായി ഈജിപ്‌തില്‍ എത്തുമ്പോള്‍ യോസേഫ്‌ അവനെ എതിരേല്‍ക്കുന്ന ചിത്രം കണ്ടോ?

യാക്കോബിന്‍റെ കുടുംബം ഇതിനോടകം വളരെ വലുതായിത്തീര്‍ന്നിരുന്നു. ഈജിപ്‌തിലേക്കു വരുമ്പോള്‍ യാക്കോബും മക്കളും കൊച്ചുമക്കളും കൂടെ ആകെ 70 പേര്‍ ഉണ്ടായിരുന്നു. അവരുടെയൊക്കെ ഭാര്യമാരും ഒപ്പം പോന്നു. കൂടാതെ, അനേകം ദാസീദാസന്മാരും അവരുടെ കൂടെ ഉണ്ടായിരുന്നിരിക്കണം. അവരെല്ലാം ഈജിപ്‌തില്‍ പാര്‍പ്പുറപ്പിച്ചു. അവര്‍ ഇസ്രായേല്യര്‍ എന്ന് അറിയപ്പെട്ടു, കാരണം ദൈവം യാക്കോബിന്‍റെ പേര്‌ ഇസ്രായേല്‍ എന്നു മാറ്റിയിരുന്നു. നാം പിന്നീടു കാണാന്‍ പോകുന്നതുപോലെ, ഇസ്രായേല്യര്‍ ദൈവത്തിന്‍റെ പ്രത്യേക ജനമായിത്തീര്‍ന്നു.

ഉല്‌പത്തി 45:1-28; 46:1-27.

യോസേഫും കുടുംബവും


ചോദ്യങ്ങള്‍

 • താന്‍ ആരാണെന്ന് യോസേഫ്‌ തന്‍റെ സഹോദരന്മാരോടു പറയുമ്പോള്‍ എന്തു സംഭവിക്കുന്നു?
 • തന്‍റെ സഹോദരന്മാരോട്‌ അവന്‍ ദയാപൂര്‍വം എന്തു വിശദീകരിക്കുന്നു?
 • യോസേഫിന്‍റെ സഹോദരന്മാര്‍ വന്നിട്ടുണ്ടെന്നു കേള്‍ക്കുമ്പോള്‍ ഫറവോന്‍ എന്തു പറയുന്നു?
 • ഈജിപ്‌തിലേക്കു വന്നപ്പോള്‍ യോസേഫിന്‍റെ കുടുംബം എത്ര വലുതായിരുന്നു?
 • യാക്കോബിന്‍റെ കുടുംബം എങ്ങനെ അറിയപ്പെടാന്‍ തുടങ്ങി, എന്തുകൊണ്ട്?

കൂടുതലായ ചോദ്യങ്ങള്‍

 • ഉല്‌പത്തി 45:1-28 വായിക്കുക.

  തന്‍റെ ദാസന്മാരെ ദ്രോഹിക്കാനായി ചെയ്യുന്ന കാര്യങ്ങളെ നന്മയിലേക്കു തിരിച്ചുവിടാന്‍ യഹോവയ്‌ക്കു കഴിയുമെന്ന് യോസേഫിനെക്കുറിച്ചുള്ള ബൈബിള്‍ വിവരണം കാണിക്കുന്നത്‌ എങ്ങനെ? (ഉല്‌പ. 45:5-8; യെശ. 8:10; ഫിലി. 1:12-14)

 • ഉല്‌പത്തി 46:1-27 വായിക്കുക.

  ഈജിപ്‌തിലേക്കുള്ള യാത്രാമധ്യേ യഹോവ യാക്കോബിന്‌ എന്ത് ഉറപ്പാണു നല്‍കുന്നത്‌? (ഉല്‌പ. 46:1-4)