വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 19: യാക്കോബിന്‍റെ വലിയ കുടുംബം

കഥ 19: യാക്കോബിന്‍റെ വലിയ കുടുംബം
യാക്കോബും പുത്രന്മാരും

ഈ വലിയ കുടുംബത്തെ ഒന്നു കാണുക. ഇവര്‍ യാക്കോബിന്‍റെ 12 ആണ്‍മക്കളാണ്‌. അവനു പെണ്‍മക്കളും ഉണ്ട്. ഇവരില്‍ ആരുടെയെങ്കിലും പേര്‌ നിങ്ങള്‍ക്ക് അറിയാമോ? നമുക്ക് അവയില്‍ ചിലതു പഠിക്കാം.

ലേയയ്‌ക്ക് രൂബേന്‍, ശിമെയോന്‍, ലേവി, യെഹൂദാ എന്നീ മക്കള്‍ ഉണ്ടായി. തനിക്കു കുട്ടികള്‍ ഒന്നും ജനിക്കുന്നില്ലെന്നു റാഹേല്‍ കണ്ടപ്പോള്‍ അവള്‍ക്കു വളരെ സങ്കടമായി. അതുകൊണ്ട് അവള്‍ തന്‍റെ ദാസിയായ ബില്‍ഹയെ യാക്കോബിനു നല്‍കി. ബില്‍ഹയ്‌ക്ക് ദാന്‍, നഫ്‌താലി എന്നീ ആണ്‍കുട്ടികള്‍ ജനിച്ചു. അപ്പോള്‍ ലേയയും തന്‍റെ ദാസിയായ സില്‍പ്പയെ യാക്കോബിനു നല്‍കി. സില്‍പ്പയ്‌ക്ക് ഗാദ്‌, ആശേര്‍ എന്നീ കുട്ടികള്‍ ജനിച്ചു. പിന്നെ, ലേയയ്‌ക്ക് യിസ്സാഖാര്‍, സെബൂലൂന്‍ എന്നിങ്ങനെ രണ്ട് ആണ്‍കുട്ടികള്‍ കൂടി ഉണ്ടായി.

ഒടുവില്‍ റാഹേലിന്‌ ഒരു കുഞ്ഞു ജനിച്ചു. അവനു യോസേഫ്‌ എന്ന് അവള്‍ പേരിട്ടു. പിന്നീടു നാം യോസേഫിനെ കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ പഠിക്കും, കാരണം അവന്‍ വളരെ വലിയ ഒരാളായിത്തീര്‍ന്നു. യാക്കോബ്‌ റാഹേലിന്‍റെ അപ്പനായ ലാബാന്‍റെകൂടെ താമസിച്ചകാലത്ത്‌ അവനു ജനിച്ച 11 ആണ്‍മക്കള്‍ ഇവരായിരുന്നു.

യാക്കോബിന്‌ ഏതാനും പെണ്‍മക്കള്‍ കൂടി ഉണ്ടായിരുന്നു. എന്നാല്‍ അവരില്‍ ഒരാളുടെ പേരു മാത്രമേ ബൈബിളിലുള്ളൂ. അവളായിരുന്നു ദീനാ.

യാക്കോബ്‌ ലാബാനെ പിരിഞ്ഞു കനാനിലേക്കു തിരിച്ചുപോകുന്നതിനുള്ള സമയം വന്നു. അങ്ങനെ അവന്‍ തന്‍റെ വലിയ കുടുംബവും വലിയ ആട്ടിന്‍ കൂട്ടവും കന്നുകാലി കൂട്ടവുമായി ദൂരെയുള്ള കനാനിലേക്കു യാത്ര തിരിച്ചു.

യാക്കോബും കുടുംബവും കനാന്‍ ദേശത്ത്‌ എത്തി കുറച്ചു കഴിഞ്ഞ് റാഹേല്‍ മറ്റൊരു ആണ്‍കുട്ടിയെ പ്രസവിച്ചു. യാത്രയ്‌ക്ക് ഇടയിലായിരുന്നു ഇതു സംഭവിച്ചത്‌. റാഹേല്‍ വളരെ കഷ്ടപ്പെട്ടു, പ്രസവത്തോടെ അവള്‍ മരിക്കുകയും ചെയ്‌തു. പക്ഷേ കുഞ്ഞിന്‌ കുഴപ്പമൊന്നും ഇല്ലായിരുന്നു. യാക്കോബ്‌ അവനു ബെന്യാമീന്‍ എന്നു പേരിട്ടു.

യാക്കോബിന്‍റെ 12 ആണ്‍മക്കളുടെ പേരുകള്‍ ഓര്‍ത്തിരിക്കുന്നതു നല്ലതാണ്‌, കാരണം മുഴു ഇസ്രായേല്‍ ജനതയും ഉണ്ടായത്‌ ഇവരില്‍നിന്നാണ്‌. യാക്കോബിന്‍റെ പത്ത്‌ ആണ്‍മക്കളുടെയും യോസേഫിന്‍റെ രണ്ട് ആണ്‍മക്കളുടെയും പേരുകളിലാണ്‌ ഇസ്രായേലിലെ 12 ഗോത്രങ്ങള്‍ അറിയപ്പെടുന്നതുതന്നെ. ഈ കുട്ടികളെല്ലാം ജനിച്ചു കഴിഞ്ഞും അനേക വര്‍ഷങ്ങള്‍ യിസ്‌ഹാക്‌ ജീവിച്ചിരുന്നു. ഇത്രയേറെ കൊച്ചുമക്കള്‍ ഉള്ളതില്‍ യിസ്‌ഹാക്‌ വളരെയധികം സന്തോഷിച്ചിരിക്കണം. എന്നാല്‍ അവന്‍റെ കൊച്ചുമകളായ ദീനായ്‌ക്ക് എന്തു സംഭവിച്ചെന്നു നമുക്കു നോക്കാം.

ഉല്‌പത്തി 29:32-35; 30:1-26; 35:16-19; 37:35.ചോദ്യങ്ങള്‍

 • യാക്കോബിന്‍റെ ആദ്യഭാര്യ ലേയയ്‌ക്കു ജനിച്ച ആറു പുത്രന്മാരുടെ പേരുകള്‍ എന്തെല്ലാം?
 • ലേയയുടെ ദാസി സില്‍പ്പയ്‌ക്ക് ഏതു രണ്ടു പുത്രന്മാര്‍ ജനിച്ചു?
 • റാഹേലിന്‍റെ ദാസി ബില്‍ഹ യാക്കോബിനു പ്രസവിച്ച രണ്ടു പുത്രന്മാരുടെ പേരുകള്‍ എന്തായിരുന്നു?
 • റാഹേലിനു ജനിച്ച രണ്ടു പുത്രന്മാരുടെ പേരുകള്‍ എന്തായിരുന്നു, രണ്ടാമത്തെ മകന്‍ ജനിച്ചപ്പോള്‍ എന്തു സംഭവിച്ചു?
 • ചിത്രം അനുസരിച്ച് യാക്കോബിന്‌ എത്ര പുത്രന്മാര്‍ ഉണ്ടായിരുന്നു, അവരില്‍ നിന്ന് ഏതു ജനത ഉത്ഭവിച്ചു?

കൂടുതലായ ചോദ്യങ്ങള്‍

 • ഉല്‌പത്തി 29:32-35; 30:1-26; 35:16-19 വായിക്കുക.

  യാക്കോബിന്‍റെ 12 പുത്രന്മാരുടെ കാര്യത്തില്‍ കാണുന്നതുപോലെ, പുരാതന കാലത്ത്‌ എബ്രായ ബാലന്മാര്‍ക്കു പേരിടുന്നത്‌ മിക്കവാറും എങ്ങനെയായിരുന്നു?

 • ഉല്‌പത്തി 37:35 വായിക്കുക.

  ദീനായുടെ പേരു മാത്രമേ ബൈബിളില്‍ പറഞ്ഞിട്ടുള്ളൂ എങ്കിലും, യാക്കോബിന്‌ ഒന്നിലധികം പുത്രിമാര്‍ ഉണ്ടായിരുന്നെന്നു നമുക്കെങ്ങനെ അറിയാം? (ഉല്‌പ. 37:34, 35)

കൂടുതല്‍ അറിയാന്‍

ബൈബിൾ ചിത്ര​ക​ഥ​കൾ

യാക്കോബിന്‍റെ ആൺമക്കളുടെ കഥ

നിങ്ങൾ ആഗ്രഹിച്ച എന്തെങ്കിലും കാര്യം നിങ്ങളുടെ കൂടപ്പിറപ്പിനോ കൂട്ടുകാർക്കോ കിട്ടിയാൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കണം?