വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 16: യിസ്ഹാക്കിന് ഒരു നല്ല ഭാര്യയെ കിട്ടുന്നു

കഥ 16: യിസ്ഹാക്കിന് ഒരു നല്ല ഭാര്യയെ കിട്ടുന്നു

ഈ നടന്നുവരുന്നത്‌ ആരാണെന്ന് അറിയാമോ? അവളുടെ പേര്‌ റിബെക്കാ എന്നാണ്‌. അവള്‍ നടന്നുവരുന്നത്‌ യിസ്‌ഹാക്കിന്‍റെ അടുത്തേക്കാണ്‌. അവള്‍ അവന്‍റെ ഭാര്യയാകാന്‍ പോകുകയാണ്‌. ഇത്‌ എങ്ങനെയാണു സംഭവിച്ചത്‌?

യിസ്‌ഹാക്കിന്‍റെ അപ്പനായ അബ്രാഹാം തന്‍റെ മകന്‌ ഒരു നല്ല ഭാര്യയെ കിട്ടണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ കനാനില്‍നിന്ന് യിസ്‌ഹാക്‌ ഭാര്യയെ എടുക്കാന്‍ അബ്രാഹാം ആഗ്രഹിച്ചില്ല, കാരണം കനാന്യര്‍ വ്യാജദൈവങ്ങളെയാണ്‌ ആരാധിച്ചിരുന്നത്‌. അതുകൊണ്ട് അബ്രാഹാം തന്‍റെ ദാസനെ വിളിച്ച് ഇങ്ങനെ പറഞ്ഞു: ‘നീ എന്‍റെ ബന്ധുക്കള്‍ പാര്‍ക്കുന്ന ഹാരാനിലേക്ക് പോയി എന്‍റെ മകനായ യിസ്‌ഹാക്കിനു വേണ്ടി ഒരു ഭാര്യയെ കൊണ്ടുവരണം.’

അബ്രാഹാമിന്‍റെ ദാസന്‍ ഉടന്‍തന്നെ പത്ത്‌ ഒട്ടകങ്ങളുമായി ദൂരെയുള്ള ആ ദേശത്തേക്കു യാത്രയായി. അബ്രാഹാമിന്‍റെ ബന്ധുക്കള്‍ താമസിക്കുന്ന സ്ഥലത്തിനടുത്ത്‌ എത്തിയപ്പോള്‍ അവന്‍ ഒരു കിണറ്റുകരയില്‍ നിന്നു. അപ്പോള്‍ സമയം വൈകുന്നേരമായിരുന്നു. പട്ടണത്തിലെ പെണ്ണുങ്ങള്‍ കിണറ്റില്‍നിന്നു വെള്ളം കോരാന്‍ വരുന്ന നേരമായിരുന്നു അത്‌. അതുകൊണ്ട് അബ്രാഹാമിന്‍റെ ദാസന്‍ യഹോവയോട്‌ ഇങ്ങനെ പ്രാര്‍ഥിക്കുന്നു: ‘എനിക്കും ഒട്ടകങ്ങള്‍ക്കും വെള്ളം കോരിത്തരുന്നവള്‍ ആയിരിക്കട്ടെ യിസ്‌ഹാക്കിനായി നീ തിരഞ്ഞെടുത്തിരിക്കുന്ന പെണ്‍കുട്ടി.’

റിബെക്കാ യിസ്ഹാക്കിനെ കണ്ടുമുട്ടുന്നു

പെട്ടെന്നുതന്നെ റിബെക്കാ വെള്ളം കോരാന്‍ വന്നു. ദാസന്‍ അവളോടു കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ അവള്‍ കൊടുത്തു. പിന്നെ അവള്‍ ചെന്ന് ദാഹിച്ചുവലഞ്ഞ എല്ലാ ഒട്ടകങ്ങള്‍ക്കും കിണറ്റില്‍നിന്നു വെള്ളം കോരിക്കൊടുത്തു. ഒട്ടകങ്ങള്‍ ധാരാളം വെള്ളം കുടിക്കും എന്നതുകൊണ്ട് അതു ബുദ്ധിമുട്ടുള്ള ഒരു പണിയായിരുന്നു.

റിബെക്കാ വെള്ളം കൊടുത്തു തീര്‍ന്നപ്പോള്‍, അബ്രാഹാമിന്‍റെ ദാസന്‍ അവളോട്‌ അവളുടെ പിതാവിന്‍റെ പേരെന്താണെന്നു ചോദിച്ചു. രാത്രിയില്‍ തനിക്കു താമസിക്കാന്‍ അവരുടെ വീട്ടില്‍ ഇടമുണ്ടായിരിക്കുമോ എന്നും അവന്‍ ചോദിച്ചു. അവള്‍ പറഞ്ഞു: ‘എന്‍റെ അപ്പന്‍ ബെഥൂവേല്‍ ആണ്‌, ഞങ്ങളുടെ വീട്ടില്‍ താമസിക്കാന്‍ ഇടമുണ്ട്.’ അബ്രാഹാമിന്‍റെ സഹോദരനായ നാഹോരിന്‍റെ മകനാണ്‌ ബെഥൂവേല്‍ എന്ന് ദാസന്‌ അറിയാമായിരുന്നു. അതുകൊണ്ട്, തന്നെ അബ്രാഹാമിന്‍റെ ബന്ധുക്കളുടെയടുത്തു കൊണ്ടുവന്നതിന്‌ അവന്‍ മുട്ടുകുത്തിനിന്ന് യഹോവയ്‌ക്കു നന്ദിപറഞ്ഞു.

ആ രാത്രിയില്‍ത്തന്നെ, ബെഥൂവേലിനോടും അവന്‍റെ മകനായ ലാബാനോടും ദാസന്‍ താന്‍ വന്നകാര്യം എന്താണെന്നു പറഞ്ഞു. റിബെക്കാ അവനോടൊപ്പം പോകുന്നതും യിസ്‌ഹാക്കിനെ കല്യാണം കഴിക്കുന്നതും അവര്‍ക്കു രണ്ടുപേര്‍ക്കും സമ്മതമായിരുന്നു. റിബെക്കായോടു സമ്മതം ചോദിച്ചപ്പോള്‍ അവള്‍ എന്തു പറഞ്ഞു? പോകാന്‍ ‘എനിക്കു സമ്മതമാണ്‌’ എന്ന് അവള്‍ പറഞ്ഞു. അടുത്തദിവസംതന്നെ അവര്‍ ഒട്ടകപ്പുറത്തു കയറി, തിരികെ കനാനിലേക്കുള്ള നീണ്ട യാത്ര തുടങ്ങി.

അവര്‍ എത്തിച്ചേര്‍ന്നപ്പോള്‍ സന്ധ്യമയങ്ങിയിരുന്നു. വയലിലൂടെ ഒരു മനുഷ്യന്‍ നടക്കുന്നതു റിബെക്കാ കണ്ടു. അത്‌ യിസ്‌ഹാക്‌ ആയിരുന്നു. റിബെക്കായെ കണ്ടപ്പോള്‍ യിസ്‌ഹാക്കിനു വളരെ സന്തോഷമായി. അവന്‍റെ അമ്മ മരിച്ചിട്ട് മൂന്നുവര്‍ഷമേ ആയിരുന്നുള്ളൂ, അപ്പോഴും അവന്‍റെ സങ്കടം മാറിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ യിസ്‌ഹാക്‌ റിബെക്കായെ വളരെയധികം സ്‌നേഹിക്കാന്‍ തുടങ്ങുന്നു. അങ്ങനെ അവന്‍ പിന്നെയും സന്തോഷവാനായിത്തീരുന്നു.

ഉല്‌പത്തി 24:1-67.ചോദ്യങ്ങള്‍

 • ചിത്രത്തില്‍ കാണിച്ചിരിക്കുന്ന പുരുഷനും സ്‌ത്രീയും ആരാണ്‌?
 • തന്‍റെ മകന്‌ ഒരു ഭാര്യയെ കിട്ടുന്നതിന്‌ അബ്രാഹാം എന്തു ചെയ്‌തു, എന്തുകൊണ്ട്?
 • അബ്രാഹാമിന്‍റെ ദാസന്‍റെ പ്രാര്‍ഥനയ്‌ക്ക് ഉത്തരം കിട്ടിയത്‌ എങ്ങനെയായിരുന്നു?
 • യിസ്‌ഹാക്കിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവോ എന്നു ചോദിച്ചപ്പോള്‍ റിബെക്കാ എന്തു പറഞ്ഞു?
 • യിസ്‌ഹാക്കിനെ വീണ്ടും സന്തോഷവാനാക്കിയത്‌ എന്തായിരുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • ഉല്‌പത്തി 24:1-67 വായിക്കുക.

  അബ്രാഹാമിന്‍റെ ദാസനെ കിണറ്റുകരയില്‍വെച്ചു കണ്ടപ്പോള്‍ ഏതു നല്ല ഗുണങ്ങളാണു റിബെക്കാ പ്രകടമാക്കിയത്‌? (ഉല്‌പ. 24:17-20; സദൃ. 31:17, 31)

  യിസ്‌ഹാക്കിന്‍റെ വിവാഹക്കാര്യത്തില്‍ അബ്രാഹാം ചെയ്‌ത ക്രമീകരണം ഇന്നു ക്രിസ്‌ത്യാനികള്‍ക്ക് എന്തു നല്ല ദൃഷ്ടാന്തം വെക്കുന്നു? (ഉല്‌പ. 24:37, 38; 1 കൊരി. 7:39; 2 കൊരി. 6:14)

  യിസ്‌ഹാക്‌ ചെയ്‌തതുപോലെ നാം ധ്യാനിക്കുന്നതിനു സമയം കണ്ടെത്തേണ്ടത്‌ എന്തുകൊണ്ട്? (ഉല്‌പ. 24:63; സങ്കീ. 77:12; ഫിലി. 4:8)