വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 17: വ്യത്യസ്തരായ ഇരട്ടകള്‍

കഥ 17: വ്യത്യസ്തരായ ഇരട്ടകള്‍
ഏശാവ്

ഇവിടെ കാണുന്ന രണ്ട് ആണ്‍കുട്ടികളും വളരെ വ്യത്യസ്‌തരാണ്‌ അല്ലേ? ആകട്ടെ, അവരുടെ പേരുകള്‍ എന്താണെന്ന് അറിയാമോ? വേട്ടക്കാരനായ കുട്ടി ഏശാവാണ്‌, ആടുകളെ പരിപാലിക്കുന്നവന്‍ യാക്കോബും.

ഏശാവും യാക്കോബും യിസ്‌ഹാക്കിന്‍റെയും റിബെക്കായുടെയും ഇരട്ടക്കുട്ടികളാണ്‌. നല്ലൊരു വേട്ടക്കാരനായ ഏശാവ്‌ കുടുംബത്തിനു വേണ്ട ആഹാരം കൊണ്ടുവരുന്നതുകൊണ്ട് യിസ്‌ഹാക്കിന്‌ അവനെ വളരെ ഇഷ്ടമായിരുന്നു. എന്നാല്‍ റിബെക്കായ്‌ക്ക് യാക്കോബിനോടായിരുന്നു കൂടുതല്‍ ഇഷ്ടം, കാരണം വഴക്കിനൊന്നും പോകാത്ത, ശാന്ത സ്വഭാവമുള്ള ഒരു കുട്ടിയായിരുന്നു അവന്‍.

അവരുടെ വല്യപ്പനായ അബ്രാഹാം അപ്പോഴും ജീവിച്ചിരിപ്പുണ്ടായിരുന്നു. അബ്രാഹാം യഹോവയെക്കുറിച്ചു പറയുമ്പോള്‍ അതു കേട്ടുകൊണ്ടിരിക്കാന്‍ യാക്കോബിന്‌ എന്ത് ഇഷ്ടമായിരുന്നിരിക്കണം അല്ലേ? അബ്രാഹാം 175-ാമത്തെ വയസ്സില്‍ മരിച്ചു. അപ്പോള്‍ ഈ ഇരട്ടകള്‍ക്കു 15 വയസ്സായിരുന്നു.

ഏശാവിന്‌ 40 വയസ്സായപ്പോള്‍ അവന്‍ കനാന്‍ദേശത്തുനിന്ന് രണ്ടു ഭാര്യമാരെ എടുത്തു. യിസ്‌ഹാക്കിനും റിബെക്കായ്‌ക്കും വളരെ സങ്കടമായി, കാരണം അവര്‍ യഹോവയെ ആരാധിക്കുന്നവര്‍ അല്ലായിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം ഏശാവിനു യാക്കോബിനോടു കടുത്ത ദേഷ്യം തോന്നുന്ന ഒരു സംഗതി ഉണ്ടായി. യിസ്‌ഹാക്‌ തന്‍റെ മൂത്തമകനെ അനുഗ്രഹിക്കാനുള്ള സമയം വന്നു. ഏശാവ്‌ യാക്കോബിനെക്കാള്‍ മൂത്തവനായതിനാല്‍ അനുഗ്രഹം തനിക്കുതന്നെ കിട്ടുമെന്ന് അവന്‍ വിചാരിച്ചു. എന്നാല്‍ അനുഗ്രഹം കിട്ടാനുള്ള അവകാശം നേരത്തേതന്നെ ഏശാവ്‌ യാക്കോബിനു വിറ്റിരുന്നു. മാത്രമല്ല, അനുഗ്രഹം യാക്കോബിനു കിട്ടുമെന്ന് ഈ രണ്ടു കുട്ടികളുടെയും ജനനസമയത്തുതന്നെ ദൈവം പറയുകയും ചെയ്‌തിരുന്നു. അതുതന്നെയാണു സംഭവിച്ചതും. യിസ്‌ഹാക്‌ തന്‍റെ മകനായ യാക്കോബിനെ അനുഗ്രഹിച്ചു.

യാക്കോബ്

പിന്നീട്‌, ഏശാവ്‌ ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ യാക്കോബിനോട്‌ അവനു വലിയ ദേഷ്യമായി. ദേഷ്യം മൂത്ത്‌, യാക്കോബിനെ കൊല്ലാന്‍ പോകുകയാണെന്നു പോലും അവന്‍ പറഞ്ഞു. റിബെക്കാ ഇതു കേട്ടു വളരെ വിഷമിച്ചു. അതുകൊണ്ട് അവള്‍ തന്‍റെ ഭര്‍ത്താവായ യിസ്‌ഹാക്കിനോട്‌ ഇങ്ങനെ പറഞ്ഞു: ‘യാക്കോബും കൂടി കനാന്യരില്‍ ഒരുവളെ വിവാഹം കഴിച്ചാല്‍ എന്തു കഷ്ടമായിരിക്കും.’

ഇതു കേട്ടപ്പോള്‍ യിസ്‌ഹാക്‌ തന്‍റെ മകനായ യാക്കോബിനെ വിളിച്ച് ഇങ്ങനെ പറഞ്ഞു: ‘കനാനില്‍നിന്ന് ആരെയും നീ വിവാഹം കഴിക്കരുത്‌. പകരം നീ ഹാരാനിലുള്ള നിന്‍റെ വല്യപ്പനായ ബെഥൂവേലിന്‍റെ വീട്ടിലേക്കു പോകുക. അവന്‍റെ മകനായ ലാബാന്‍റെ പെണ്‍മക്കളില്‍ ഒരുവളെ നീ വിവാഹം കഴിക്കണം.’

യാക്കോബ്‌ തന്‍റെ അപ്പന്‍ പറഞ്ഞതനുസരിച്ച് ദൂരെ ഹാരാനില്‍ അവന്‍റെ ബന്ധുക്കള്‍ പാര്‍ക്കുന്ന സ്ഥലത്തേക്കു യാത്രയായി.

ഉല്‌പത്തി 25:5-11, 20-34; 26:34, 35; 27:1-46; 28:1-5; എബ്രായര്‍ 12:16, 17.ചോദ്യങ്ങള്‍

 • ഏശാവും യാക്കോബും ആരായിരുന്നു, അവര്‍ വ്യത്യസ്‌തരായിരുന്നത്‌ എങ്ങനെ?
 • വല്യപ്പനായ അബ്രാഹാം മരിക്കുമ്പോള്‍ ഏശാവിനും യാക്കോബിനും എത്ര വയസ്സായിരുന്നു?
 • തന്‍റെ അപ്പനെയും അമ്മയെയും വളരെ ദുഃഖിപ്പിച്ച എന്താണ്‌ ഏശാവ്‌ ചെയ്‌തത്‌?
 • ഏശാവിന്‌ തന്‍റെ സഹോദരനായ യാക്കോബിനോടു കടുത്ത ദേഷ്യം തോന്നിയത്‌ എന്തുകൊണ്ട്?
 • യിസ്‌ഹാക്‌ തന്‍റെ മകനായ യാക്കോബിനോട്‌ എന്തു ചെയ്യാനാണു പറഞ്ഞത്‌?

കൂടുതലായ ചോദ്യങ്ങള്‍

 • ഉല്‌പത്തി 25:5-11, 20-34 വായിക്കുക.

  റിബെക്കായുടെ രണ്ടു പുത്രന്മാരെക്കുറിച്ച് യഹോവ എന്താണു മുന്‍കൂട്ടി പറഞ്ഞത്‌? (ഉല്‌പ. 25:23)

  ജ്യേഷ്‌ഠാവകാശം സംബന്ധിച്ച് ഏശാവിനും യാക്കോബിനും എന്തു വ്യത്യസ്‌ത വീക്ഷണങ്ങളായിരുന്നു ഉണ്ടായിരുന്നത്‌? (ഉല്‌പ. 25:31-34)

 • ഉല്‌പത്തി 26:34, 35; 27:1-46 28:1-5 വായിക്കുക.

  ആത്മീയ കാര്യങ്ങളോടുള്ള ഏശാവിന്‍റെ വിലമതിപ്പില്ലായ്‌മ എങ്ങനെയാണ്‌ പ്രകടമായത്‌? (ഉല്‌പ. 26:34, 35; 27:46)

  യാക്കോബിന്‌ ദൈവത്തിന്‍റെ അനുഗ്രഹം കിട്ടാന്‍ തക്കവണ്ണം എന്തു ചെയ്യാനാണ്‌ യിസ്‌ഹാക്‌ അവനോടു പറഞ്ഞത്‌? (ഉല്‌പ. 28:1-4)

 • എബ്രായര്‍ 12:16, 17 വായിക്കുക.

  വിശുദ്ധകാര്യങ്ങളോട്‌ അവജ്ഞ കാണിക്കുന്നവര്‍ക്കു ലഭിക്കുന്ന പരിണതഫലം സംബന്ധിച്ച് ഏശാവിന്‍റെ ദൃഷ്ടാന്തം എന്തു പ്രകടമാക്കുന്നു?

കൂടുതല്‍ അറിയാന്‍

ചിത്ര​ങ്ങ​ളി​ലൂ​ടെ പഠിക്കാം

യാക്കോബും ഏശാവും ചുവന്ന സൂപ്പും

യാക്കോബിനെയും ഏശാവിനെയും കുറിച്ച് പഠിക്കുക. ഈ അഭ്യാസം ഡൗൺലോഡ്‌ ചെയ്യുക, പ്രിന്‍റ് എടുക്കുക, നിറം കൊടുക്കുക.