വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 22: യോസേഫിനെ തടവിലാക്കുന്നു

കഥ 22: യോസേഫിനെ തടവിലാക്കുന്നു

യോസേഫിനെ ഈജിപ്‌തിലേക്കു കൊണ്ടുപോകുമ്പോള്‍ അവന്‌ 17 വയസ്സേ ഉള്ളൂ. അവിടെ അവനെ ഈജിപ്‌തിലെ രാജാവായ ഫറവോന്‍റെ ജോലിക്കാരനായ പോത്തീഫറിനു വില്‍ക്കുന്നു.

തടവിലായിരിക്കുന്ന യോസേഫ്

യോസേഫ്‌ തന്‍റെ യജമാനനുവേണ്ടി കഷ്ടപ്പെട്ടു പണിയെടുക്കുന്നു. അതുകൊണ്ട് അവന്‍ കുറേക്കൂടെ വലുതാകുമ്പോള്‍ പോത്തീഫര്‍ തന്‍റെ വീട്ടിലെ എല്ലാ ഉത്തരവാദിത്വങ്ങളും അവനെ ഏല്‍പ്പിക്കുന്നു. അങ്ങനെയാണെങ്കില്‍ യോസേഫ്‌ ഇപ്പോള്‍ തടവില്‍ ആയിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? അതിനു കാരണം പോത്തീഫറിന്‍റെ ഭാര്യയാണ്‌.

യോസേഫ്‌ വളര്‍ന്നുവരുമ്പോള്‍ വളരെ സുന്ദരനായിത്തീരുന്നു. അവന്‍ തന്നോടൊപ്പം കിടക്കാന്‍ പോത്തീഫറിന്‍റെ ഭാര്യ ആഗ്രഹിക്കുന്നു. എന്നാല്‍ ഇതു തെറ്റാണെന്ന് യോസേഫിനറിയാം, അവന്‍ അതു ചെയ്യുകയില്ല. അതുകൊണ്ട് അവള്‍ക്ക് യോസേഫിനോടു കടുത്ത ദേഷ്യം വരുന്നു. ഭര്‍ത്താവു വരുമ്പോള്‍ അവള്‍ അയാളോട്‌ ഇങ്ങനെ കള്ളം പറയുന്നു: ‘ദുഷ്ടനായ ആ യോസേഫ്‌ വന്ന് എന്‍റെ കൂടെ കിടക്കാന്‍ ശ്രമിച്ചു!’ പോത്തീഫര്‍ ഭാര്യ പറഞ്ഞതു വിശ്വസിച്ചു, അയാള്‍ക്ക് യോസേഫിനോടു വല്ലാത്ത ദേഷ്യമായി. അങ്ങനെ അവനെ തടവിലാക്കുന്നു.

യോസേഫ്‌ നല്ലവനാണെന്ന് തടവറയുടെ മേല്‍നോട്ടക്കാരനു പെട്ടെന്നുതന്നെ മനസ്സിലാകുന്നു. അതുകൊണ്ട് മറ്റു തടവുകാരുടെയെല്ലാം മേല്‍നോട്ടം അവന്‍ യോസേഫിനെ ഏല്‍പ്പിക്കുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ ഫറവോന്‍ തന്‍റെ പാനപാത്രവാഹകനോടും അപ്പക്കാരനോടും ദേഷ്യപ്പെട്ട് അവരെ തടവിലാക്കുന്നു. ഒരു രാത്രിയില്‍ അവര്‍ രണ്ടുപേരും ഓരോ സ്വപ്‌നം കാണുന്നു. അവ സാധാരണ സ്വപ്‌നങ്ങള്‍ അല്ലെന്നു മനസ്സിലായെങ്കിലും അവയുടെ അര്‍ഥം അവര്‍ക്കു മനസ്സിലാകുന്നില്ല. അടുത്ത ദിവസം യോസേഫ്‌ അവരോടു പറയുന്നു: ‘നിങ്ങളുടെ സ്വപ്‌നം എന്നോടു പറയൂ.’ അവര്‍ സ്വപ്‌നം പറയുമ്പോള്‍ ദൈവത്തിന്‍റെ സഹായത്താല്‍ യോസേഫ്‌ അവയുടെ അര്‍ഥം അവര്‍ക്കു പറഞ്ഞു കൊടുക്കുന്നു.

പാനപാത്രവാഹകനോടു യോസേഫ്‌ പറയുന്നു: ‘മൂന്നു ദിവസത്തിനുള്ളില്‍ നിന്നെ ഇവിടെനിന്നു വിട്ടയയ്‌ക്കും, നീ ഒരിക്കല്‍ക്കൂടി ഫറവോന്‍റെ പാനപാത്രവാഹകനാകും.’ എന്നിട്ട് യോസേഫ്‌ ഇങ്ങനെ കൂടെ പറഞ്ഞു: ‘പുറത്തുപോയി കഴിയുമ്പോള്‍ നീ എന്നെക്കുറിച്ച് ഫറവോനോടു പറയണം, ഇവിടെനിന്നു പുറത്തിറങ്ങാന്‍ നീ എന്നെ സഹായിക്കണം.’ എന്നാല്‍ അപ്പക്കാരനോട്‌ യോസേഫ്‌ പറയുന്നു: ‘വെറും മൂന്നു ദിവസത്തിനുള്ളില്‍ ഫറവോന്‍ നിന്‍റെ തല വെട്ടും.’

മൂന്നു ദിവസത്തിനുള്ളില്‍ യോസേഫ്‌ പറഞ്ഞതുപോലെതന്നെ കാര്യങ്ങള്‍ നടക്കുന്നു. ഫറവോന്‍ അപ്പക്കാരന്‍റെ തല വെട്ടാന്‍ കല്‍പ്പിക്കുന്നു, പാനപാത്രവാഹകനെ തടവില്‍നിന്നു പുറത്തിറക്കുകയും ഒരിക്കല്‍ക്കൂടെ രാജാവിന്‍റെ ജോലിക്കാരന്‍ ആക്കുകയും ചെയ്യുന്നു. എന്നാല്‍ പാനപാത്രവാഹകന്‍ യോസേഫിന്‍റെ കാര്യം അപ്പാടെ മറന്നുപോകുന്നു! അവന്‍ യോസേഫിനെ കുറിച്ചു ഫറവോനോടു പറയുന്നില്ല, യോസേഫിന്‌ തടവില്‍ത്തന്നെ കഴിയേണ്ടിവരുന്നു.

ഉല്‌പത്തി 39:1-23; 40:1-23.ചോദ്യങ്ങള്‍

 • ഈജിപ്‌തിലേക്കു കൊണ്ടുപോയപ്പോള്‍ യോസേഫിന്‌ എത്ര വയസ്സുണ്ടായിരുന്നു, അവിടെ ചെല്ലുമ്പോള്‍ എന്തു സംഭവിക്കുന്നു?
 • യോസേഫ്‌ തടവിലായത്‌ എങ്ങനെയാണ്‌?
 • തടവറയില്‍ അവന്‌ എന്ത് ഉത്തരവാദിത്വം ലഭിക്കുന്നു?
 • തടവില്‍വെച്ച് ഫറവോന്‍റെ പാനപാത്രവാഹകനും അപ്പക്കാരനും വേണ്ടി യോസേഫ്‌ എന്താണു ചെയ്യുന്നത്‌?
 • പാനപാത്രവാഹകന്‍ മോചിതനായിക്കഴിഞ്ഞ് എന്തു സംഭവിക്കുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • ഉല്‌പത്തി 39:1-23 വായിക്കുക.

  യോസേഫിന്‍റെ കാലത്ത്‌ വ്യഭിചാരത്തെ കുറ്റംവിധിക്കുന്ന എഴുതപ്പെട്ട നിയമങ്ങള്‍ ഒന്നും ഇല്ലായിരുന്നെങ്കിലും ഫറവോന്‍റെ ഭാര്യയുടെ സമീപത്തുനിന്ന് ഓടിയകലാന്‍ അവനെ പ്രേരിപ്പിച്ചത്‌ എന്തായിരുന്നു? (ഉല്‌പ. 2:24; 20:3; 39:9)

 • ഉല്‌പത്തി 40:1-23 വായിക്കുക.

  പാനപാത്രവാഹകന്‍റെ സ്വപ്‌നത്തെക്കുറിച്ചും അതിന്‌ യഹോവ യോസേഫിനു നല്‍കിയ വ്യാഖ്യാനത്തെക്കുറിച്ചും ചുരുക്കിപ്പറയുക. (ഉല്‌പ. 40:9-13)

  അപ്പക്കാരന്‍ കണ്ട സ്വപ്‌നവും അതിന്‍റെ അര്‍ഥവും എന്തായിരുന്നു? (ഉല്‌പ. 40:16-19)

  വിശ്വസ്‌തനും വിവേകിയുമായ അടിമ ഇന്നു യോസേഫിന്‍റെ മനോഭാവം അനുകരിച്ചിരിക്കുന്നത്‌ എങ്ങനെ? (ഉല്‌പ. 40:8; സങ്കീ. 36:9; യോഹ. 17:17; പ്രവൃ. 17:2, 3)

  പിറന്നാള്‍ ആഘോഷങ്ങള്‍ സംബന്ധിച്ച് ക്രിസ്‌ത്യാനികള്‍ക്ക് ഉണ്ടായിരിക്കേണ്ട വീക്ഷണത്തിലേക്ക് ഉല്‌പത്തി 40:20 വെളിച്ചം വീശുന്നത്‌ എങ്ങനെ? (സഭാ. 7:1; മര്‍ക്കൊ. 6:21-28)