വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കഥ 24: യോസേഫ് തന്‍റെ സഹോദരന്മാരെ പരീക്ഷിക്കുന്നു

കഥ 24: യോസേഫ് തന്‍റെ സഹോദരന്മാരെ പരീക്ഷിക്കുന്നു

തന്‍റെ പത്ത്‌ ജ്യേഷ്‌ഠന്മാര്‍ ഇപ്പോഴും ദുഷ്ടരും ക്രൂരരുമാണോ എന്ന് അറിയാന്‍ യോസേഫ്‌ ആഗ്രഹിക്കുന്നു. അതുകൊണ്ട് അവന്‍ പറയുന്നു: ‘നിങ്ങള്‍ ഒറ്റുനോക്കാന്‍ വന്നവരാണ്‌. ഞങ്ങളുടെ ദേശത്തെ എങ്ങനെ ആക്രമിച്ചു തോല്‍പ്പിക്കാമെന്നു കണ്ടുപിടിക്കാന്‍ വന്നിരിക്കുകയാണ്‌.’

‘അല്ല, ഞങ്ങള്‍ അങ്ങനെയുള്ളവരല്ല, ഞങ്ങള്‍ സത്യസന്ധരാണ്‌,’ അവര്‍ പറയുന്നു. ‘ഞങ്ങള്‍ എല്ലാവരും ഒരു അപ്പന്‍റെ മക്കളാണ്‌. ഞങ്ങള്‍ 12 പേരായിരുന്നു. ഒരാള്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഏറ്റവും ഇളയവന്‍ ഇപ്പോള്‍ അപ്പന്‍റെ കൂടെ വീട്ടിലുണ്ട്.’

യോസേഫ്‌ അവര്‍ പറയുന്നതു വിശ്വസിക്കാത്തതുപോലെ അഭിനയിക്കുന്നു. അവന്‍ ശിമെയോന്‍ എന്നു പേരുള്ള തന്‍റെ ജ്യേഷ്‌ഠനെ തടവില്‍ ആക്കിയിട്ട് മറ്റെല്ലാവരെയും ഭക്ഷണ സാധനങ്ങളുമായി വീട്ടില്‍ പോകാന്‍ അനുവദിക്കുന്നു. എന്നാല്‍ അവന്‍ അവരോട്‌ ഇങ്ങനെ പറയുന്നു: ‘നിങ്ങള്‍ തിരികെ വരുമ്പോള്‍, നിങ്ങളുടെ ഏറ്റവും ഇളയസഹോദരനെയും കൂടെ കൊണ്ടുവരണം.’

അവര്‍ കനാനിലെ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ നടന്നതെല്ലാം തങ്ങളുടെ അപ്പനായ യാക്കോബിനോടു പറയുന്നു. അതു കേട്ടപ്പോള്‍ യാക്കോബിനു വളരെ സങ്കടമായി. ‘യോസേഫ്‌ ഇല്ല. ഇപ്പോള്‍ ശിമെയോനും ഇല്ല. ഇനി എന്‍റെ ഇളയമകനായ ബെന്യാമീനെയുംകൂടെ കൊണ്ടുപോകാന്‍ ഞാന്‍ സമ്മതിക്കുകയില്ല’ എന്നു പറഞ്ഞ് അവന്‍ കരയുന്നു. പക്ഷേ അവര്‍ കൊണ്ടുവന്ന ഭക്ഷണ സാധനങ്ങള്‍ എല്ലാം തീരാറായതിനാല്‍ കൂടുതല്‍ ഭക്ഷണ സാധനങ്ങള്‍ക്കായി ഈജിപ്‌തില്‍ പോയേ തീരൂ, അതുകൊണ്ട് യാക്കോബിന്‌ ഇപ്പോള്‍ ബെന്യാമീനെ അവരോടൊപ്പം അയയ്‌ക്കാതെ നിവൃത്തിയില്ല.

ജ്യേഷ്‌ഠന്മാരുടെ കൂടെ തന്‍റെ അനുജനായ ബെന്യാമീനും വരുന്നത്‌ കണ്ടപ്പോള്‍ യോസേഫിനു വളരെ സന്തോഷമായി. പക്ഷേ, ഈ വലിയ മനുഷ്യന്‍ യോസേഫാണെന്ന് അവരാരും അറിയുന്നില്ല. തന്‍റെ 10 ജ്യേഷ്‌ഠന്മാരെയും പരീക്ഷിക്കാന്‍ യോസേഫ്‌ ഇപ്പോള്‍ ഒരു കാര്യം ചെയ്യുന്നു.

അവരുടെ ചാക്കുകളില്‍ ധാന്യം നിറയ്‌ക്കാന്‍ അവന്‍ തന്‍റെ ദാസന്മാരോടു പറയുന്നു. എന്നാല്‍ അവരറിയാതെ അവന്‍ വെള്ളികൊണ്ടുള്ള തന്‍റെ വില കൂടിയ പാനപാത്രവും ബെന്യാമീന്‍റെ ചാക്കിനുള്ളില്‍ വെപ്പിക്കുന്നു. അവര്‍ ധാന്യവുമായി കുറച്ചുദൂരം ചെന്നു കഴിയുമ്പോള്‍ യോസേഫ്‌ തന്‍റെ ദാസന്മാരെ അവരുടെ പിന്നാലെ അയയ്‌ക്കുന്നു. അവരോടൊപ്പം എത്തുമ്പോള്‍ ദാസന്മാര്‍ ഇങ്ങനെ ചോദിക്കുന്നു: ‘നിങ്ങള്‍ ഞങ്ങളുടെ യജമാനന്‍റെ പാനപാത്രം മോഷ്ടിച്ചത്‌ എന്തിനാണ്‌?’

‘ഇല്ല, ഞങ്ങള്‍ അദ്ദേഹത്തിന്‍റെ പാനപാത്രം എടുത്തിട്ടില്ല,’ അവരെല്ലാവരും പറയുന്നു. ‘പാനപാത്രം ഞങ്ങളില്‍ ആരുടെയെങ്കിലും പക്കല്‍ കണ്ടാല്‍ അവനെ കൊന്നുകളയുക.’

അപ്പോള്‍ ദാസന്മാര്‍ എല്ലാവരുടെയും ചാക്ക് തപ്പുന്നു. ഒടുവില്‍ ഈ ചിത്രത്തില്‍ കാണുന്നതുപോലെ ബെന്യാമീന്‍റെ ചാക്കില്‍നിന്ന് അവര്‍ക്കു പാനപാത്രം കിട്ടുന്നു.’ ദാസന്മാര്‍ ഇങ്ങനെ പറയുന്നു: ‘ബാക്കിയുള്ളവര്‍ക്കു പോകാം, ബെന്യാമീന്‍ ഞങ്ങളോടൊപ്പം വരണം.’ ബാക്കി 10 പേര്‍ ഇപ്പോള്‍ എന്തു ചെയ്യും?

അവരെല്ലാം ബെന്യാമീന്‍റെ കൂടെ യോസേഫിന്‍റെ വീട്ടിലേക്കു തിരിച്ചുപോകുന്നു. യോസേഫ്‌ അവരോടു പറയുന്നു: ‘നിങ്ങള്‍ക്കെല്ലാം വീട്ടില്‍പോകാം, പക്ഷേ ബെന്യാമീന്‍ എന്‍റെ അടിമയായി ഇവിടെ കഴിയണം.’

അപ്പോള്‍ യെഹൂദാ ഇങ്ങനെ പറയുന്നു: ‘ഈ ബാലനില്ലാതെ ഞാന്‍ വീട്ടിലേക്കു പോയാല്‍ എന്‍റെ അപ്പന്‍ മരിച്ചുപോകും. കാരണം അപ്പന്‍ ഇവനെ അത്രമാത്രം സ്‌നേഹിക്കുന്നു. അതുകൊണ്ട് എന്നെ ഇവിടെ അടിമയാക്കിയിട്ട് ഇവനെ പോകാന്‍ അനുവദിച്ചാലും.’

തന്‍റെ സഹോദരന്മാര്‍ക്കു മാറ്റം വന്നിരിക്കുന്നതായി യോസേഫ്‌ മനസ്സിലാക്കുന്നു. അവര്‍ ഇപ്പോള്‍ മുമ്പത്തേതുപോലെ ദുഷ്ടരും ക്രൂരരും അല്ല. അടുത്തതായി യോസേഫ്‌ എന്തു ചെയ്യുന്നുവെന്ന് നമുക്കു കാണാം.

ഉല്‌പത്തി 42:9-38; 43:1-34; 44:1-34.

യോസേഫിന്‍റെ ജ്യേഷ്ഠന്മാരുടെമേല്‍ കുറ്റം ആരോപിക്കുന്നു


ചോദ്യങ്ങള്‍

 • യോസേഫ്‌ തന്‍റെ ജ്യേഷ്‌ഠന്മാര്‍ ഒറ്റുകാരാണെന്ന് പറയുന്നത്‌ എന്തുകൊണ്ട്?
 • ഈജിപ്‌തിലേക്കു പോകാന്‍ യാക്കോബ്‌ തന്‍റെ ഇളയമകന്‍ ബെന്യാമീനെ അനുവദിക്കുന്നത്‌ എന്തുകൊണ്ട്?
 • യോസേഫിന്‍റെ വെള്ളികൊണ്ടുള്ള പാനപാത്രം ബെന്യാമീന്‍റെ ചാക്കില്‍ വരുന്നത്‌ എങ്ങനെ?
 • ബെന്യാമീനെ മോചിപ്പിച്ചു കിട്ടാന്‍ യഹൂദ എന്തു പറയുന്നു?
 • യോസേഫിന്‍റെ ജ്യേഷ്‌ഠന്മാര്‍ക്ക് എന്തു മാറ്റമാണു വന്നിരിക്കുന്നത്‌?

കൂടുതലായ ചോദ്യങ്ങള്‍

 • ഉല്‌പത്തി 42:9-38 വായിക്കുക.

  ഉല്‌പത്തി 42:18-ലെ യോസേഫിന്‍റെ വാക്കുകള്‍ ഇന്ന് യഹോവയുടെ സംഘടനയിലെ ഉത്തരവാദിത്വ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ഒരു നല്ല ഓര്‍മിപ്പിക്കലായിരിക്കുന്നത്‌ ഏതു വിധത്തില്‍? (നെഹെ. 5:15; 2 കൊരി. 7:1, 2)

 • ഉല്‌പത്തി 43:1-34 വായിക്കുക.

  ആദ്യജാതന്‍ രൂബേന്‍ ആയിരുന്നെങ്കിലും എപ്പോഴും സഹോദരന്മാര്‍ക്കുവേണ്ടി സംസാരിച്ചത്‌ യഹൂദ ആയിരുന്നെന്നു വ്യക്തമാകുന്നത്‌ എങ്ങനെ? (ഉല്‌പ. 43:3, 8, 9; 44:14, 18; 1 ദിന. 5:2)

  യോസേഫ്‌ തന്‍റെ സഹോദരന്മാരെ പരീക്ഷിച്ചത്‌ എങ്ങനെയാണ്‌, എന്തുകൊണ്ട്? (ഉല്‌പ. 43:33, 34)

 • ഉല്‌പത്തി 44:1-34 വായിക്കുക.

  തന്നെ സഹോദരന്മാര്‍ തിരിച്ചറിയാതിരിക്കാനുള്ള സൂത്രത്തിന്‍റെ ഭാഗമായി യോസേഫ്‌ താന്‍ എങ്ങനെയുള്ള ഒരാളാണെന്നു നടിച്ചു? (ഉല്‌പ. 44:5, 15; ലേവ്യ. 19:26)

  നേരത്തെ തങ്ങളുടെ സഹോദരനോടു കാണിച്ച അസൂയ നിറഞ്ഞ മനോഭാവം പൊയ്‌പോയിരിക്കുന്നുവെന്നു യോസേഫിന്‍റെ സഹോദരന്മാര്‍ വ്യക്തമാക്കിയത്‌ എങ്ങനെ? (ഉല്‌പ. 44:13, 33, 34)