വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കഥ 20: ദീനാ കുഴപ്പത്തില്‍ അകപ്പെടുന്നു

കഥ 20: ദീനാ കുഴപ്പത്തില്‍ അകപ്പെടുന്നു

ദീനാ ആരെ കാണാനാണു പോകുന്നത്‌ എന്നു കണ്ടോ? കനാന്‍ദേശത്തു താമസിക്കുന്ന ചില പെണ്‍കുട്ടികളെ കാണാനാണ്‌ അവള്‍ പോകുന്നത്‌. അവളുടെ അപ്പനായ യാക്കോബിന്‌ ഇത്‌ ഇഷ്ടമായിരിക്കുമോ? ഈ ചോദ്യത്തിന്‌ ഉത്തരം കിട്ടുന്നതിന്‌, അബ്രാഹാമിനും യിസ്‌ഹാക്കിനും കനാനിലെ പെണ്‍കുട്ടികളെ ഇഷ്ടമായിരുന്നോ എന്ന് ഓര്‍ത്തുനോക്കൂ.

ദീനാ കനാനിലെ കൂട്ടുകാരികളെ കാണാന്‍ ചെല്ലുന്നു

തന്‍റെ മകനായ യിസ്‌ഹാക്കിന്‌ കനാന്‍ദേശത്തുനിന്ന് ഒരു പെണ്‍കുട്ടിയെ ഭാര്യയായി എടുക്കാന്‍ അബ്രാഹാം ആഗ്രഹിച്ചിരുന്നോ? ഇല്ല. യിസ്‌ഹാക്കും റിബെക്കായും തങ്ങളുടെ മകനായ യാക്കോബ്‌ ഒരു കനാന്യ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചോ? ഇല്ല. അത്‌ എന്തുകൊണ്ടായിരുന്നു?

കനാന്‍ദേശത്തെ ആളുകള്‍ വ്യാജദൈവങ്ങളെയാണ്‌ ആരാധിച്ചിരുന്നത്‌. അവര്‍ കല്യാണം കഴിക്കാനോ അടുത്ത കൂട്ടുകാര്‍ ആയിരിക്കാനോ പറ്റിയവരല്ലായിരുന്നു. കാരണം അവര്‍ നല്ല ആളുകള്‍ ആയിരുന്നില്ല. അതുകൊണ്ട് തന്‍റെ മകള്‍ കനാന്‍ദേശത്തെ പെണ്‍കുട്ടികളോടു കൂട്ടുകൂടാന്‍ പോകുന്നത്‌ യാക്കോബിന്‌ ഇഷ്ടമുള്ള കാര്യമായിരുന്നില്ല എന്നുള്ളത്‌ ഉറപ്പാണ്‌.

ദീനാ കുഴപ്പത്തില്‍ അകപ്പെടുകതന്നെ ചെയ്‌തു. ചിത്രത്തില്‍, ദീനായെത്തന്നെ നോക്കിനില്‍ക്കുന്ന ആ മനുഷ്യനെ കണ്ടോ? അയാളുടെ പേര്‌ ശേഖേം എന്നാണ്‌. ഒരു ദിവസം ദീനാ തന്‍റെ കൂട്ടുകാരികളെ കാണാന്‍ ചെന്നപ്പോള്‍ ശേഖേം അവളെ പിടിച്ചുകൊണ്ടുപോയി തന്‍റെ കൂടെ കിടക്കാന്‍ നിര്‍ബന്ധിച്ചു. ഇതു തെറ്റായിരുന്നു. കാരണം വിവാഹം കഴിക്കാത്ത ഒരു ആണും പെണ്ണും അങ്ങനെ ഒരുമിച്ചു കിടക്കാന്‍ പാടില്ല. ശേഖേം ദീനായോടു ചെയ്‌ത ഈ ചീത്ത കാര്യം പിന്നെയും ഒരുപാട്‌ പ്രശ്‌നങ്ങളിലേക്കു നയിച്ചു.

ദീനായ്‌ക്കു സംഭവിച്ചത്‌ എന്താണെന്ന് അവളുടെ സഹോദരന്മാര്‍ കേട്ടപ്പോള്‍ അവര്‍ക്കെല്ലാം ഭയങ്കര ദേഷ്യം വന്നു. അവരില്‍ രണ്ടുപേര്‍, ശിമെയോനും, ലേവിയും ദേഷ്യം സഹിക്കവയ്യാതെ വാളുകളുമായി ആ പട്ടണത്തിലേക്കു ചെന്ന് അവിടത്തെ ആണുങ്ങളെയെല്ലാം ആക്രമിച്ചു. അവരും യാക്കോബിന്‍റെ മറ്റ്‌ ആണ്‍മക്കളും കൂടി ശേഖേമിനെയും അവിടത്തെ മറ്റുള്ള ആണുങ്ങളെയും കൊന്നുകളഞ്ഞു. ഇതു കേട്ട് യാക്കോബിനു കടുത്ത കോപം വന്നു. കാരണം അവന്‍റെ മക്കള്‍ ചെയ്‌തത്‌ തെറ്റായ കാര്യമായിരുന്നു.

ഈ കുഴപ്പത്തിനെല്ലാം കാരണം എന്തായിരുന്നു? ദൈവത്തിന്‍റെ നിയമങ്ങള്‍ അനുസരിക്കാത്തവരുമായി ദീനാ ചങ്ങാത്തം കൂടാന്‍ പോയതായിരുന്നു കാരണം. അത്തരം ആളുകളെ കൂട്ടുകാരാക്കാന്‍ നാം ആഗ്രഹിക്കുകയില്ല, ശരിയല്ലേ?

ഉല്‌പത്തി 34:1-31.ചോദ്യങ്ങള്‍

 • തങ്ങളുടെ മക്കള്‍ കനാന്‍ദേശത്തുനിന്നു വിവാഹം കഴിക്കാന്‍ അബ്രാഹാമും യിസ്‌ഹാക്കും ആഗ്രഹിക്കാതിരുന്നത്‌ എന്തുകൊണ്ടായിരുന്നു?
 • തന്‍റെ മകള്‍ കനാന്‍ദേശത്തെ പെണ്‍കുട്ടികളോടു കൂട്ടുകൂടാന്‍ പോകുന്നത്‌ യാക്കോബിന്‌ ഇഷ്ടമായിരുന്നോ?
 • ചിത്രത്തില്‍ ദീനായെത്തന്നെ നോക്കിനില്‍ക്കുന്ന പുരുഷന്‍ ആരാണ്‌, അവന്‍ എന്തു മോശമായ കാര്യം ചെയ്‌തു?
 • സംഭവിച്ചതിനെക്കുറിച്ചു കേട്ടപ്പോള്‍ ദീനായുടെ സഹോദരന്മാരായ ശിമെയോനും ലേവിയും എന്തു ചെയ്‌തു?
 • ശിമെയോനും ലേവിയും ചെയ്‌തത്‌ യാക്കോബിന്‌ ഇഷ്ടമുള്ള കാര്യമായിരുന്നോ?
 • കുടുംബത്തിലെ പ്രശ്‌നങ്ങള്‍ എല്ലാം തുടങ്ങിയത്‌ എങ്ങനെയായിരുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • ഉല്‌പത്തി 34:1-31 വായിക്കുക.

  ദീനാ കനാന്‍ദേശത്തെ പെണ്‍കുട്ടികളെ കാണാന്‍ പോയത്‌ ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നോ? വിശദീകരിക്കുക. (ഉല്‌പ. 34:1, NW)

  തന്‍റെ ചാരിത്ര്യം നഷ്ടമായതില്‍ ദീനായും ഒരു പരിധിവരെ കുറ്റക്കാരിയായിരുന്നത്‌ എന്തുകൊണ്ട്? (ഗലാ. 6:7)

  ദീനായുടെ ദൃഷ്ടാന്തം ഒരു മുന്നറിയിപ്പായി ചെവിക്കൊണ്ടിരിക്കുന്നു എന്ന് ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് എങ്ങനെ കാണിക്കാന്‍ കഴിയും? (സദൃ. 13:20; 1 കൊരി. 15:33; 1 യോഹ. 5:19)