വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കഥ 14: ദൈവം അബ്രാഹാമിന്‍റെ വിശ്വാസം പരീക്ഷിക്കുന്നു

കഥ 14: ദൈവം അബ്രാഹാമിന്‍റെ വിശ്വാസം പരീക്ഷിക്കുന്നു

അബ്രാഹാം ഇവിടെ ചെയ്യുന്നത്‌ എന്താണെന്നു നോക്കൂ. അവന്‍റെ കൈയില്‍ ഒരു കത്തിയുണ്ട്, അവന്‍ തന്‍റെ മകനെ കൊല്ലാന്‍ പോകുന്നതുപോലുണ്ടല്ലോ. എന്തിനാണ്‌ അവന്‍ അങ്ങനെയൊരു കാര്യം ചെയ്യുന്നത്‌? ആദ്യംതന്നെ, അബ്രാഹാമിനും സാറായ്‌ക്കും അവരുടെ മകനെ കിട്ടിയത്‌ എങ്ങനെയെന്നു നമുക്കു നോക്കാം.

മകനെ ബലികഴിക്കാന്‍ ഒരുങ്ങുന്ന അബ്രാഹാം

അവര്‍ക്ക് ഒരു മകന്‍ ജനിക്കുമെന്ന് ദൈവം വാഗ്‌ദാനം ചെയ്‌തിരുന്നല്ലോ. എന്നാല്‍ അബ്രാഹാമിനും സാറായ്‌ക്കും വളരെ പ്രായം ചെന്നതിനാല്‍ അത്‌ ഒരിക്കലും നടക്കില്ല എന്നു തോന്നി. എന്നിരുന്നാലും, അസാധ്യമെന്നു തോന്നുന്ന കാര്യങ്ങള്‍പോലും ചെയ്യാന്‍ ദൈവത്തിനു കഴിയും എന്ന് അബ്രാഹാം വിശ്വസിച്ചു. അതുകൊണ്ട് എന്തു സംഭവിച്ചു?

ദൈവം ഈ വാഗ്‌ദാനം നല്‍കിയിട്ട് ഒരു വര്‍ഷം കടന്നുപോയി. പിന്നെ, അബ്രാഹാമിന്‌ 100 വയസ്സും സാറായ്‌ക്ക് 90 വയസ്സുമുള്ളപ്പോള്‍ അവര്‍ക്ക് യിസ്‌ഹാക്‌ എന്നു പേരുള്ള ഒരു മകന്‍ ജനിച്ചു. ദൈവം തന്‍റെ വാക്കു പാലിച്ചു!

എന്നാല്‍ യിസ്‌ഹാക്‌ വളര്‍ന്നപ്പോള്‍ യഹോവ അബ്രാഹാമിന്‍റെ വിശ്വാസം പരീക്ഷിച്ചു. അവന്‍ അബ്രാഹാമിനെ വിളിച്ചു: ‘അബ്രാഹാമേ!’ ‘ഞാന്‍ ഇതാ!’ എന്ന് അവന്‍ ഉത്തരം പറഞ്ഞപ്പോള്‍ ദൈവം പറഞ്ഞു: ‘നിന്‍റെ മകനെ, നിന്‍റെ ഏക മകനായ യിസ്‌ഹാക്കിനെ കൂട്ടി ഞാന്‍ കാണിക്കാന്‍ പോകുന്ന ഒരു മലയില്‍ കൊണ്ടുചെന്ന് അവനെ കൊന്ന് ബലി അര്‍പ്പിക്കുക.’

അതുകേട്ടപ്പോള്‍ അബ്രാഹാമിന്‌ എത്ര സങ്കടമായി കാണും, കാരണം അവന്‍ തന്‍റെ മകനെ ഒരുപാട്‌ സ്‌നേഹിച്ചിരുന്നു. അബ്രാഹാമിന്‍റെ മക്കള്‍ കനാന്‍ദേശത്തു ജീവിക്കും എന്നു ദൈവം വാഗ്‌ദാനം ചെയ്‌തിരുന്ന കാര്യവും ഓര്‍ക്കുക. യിസ്‌ഹാക്‌ മരിക്കുകയാണെങ്കില്‍ അതെങ്ങനെ നടക്കും? അതൊന്നും അബ്രാഹാമിനു മനസ്സിലായില്ലെങ്കിലും അവന്‍ ദൈവത്തെ അനുസരിച്ചു.

അവര്‍ മലമുകളില്‍ എത്തിയപ്പോള്‍ അബ്രാഹാം തന്‍റെ മകന്‍ യിസ്‌ഹാക്കിനെ വരിഞ്ഞുകെട്ടി താന്‍ ഉണ്ടാക്കിയ ബലിപീഠത്തിന്മേല്‍ കിടത്തി. എന്നിട്ട് അവനെ കൊല്ലാനായി കത്തിയെടുത്തു. എന്നാല്‍ ആ നിമിഷം ദൈവത്തിന്‍റെ ദൂതന്‍ വിളിച്ചു: ‘അബ്രാഹാമേ, അബ്രാഹാമേ!’ ‘ഞാന്‍ ഇതാ!’ എന്ന് അബ്രാഹാം ഉത്തരം പറഞ്ഞു.

‘ബാലനെ ഉപദ്രവിക്കരുത്‌ അവനെ ഒന്നും ചെയ്യരുത്‌’, ‘നിന്‍റെ ഏക മകനെ തരുവാന്‍ നീ മടിക്കാതിരുന്നതിനാല്‍ നിനക്ക് എന്നില്‍ വിശ്വാസമുണ്ടെന്ന് ഞാന്‍ ഇപ്പോള്‍ അറിയുന്നു’ എന്നു ദൈവം പറഞ്ഞു.

അബ്രാഹാമിന്‌ ദൈവത്തില്‍ എത്ര ശക്തമായ വിശ്വാസമാണ്‌ ഉണ്ടായിരുന്നത്‌! യഹോവയ്‌ക്കു ചെയ്യാന്‍ കഴിയാത്ത ഒരു സംഗതിയുമില്ലെന്ന് അവന്‌ അറിയാമായിരുന്നു, യിസ്‌ഹാക്കിനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കാന്‍പോലും യഹോവയ്‌ക്കു കഴിയുമെന്ന് അവന്‍ വിശ്വസിച്ചു. എന്നാല്‍ അബ്രാഹാം യിസ്‌ഹാക്കിനെ കൊല്ലണമെന്നുള്ളത്‌ ശരിക്കും ദൈവത്തിന്‍റെ ഇഷ്ടമായിരുന്നില്ല, അതുകൊണ്ട് അടുത്തുള്ള ഒരു കുറ്റിക്കാട്ടില്‍ ഒരു ചെമ്മരിയാട്‌ കുടുങ്ങാന്‍ ദൈവം ഇടയാക്കി. മകനു പകരം അതിനെ എടുത്ത്‌ ബലി കഴിക്കാന്‍ യഹോവ അബ്രാഹാമിനോടു പറഞ്ഞു.

ഉല്‌പത്തി 21:1-7; 22:1-18.ചോദ്യങ്ങള്‍

 • അബ്രാഹാമിനോട്‌ ദൈവം എന്തു വാഗ്‌ദാനം ചെയ്‌തു, ആ വാഗ്‌ദാനം ദൈവം നിവര്‍ത്തിച്ചത്‌ എങ്ങനെ?
 • ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ, ദൈവം അബ്രാഹാമിന്‍റെ വിശ്വാസം പരീക്ഷിച്ചത്‌ എങ്ങനെയാണ്‌?
 • ദൈവം നല്‍കിയ കല്‍പ്പനയുടെ കാരണം മനസ്സിലായില്ലെങ്കില്‍പ്പോലും അബ്രാഹാം എന്തു ചെയ്‌തു?
 • തന്‍റെ മകനെ കൊല്ലാനായി അബ്രാഹാം കത്തി എടുത്തപ്പോള്‍ എന്തു സംഭവിച്ചു?
 • അബ്രാഹാമിനു ദൈവത്തിലുണ്ടായിരുന്ന വിശ്വാസം എത്ര ശക്തമായിരുന്നു?
 • അബ്രാഹാമിന്‌ യാഗം കഴിക്കാനായി ദൈവം എന്തു നല്‍കി, എങ്ങനെ?

കൂടുതലായ ചോദ്യങ്ങള്‍

 • ഉല്‌പത്തി 21:1-7 വായിക്കുക.

  അബ്രാഹാം തന്‍റെ മകനെ എട്ടാം ദിവസം പരിച്ഛേദന ചെയ്യിച്ചത്‌ എന്തുകൊണ്ടായിരുന്നു? (ഉല്‌പ. 17:10-12; 21:4)

 • ഉല്‌പത്തി 22:1-18 വായിക്കുക.

  യിസ്‌ഹാക്‌ തന്‍റെ പിതാവായ അബ്രാഹാമിനു കീഴ്‌പെട്ടിരുന്നത്‌ എങ്ങനെ, ഇത്‌ ഇതിലും പ്രാധാന്യമുള്ള വരാനിരുന്ന ഒരു സംഭവത്തിലേക്കു വിരല്‍ചൂണ്ടിയത്‌ എങ്ങനെ? (ഉല്‌പ. 22:7-9; 1 കൊരി. 5:7; ഫിലി. 2:8, 9)