വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കഥ 21: യോസേഫിന്‍റെ ജ്യേഷ്ഠന്മാര്‍ അവനെ വെറുക്കുന്നു

കഥ 21: യോസേഫിന്‍റെ ജ്യേഷ്ഠന്മാര്‍ അവനെ വെറുക്കുന്നു

ഈ ബാലനെ കണ്ടോ? എന്തൊരു സങ്കടവും വിഷമവും ആണല്ലേ അവന്‍റെ മുഖത്ത്‌? ഇതു യോസേഫാണ്‌. അവന്‍റെ ജ്യേഷ്‌ഠന്മാര്‍ അവനെ ഈജിപ്‌തിലേക്കു പോകുകയായിരുന്ന ഈ മനുഷ്യര്‍ക്ക് ഇപ്പോള്‍ വിറ്റതേയുള്ളൂ. യോസേഫിനെ അവര്‍ അവിടെ ഒരു അടിമയാക്കും. അവന്‍റെ ജ്യേഷ്‌ഠന്മാര്‍ ഇത്രയും ക്രൂരമായ ഒരു കാര്യം ചെയ്‌തത്‌ എന്തുകൊണ്ടാണ്‌? കാരണം അവര്‍ക്കു യോസേഫിനോട്‌ അസൂയയാണ്‌.

യോസേഫിന്‍റെ ജ്യേഷ്ഠന്മാര്‍ അവനെ വില്‍ക്കുന്നു

അവരുടെ അപ്പനായ യാക്കോബിന്‌ യോസേഫിനെയായിരുന്നു ഏറ്റവും ഇഷ്ടം. അതുകൊണ്ട് അവന്‍ യോസേഫിനു നല്ല ഭംഗിയുള്ള നീണ്ട ഒരു അങ്കി തുന്നിക്കൊടുത്തു. യാക്കോബിനു യോസേഫിനോടുള്ള സ്‌നേഹം അവന്‍റെ പത്തു ജ്യേഷ്‌ഠന്മാര്‍ കണ്ടപ്പോള്‍ അവര്‍ക്ക് അസൂയ തോന്നിത്തുടങ്ങി, അങ്ങനെ അവര്‍ അവനെ വെറുത്തു. അവനെ വെറുക്കാന്‍ മറ്റൊരു കാരണവും ഉണ്ടായിരുന്നു.

യോസേഫ്‌ രണ്ടു സ്വപ്‌നങ്ങള്‍ കണ്ടു. അവന്‍റെ ജ്യേഷ്‌ഠന്മാര്‍ അവന്‍റെ മുമ്പില്‍ കുമ്പിടുന്നതായിട്ടായിരുന്നു രണ്ടു സ്വപ്‌നങ്ങളും. ഇതിനെക്കുറിച്ച് അവന്‍ തന്‍റെ ജ്യേഷ്‌ഠന്മാരോടു പറഞ്ഞപ്പോള്‍ അവര്‍ക്ക് അവനോടുള്ള വെറുപ്പു പിന്നെയും കൂടി.

ഒരു ദിവസം യോസേഫിന്‍റെ ജ്യേഷ്‌ഠന്മാര്‍ തങ്ങളുടെ അപ്പന്‍റെ ആടുകളെ മേയ്‌ക്കുകയായിരുന്നു, അവര്‍ സുഖമായിരിക്കുന്നുവോ എന്ന് അന്വേഷിച്ചു വരാന്‍ യാക്കോബ്‌ യോസേഫിനെ അവരുടെ അടുത്തേക്ക് അയയ്‌ക്കുന്നു. യോസേഫ്‌ വരുന്നതു കണ്ടപ്പോള്‍ അവരില്‍ ചിലര്‍ ഇങ്ങനെ പറയുന്നു: ‘നമുക്കവനെ കൊല്ലാം!’ എന്നാല്‍ ഏറ്റവും മൂത്തവനായ രൂബേന്‍ പറയുന്നു: ‘വേണ്ട, അതു വേണ്ട!’ പകരം അവര്‍ അവനെ പിടിച്ച് ഒരു പൊട്ടക്കിണറ്റില്‍ ഇടുന്നു. എന്നിട്ട് അവനെ എന്തു ചെയ്യണമെന്ന് എല്ലാവരും കൂടിയിരുന്ന് ആലോചിക്കുന്നു.

ഈ സമയത്താണ്‌ ഇശ്‌മായേല്യരായ ചില ആളുകള്‍ അതുവഴി വരുന്നത്‌. യെഹൂദാ മറ്റുള്ളവരോട്‌ ഇങ്ങനെ പറയുന്നു: ‘നമുക്കവനെ ഇശ്‌മായേല്യര്‍ക്കു വില്‍ക്കാം.’ അവര്‍ അങ്ങനെ ചെയ്യുന്നു. അവര്‍ അവനെ 20 വെള്ളിക്കാശിനു വില്‍ക്കുന്നു. എത്ര ക്രൂരമായിരുന്നു അത്‌, അല്ലേ?

ഇനി അവര്‍ തങ്ങളുടെ അപ്പനോട്‌ എന്തു പറയും? അവര്‍ ഒരു കോലാടിനെ കൊന്ന് യോസേഫിന്‍റെ ഭംഗിയുള്ള അങ്കി ആ ചോരയില്‍ പിന്നെയും പിന്നെയും മുക്കുന്നു. എന്നിട്ട് അവര്‍ ആ അങ്കിയുമെടുത്ത്‌ വീട്ടില്‍ ചെന്ന് യാക്കോബിനെ കാണിച്ചിട്ട് പറയുന്നു: ‘ഞങ്ങള്‍ക്ക് ഇതു മാത്രം കിട്ടി. ഇതു യോസേഫിന്‍റെ അങ്കിയല്ലേ എന്നു നോക്കിക്കേ.’

അതു തന്‍റെ മകന്‍റേതാണെന്ന് യാക്കോബിനു മനസ്സിലാകുന്നു. ‘ഏതെങ്കിലും കാട്ടുമൃഗം അവനെ കടിച്ചുകീറി കൊന്നിട്ടുണ്ടാകും’ എന്നു പറഞ്ഞ് യാക്കോബ്‌ കരയുന്നു. അവന്‍ അങ്ങനെ വിചാരിക്കാന്‍ തന്നെയാണ്‌ അവര്‍ ആഗ്രഹിച്ചതും. യാക്കോബിനു സങ്കടം സഹിക്കാനാകുന്നില്ല. അവന്‍ ദിവസങ്ങളോളം യോസേഫിനെ ഓര്‍ത്തു കരയുന്നു. എന്നാല്‍ യോസേഫ്‌ മരിച്ചിട്ടില്ല. അവനെ കൊണ്ടുചെന്ന സ്ഥലത്ത്‌ എന്താണു സംഭവിക്കുന്നതെന്നു നമുക്കു നോക്കാം.

ഉല്‌പത്തി 37:1-35.ചോദ്യങ്ങള്‍

 • യോസേഫിന്‍റെ ജ്യേഷ്‌ഠന്മാര്‍ക്ക് അവനോട്‌ അസൂയയായിരുന്നത്‌ എന്തുകൊണ്ട്, അതുകൊണ്ട് അവര്‍ എന്തു ചെയ്‌തു?
 • യോസേഫിനെ എന്തു ചെയ്യാനാണ്‌ അവന്‍റെ ജ്യേഷ്‌ഠന്മാര്‍ ആഗ്രഹിക്കുന്നത്‌, എന്നാല്‍ രൂബേന്‍ എന്തു പറയുന്നു?
 • ഇശ്‌മായേല്യ കച്ചവടക്കാര്‍ അതുവഴി വന്നപ്പോള്‍ എന്തു സംഭവിക്കുന്നു?
 • യോസേഫ്‌ മരിച്ചുപോയെന്നു പിതാവിനെ ധരിപ്പിക്കാന്‍ അവന്‍റെ ജ്യേഷ്‌ഠന്മാര്‍ എന്തു ചെയ്യുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • ഉല്‌പത്തി 37:1-35 വായിക്കുക.

  സഭയിലുള്ളവര്‍ ചെയ്യുന്ന തെറ്റുകളെക്കുറിച്ച് റിപ്പോര്‍ട്ടു ചെയ്യുന്ന കാര്യത്തില്‍ ക്രിസ്‌ത്യാനികള്‍ക്കു യോസേഫിന്‍റെ ദൃഷ്ടാന്തം എങ്ങനെ അനുകരിക്കാന്‍ കഴിയും? (ഉല്‌പ. 37:2; ലേവ്യ. 5:1; 1 കൊരി. 1:11)

  യോസേഫിനോടു വഞ്ചനകാണിക്കാന്‍ അവന്‍റെ ജ്യേഷ്‌ഠന്മാരെ പ്രേരിപ്പിച്ചത്‌ എന്തായിരുന്നു? (ഉല്‌പ. 37:11, 18; സദൃ. 27:4, NW; യാക്കോ. 3:14-16)

  ദുഃഖം വരുമ്പോള്‍ സാധാരണ ചെയ്യാറുള്ള ഏതു കാര്യമാണ്‌ യാക്കോബ്‌ ചെയ്‌തത്‌? (ഉല്‌പ. 37:35)