വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 15: ലോത്തിന്‍റെ ഭാര്യ പുറകോട്ടു നോക്കി

കഥ 15: ലോത്തിന്‍റെ ഭാര്യ പുറകോട്ടു നോക്കി

ലോത്തും കുടുംബവും അബ്രാഹാമിനോടൊപ്പം കനാന്‍ ദേശത്തു താമസിച്ചിരുന്നു. ഒരു ദിവസം അബ്രാഹാം ലോത്തിനോടു പറഞ്ഞു: ‘നമ്മുടെ മൃഗങ്ങള്‍ക്കെല്ലാം വേണ്ടുന്നത്ര സ്ഥലം ഇവിടെ ഇല്ലല്ലോ. അതുകൊണ്ട് നമുക്കു വേര്‍പിരിഞ്ഞാലോ? നീ ഒരു വഴിക്കു പോയാല്‍ ഞാന്‍ വേറൊരു വഴിക്കു പൊയ്‌ക്കൊള്ളാം.’

ലോത്ത്‌ ദേശമൊട്ടാകെ നോക്കി. അപ്പോള്‍ വേണ്ടത്ര വെള്ളവും തന്‍റെ മൃഗങ്ങള്‍ക്കു തിന്നാന്‍ ഇഷ്ടംപോലെ പുല്ലുമുള്ള വളരെ സുന്ദരമായ ഒരു സ്ഥലം അവന്‍ കണ്ടു. അതു യോര്‍ദ്ദാന്‍ നദിക്ക് അരികെയുള്ള സ്ഥലം ആയിരുന്നു. അതുകൊണ്ട് ലോത്ത്‌ കുടുംബത്തെയും മൃഗങ്ങളെയും കൂട്ടി അവിടേക്കു പോയി. സൊദോം നഗരത്തില്‍ അവര്‍ താമസവുമാക്കി.

സൊദോമിലുള്ളവര്‍ വളരെ മോശമായിരുന്നു. ഇതില്‍ ലോത്തിനു വലിയ വിഷമം തോന്നി, കാരണം ലോത്ത്‌ ഒരു നല്ല മനുഷ്യനായിരുന്നു. ദൈവത്തെയും അതു വിഷമിപ്പിച്ചു. അവസാനം, സൊദോമിലെയും അടുത്തുള്ള നഗരമായ ഗൊമോരയിലെയും ദുഷ്ട മനുഷ്യരെ നശിപ്പിക്കാന്‍ ദൈവം തീരുമാനിച്ചു. ലോത്തിനെ അത്‌ അറിയിക്കാന്‍ ദൈവം രണ്ടു ദൂതന്മാരെ അവന്‍റെ അടുത്തേക്ക് അയച്ചു.

ദൂതന്മാര്‍ ലോത്തിനോടു പറഞ്ഞു: ‘പെട്ടെന്നാകട്ടെ, നിന്‍റെ ഭാര്യയെയും രണ്ടു പെണ്‍മക്കളെയും കൂട്ടി ഈ സ്ഥലത്തുനിന്നു വേഗം പൊയ്‌ക്കൊള്‍ക!’ ലോത്തും അവന്‍റെ കുടുംബവും പോകാന്‍ കുറച്ചു താമസിച്ചു. അപ്പോള്‍ ദൂതന്മാര്‍ അവരുടെ കൈക്കു പിടിച്ച് അവരെ നഗരത്തിനു പുറത്തുകൊണ്ടുചെന്നു വിട്ടു. എന്നിട്ട് ഒരു ദൂതന്‍ പറഞ്ഞു: ‘ജീവനുംകൊണ്ട് ഓടുക! പുറകോട്ടു നോക്കരുത്‌. കൊല്ലപ്പെടാതിരിക്കാനായി മലകളിലേക്ക് ഓടിപ്പോകുക.’

ലോത്തും പെണ്‍മക്കളും അത്‌ അനുസരിച്ചുകൊണ്ട് സൊദോമില്‍നിന്ന് ഓടിപ്പോയി. അവര്‍ ഒരു നിമിഷംപോലും നിന്നില്ല, തിരിഞ്ഞു നോക്കിയതുമില്ല. പക്ഷേ ലോത്തിന്‍റെ ഭാര്യ അനുസരണക്കേടു കാണിച്ചു. സൊദോമില്‍നിന്നു കുറച്ചു ദൂരം ചെന്നപ്പോള്‍ അവള്‍ നില്‍ക്കുകയും തിരിഞ്ഞുനോക്കുകയും ചെയ്‌തു. അപ്പോള്‍ അവള്‍ ഒരു ഉപ്പുതൂണായി മാറി. അവള്‍ ഉപ്പുതൂണായി നില്‍ക്കുന്നത്‌ ഈ ചിത്രത്തില്‍ കണ്ടോ?

ഇതില്‍നിന്ന് നമുക്ക് നല്ല ഒരു പാഠം പഠിക്കാന്‍ കഴിയും. തന്നെ അനുസരിക്കുന്നവരെ ദൈവം രക്ഷിക്കുന്നുവെന്ന് ഇതു കാണിച്ചുതരുന്നു. എന്നാല്‍ ദൈവത്തെ അനുസരിക്കാത്തവര്‍ക്കു തങ്ങളുടെ ജീവന്‍ നഷ്ടപ്പെടും.

ഉല്‌പത്തി 13:5-13; 18:20-33; 19:1-29; ലൂക്കൊസ്‌ 17:28-32; 2 പത്രൊസ്‌ 2:6-8.

ലോത്ത് സൊദോമില്‍നിന്ന് ഓടിപ്പോകുന്നു


ചോദ്യങ്ങള്‍

 • ലോത്തും അബ്രാഹാമും വേര്‍പിരിഞ്ഞത്‌ എന്തുകൊണ്ട്?
 • ലോത്ത്‌ താമസത്തിനായി സൊദോം തിരഞ്ഞെടുത്തത്‌ എന്തുകൊണ്ട്?
 • സൊദോമിലെ ആളുകള്‍ എങ്ങനെയുള്ളവരായിരുന്നു?
 • രണ്ടു ദൂതന്മാര്‍ ലോത്തിന്‌ എന്തു മുന്നറിയിപ്പു നല്‍കി?
 • ലോത്തിന്‍റെ ഭാര്യ ഒരു ഉപ്പുതൂണായി മാറിയത്‌ എന്തുകൊണ്ട്?
 • ലോത്തിന്‍റെ ഭാര്യക്കു സംഭവിച്ചതില്‍നിന്നും നമുക്ക് എന്തു പാഠം പഠിക്കാന്‍ കഴിയും?

കൂടുതലായ ചോദ്യങ്ങള്‍

 • ഉല്‌പത്തി 13:5-13 വായിക്കുക.

  വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ നമുക്ക് അബ്രാഹാമില്‍നിന്ന് എന്തു പഠിക്കാന്‍ കഴിയും? (ഉല്‌പ. 13:8, 9; റോമ. 12:10; ഫിലി. 2:3, 4)

 • ഉല്‌പത്തി 18:20-33 വായിക്കുക.

  യഹോവയും യേശുവും നീതിപൂര്‍വം ന്യായംവിധിക്കും എന്നതിന്‌ അബ്രാഹാമിനോടുള്ള യഹോവയുടെ ഇടപെടലുകള്‍ എന്ത് ഉറപ്പു നല്‍കുന്നു? (ഉല്‌പ. 18:25, 26; മത്താ. 25:31-33)

 • ഉല്‌പത്തി 19:1-29 വായിക്കുക.

  സ്വവര്‍ഗസംഭോഗത്തെക്കുറിച്ചുള്ള ദൈവത്തിന്‍റെ വീക്ഷണം സംബന്ധിച്ച് ഈ ബൈബിള്‍ വിവരണം എന്താണു കാണിക്കുന്നത്‌? (ഉല്‌പ. 19:5, 13; ലേവ്യ. 20:13)

  ദൈവത്തിന്‍റെ മാര്‍ഗനിര്‍ദേശത്തോട്‌ അബ്രാഹാമും ലോത്തും പ്രതികരിച്ച രീതിയില്‍ നാം എന്തു വ്യത്യാസം കാണുന്നു, നമുക്ക് ഇതില്‍നിന്ന് എന്തു പഠിക്കാന്‍ കഴിയും? (ഉല്‌പ. 19:15, 16, 19, 20; 22:3)

 • ലൂക്കൊസ്‌ 17:28-32 വായിക്കുക.

  ഭൗതിക സ്വത്തുക്കളോട്‌ ലോത്തിന്‍റെ ഭാര്യക്കുണ്ടായിരുന്ന മനോഭാവം എന്തായിരുന്നു, ഇത്‌ നമുക്ക് ഒരു മുന്നറിയിപ്പ് ആയിരിക്കുന്നത്‌ എങ്ങനെ? (ലൂക്കൊ. 12:15; 17:31, 32; മത്താ. 6:19-21, 25)

 • 2 പത്രൊസ്‌ 2:6-8 വായിക്കുക.

  ലോത്തിനെപ്പോലെ, നമുക്കു ചുറ്റുമുള്ള ഭക്തികെട്ട ലോകത്തെക്കുറിച്ചുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം? (യെഹെ. 9:4; 1 യോഹ. 2:15-17)