വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കഥ 23: ഫറവോന്‍റെ സ്വപ്നങ്ങള്‍

കഥ 23: ഫറവോന്‍റെ സ്വപ്നങ്ങള്‍

രണ്ടു വര്‍ഷം കഴിഞ്ഞു, യോസേഫ്‌ ഇപ്പോഴും തടവില്‍ത്തന്നെയാണ്‌. പാനപാത്രവാഹകന്‍ ഇതുവരെ അവനെ ഓര്‍ത്തിട്ടില്ല. അങ്ങനെയിരിക്കെ, ഒരു രാത്രിയില്‍ ഫറവോന്‍ വളരെ അസാധാരണമായ രണ്ടു സ്വപ്‌നങ്ങള്‍ കാണുന്നു. സ്വപ്‌നങ്ങളുടെ അര്‍ഥം അറിയാന്‍ അവന്‍ ആഗ്രഹിക്കുന്നു. ഈ ചിത്രത്തില്‍, ഫറവോന്‍ ഉറങ്ങിക്കിടക്കുന്നതു കണ്ടോ? പിറ്റേന്നു രാവിലെ ഫറവോന്‍ തന്‍റെ രാജ്യത്തെ ബുദ്ധിമാന്മാരെയെല്ലാം വിളിപ്പിച്ച് താന്‍ കണ്ട സ്വപ്‌നത്തെ കുറിച്ച് അവരോടു പറയുന്നു. എന്നാല്‍ ഈ സ്വപ്‌നങ്ങളുടെ അര്‍ഥം പറഞ്ഞുകൊടുക്കാന്‍ അവര്‍ക്കാര്‍ക്കും കഴിയുന്നില്ല.

അപ്പോഴാണ്‌ പാനപാത്രവാഹകന്‍ യോസേഫിനെ കുറിച്ച് ഓര്‍ക്കുന്നത്‌. അവന്‍ ഫറവോനോടു പറയുന്നു: ‘ഞാന്‍ തടവിലായിരുന്നപ്പോള്‍, സ്വപ്‌നങ്ങളുടെ അര്‍ഥം പറഞ്ഞുതരാന്‍ കഴിവുള്ള ഒരു മനുഷ്യന്‍ അവിടെയുണ്ടായിരുന്നു.’ ഉടനെ ഫറവോന്‍ യോസേഫിനെ തടവറയില്‍നിന്നു വരുത്തുന്നു.

ഫറവോന്‍ യോസേഫിനോട്‌ സ്വപ്‌നങ്ങളെക്കുറിച്ചു പറയുന്നു: ‘തടിച്ചുകൊഴുത്ത നല്ല ഏഴു പശുക്കളെ ഞാന്‍ കണ്ടു. പിന്നെ മെലിഞ്ഞ് എല്ലുംതോലുമായ വേറെ ഏഴു പശുക്കളെയും ഞാന്‍ കണ്ടു. മെലിഞ്ഞ പശുക്കള്‍ തടിച്ചുകൊഴുത്തവയെ തിന്നുകളഞ്ഞു.’

ഫറവോന്‍ സ്വപ്നം കാണുന്നു

‘എന്‍റെ രണ്ടാമത്തെ സ്വപ്‌നത്തില്‍, ഒരു തണ്ടില്‍ ധാന്യമണികള്‍ നിറഞ്ഞ നല്ല ഏഴു കതിരുകള്‍ ഞാന്‍ കണ്ടു. പിന്നെ വാടിക്കരിഞ്ഞ ഏഴു കതിരുകളും ഞാന്‍ കണ്ടു. ഉണങ്ങിയ കതിരുകള്‍ നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു.’

യോസേഫ്‌ ഫറവോനോടു പറയുന്നു: ‘രണ്ടു സ്വപ്‌നങ്ങളുടെയും അര്‍ഥം ഒന്നുതന്നെയാണ്‌. ഏഴു തടിച്ച പശുക്കളും ഏഴു നല്ല കതിരുകളും ഏഴു വര്‍ഷങ്ങളെ കുറിക്കുന്നു. മെലിഞ്ഞ ഏഴു പശുക്കളും ഉണങ്ങിയ ഏഴു കതിരുകളും വേറെ ഏഴു വര്‍ഷങ്ങളെ കുറിക്കുന്നു. ഇഷ്ടംപോലെ ഭക്ഷണം ഉള്ള ഏഴു വര്‍ഷങ്ങള്‍ ഇനി ഈജിപ്‌തിലുണ്ടാകും, തുടര്‍ന്ന് വലിയ ക്ഷാമത്തിന്‍റേതായ ഏഴു വര്‍ഷങ്ങളും ഉണ്ടാകും.’

അതുകൊണ്ട്, യോസേഫ്‌ ഫറവോനോട്‌ പറയുന്നു: ‘ഇഷ്ടംപോലെ ഭക്ഷണം ലഭിക്കുന്ന സമയത്ത്‌ ധാന്യത്തില്‍ കുറെ മാറ്റിവെക്കാനായി ബുദ്ധിമാനായ ഒരാളെ തിരഞ്ഞെടുക്കുക. അപ്പോള്‍ പിന്നെവരുന്ന ക്ഷാമകാലത്ത്‌ ജനം പട്ടിണി കിടക്കേണ്ടി വരില്ല.’

ഫറവോന്‌ യോസേഫ്‌ പറഞ്ഞ ഈ കാര്യം വളരെ ഇഷ്ടപ്പെടുന്നു. ധാന്യം ശേഖരിച്ചു വെക്കാന്‍ അവന്‍ യോസേഫിനെത്തന്നെ തിരഞ്ഞെടുക്കുന്നു. ഫറവോന്‍ കഴിഞ്ഞാല്‍പ്പിന്നെ ഈജിപ്‌തിലെ ഏറ്റവും വലിയ ആളായിത്തീരുന്നു യോസേഫ്‌.

എട്ടുവര്‍ഷത്തിനു ശേഷം, ക്ഷാമകാലത്ത്‌ ചില ആളുകള്‍ വരുന്നത്‌ യോസേഫ്‌ കാണുന്നു. അവര്‍ ആരാണെന്ന് അറിയാമോ? യോസേഫിന്‍റെ 10 ജ്യേഷ്‌ഠന്മാര്‍! അവര്‍ താമസിക്കുന്ന കനാനില്‍ ധാന്യം തീരാറായതുകൊണ്ട് അവരുടെ അപ്പനായ യാക്കോബ്‌ അവരെ ഈജിപ്‌തിലേക്കു പറഞ്ഞയച്ചിരിക്കുകയാണ്‌. യോസേഫിന്‌ തന്‍റെ ജ്യേഷ്‌ഠന്മാരെ കണ്ടപ്പോള്‍ത്തന്നെ മനസ്സിലായി, എന്നാല്‍ അവര്‍ക്ക് അവനെ മനസ്സിലാകുന്നില്ല. അത്‌ എന്തുകൊണ്ടായിരിക്കും? കാരണം യോസേഫ്‌ ഇപ്പോള്‍ അന്നത്തേതിലും വളര്‍ന്നു, മാത്രമല്ല അവന്‍ പണ്ട് ഇട്ടിരുന്നതുപോലുള്ള ഉടുപ്പൊന്നുമല്ല ഇപ്പോള്‍ ഇടുന്നത്‌.

ജ്യേഷ്‌ഠന്മാര്‍ തന്‍റെ മുമ്പില്‍ കുമ്പിടുന്നതായി ചെറുതായിരുന്നപ്പോള്‍ താന്‍ കണ്ട സ്വപ്‌നത്തെക്കുറിച്ച് യോസേഫ്‌ ഇപ്പോള്‍ ഓര്‍ക്കുന്നു. അതിനെ കുറിച്ച് വായിച്ചത്‌ ഓര്‍ക്കുന്നില്ലേ? അതുകൊണ്ട് ദൈവമാണ്‌ തന്നെ ഈജിപ്‌തിലേക്ക് അയച്ചതെന്നും അതിന്‌ തക്കതായ കാരണം ഉണ്ടായിരുന്നെന്നും അവന്‌ ഇപ്പോള്‍ മനസ്സിലാകുന്നു. യോസേഫ്‌ ഇപ്പോള്‍ എന്തായിരിക്കും ചെയ്യുക? നമുക്കു നോക്കാം.

ഉല്‌പത്തി 41:1-57; 42:1-8; 50:20.ചോദ്യങ്ങള്‍

 • ഒരു രാത്രിയില്‍ ഫറവോന്‌ എന്തു സംഭവിക്കുന്നു?
 • പാനപാത്രവാഹകന്‍ ഒടുവില്‍ യോസേഫിനെ ഓര്‍ത്തത്‌ എന്തുകൊണ്ടാണ്‌?
 • ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ, ഏതു രണ്ടു സ്വപ്‌നങ്ങളാണ്‌ ഫറവോന്‍ കണ്ടത്‌?
 • സ്വപ്‌നങ്ങളുടെ അര്‍ഥം എന്താണെന്നാണ്‌ യോസേഫ്‌ പറയുന്നത്‌?
 • ഫറവോന്‍ കഴിഞ്ഞാല്‍ ഈജിപ്‌തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയായി യോസേഫ്‌ മാറുന്നത്‌ എങ്ങനെ?
 • യോസേഫിന്‍റെ ജ്യേഷ്‌ഠന്മാര്‍ ഈജിപ്‌തിലേക്കു വരുന്നത്‌ എന്തുകൊണ്ട്, അവര്‍ അവനെ തിരിച്ചറിയാത്തത്‌ എന്തുകൊണ്ട്?
 • യോസേഫ്‌ ഏതു സ്വപ്‌നത്തിന്‍റെ കാര്യമാണ്‌ ഓര്‍ക്കുന്നത്‌, എന്തു മനസ്സിലാക്കാന്‍ അത്‌ അവനെ സഹായിക്കുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • ഉല്‌പത്തി 41:1-57 വായിക്കുക.

  യോസേഫ്‌ യഹോവയിലേക്കു ശ്രദ്ധ ക്ഷണിച്ചത്‌ എങ്ങനെ, ഇന്നു ക്രിസ്‌ത്യാനികള്‍ക്ക് ഏതു വിധത്തില്‍ അവന്‍റെ ദൃഷ്ടാന്തം അനുകരിക്കാന്‍ കഴിയും? (ഉല്‌പ. 41:16, 25, 28; മത്താ. 5:16; 1 പത്രൊ. 2:12)

  ഭക്ഷ്യസമൃദ്ധിയുടെ ഏഴുവര്‍ഷവും അതിനെ തുടര്‍ന്നുവന്ന കടുത്ത ക്ഷാമത്തിന്‍റെ ഏഴുവര്‍ഷവും, ഇന്നത്തെ യഹോവയുടെ ജനത്തിന്‍റെ ആത്മീയ അവസ്ഥയും ക്രൈസ്‌തവലോകത്തിന്‍റെ അവസ്ഥയും തമ്മിലുള്ള വ്യത്യാസം കൃത്യമായി കാണിക്കുന്നത്‌ എങ്ങനെ? (ഉല്‌പ. 41:29, 30; ആമോ. 8:11, 12)

 • ഉല്‌പത്തി 42:1-8; 50:20 വായിക്കുക.

  ഒരു വ്യക്തിയുടെ സ്ഥാനത്തോട്‌ ആദരവും ബഹുമാനവും കാണിക്കുന്നതിന്‌ അയാളുടെ മുമ്പില്‍ കുമ്പിടുന്നത്‌ ഒരു ദേശത്തെ ആചാരമാണെങ്കില്‍ യഹോവയുടെ ദാസന്മാര്‍ അങ്ങനെ ചെയ്യുന്നതു തെറ്റാണോ? (ഉല്‌പ. 42:6)