വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 13: അബ്രാഹാം--ദൈവത്തിന്‍റെ സ്നേഹിതന്‍

കഥ 13: അബ്രാഹാം--ദൈവത്തിന്‍റെ സ്നേഹിതന്‍

പ്രളയത്തിനു ശേഷം ആളുകള്‍ പോയി താമസം തുടങ്ങിയ ഒരു സ്ഥലമായിരുന്നു ഊര്‍. ഇത്‌ പിന്നീട്‌ നല്ല വീടുകളൊക്കെയുള്ള ഒരു പ്രധാന പട്ടണമായി മാറി. എന്നാല്‍ ഇവിടത്തെ ആളുകള്‍ സത്യദൈവത്തെ അല്ല, മനുഷ്യന്‍ ഉണ്ടാക്കിയ വ്യാജദൈവങ്ങളെയാണ്‌ ആരാധിച്ചിരുന്നത്‌. ബാബേലിലും ആളുകള്‍ അങ്ങനെതന്നെയാണു ചെയ്‌തിരുന്നത്‌. ഊരിലെയും ബാബേലിലെയും ജനങ്ങള്‍, യഹോവയെ സേവിച്ചിരുന്ന നോഹയെയോ അവന്‍റെ മകനായ ശേമിനെയോ പോലെ ആയിരുന്നില്ല.

ഒടുവില്‍ പ്രളയം ഉണ്ടായി 350 വര്‍ഷം കഴിഞ്ഞ്, വിശ്വസ്‌തമനുഷ്യനായ നോഹ മരിച്ചു. വെറും രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇവിടെ ചിത്രത്തില്‍ കാണുന്ന ഈ മനുഷ്യന്‍ ജനിച്ചു. ഈ വ്യക്തി ദൈവത്തിനു വളരെ പ്രിയപ്പെട്ടവനായിരുന്നു. അബ്രാഹാം എന്നായിരുന്നു അവന്‍റെ പേര്‌. അവന്‍ തന്‍റെ കുടുംബത്തോടൊപ്പം ഊര്‍ പട്ടണത്തില്‍ താമസിച്ചിരുന്നു.

നക്ഷത്രങ്ങളെ നോക്കിനില്‍ക്കുന്ന അബ്രാഹാം

ഒരു ദിവസം യഹോവ അബ്രാഹാമിനോട്‌ ഇങ്ങനെ പറഞ്ഞു: ‘ഊര്‍ നഗരത്തെയും നിന്‍റെ ബന്ധുക്കളെയും വിട്ട് ഞാന്‍ കാണിക്കാനിരിക്കുന്ന ഒരു ദേശത്തേക്കു പോകുക.’ അബ്രാഹാം ദൈവത്തെ അനുസരിക്കുകയും ഊരിലെ എല്ലാ സുഖസൗകര്യങ്ങളും പിമ്പില്‍ വിട്ടിട്ട് പോകുകയും ചെയ്‌തോ? ഉവ്വ്, അവന്‍ അങ്ങനെതന്നെ ചെയ്‌തു. അങ്ങനെ എല്ലായ്‌പോഴും ദൈവത്തെ അനുസരിച്ചതുകൊണ്ടാണ്‌ അബ്രാഹാം ദൈവത്തിന്‍റെ സ്‌നേഹിതന്‍ എന്ന് അറിയപ്പെടാന്‍ ഇടയായത്‌.

അവന്‍ ഊര്‍ വിട്ടുപോയപ്പോള്‍ അവന്‍റെ കുടുംബാംഗങ്ങളില്‍ ചിലരും അവനോടൊപ്പം പോയി. അവന്‍റെ അപ്പനായ തേരഹ്‌ ആയിരുന്നു അവരില്‍ ഒരാള്‍. അവന്‍റെ സഹോദരന്‍റെ മകനായ ലോത്തും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. അബ്രാഹാമിന്‍റെ ഭാര്യ സാറായും കൂടെപ്പോയെന്നു പറയേണ്ടതില്ലല്ലോ. യാത്രചെയ്‌ത്‌ അവരെല്ലാം ഹാരാന്‍ എന്നു വിളിക്കുന്ന ഒരു ദേശത്ത്‌ എത്തി. അവിടെവെച്ച് തേരഹ്‌ മരിച്ചു. അപ്പോള്‍ അവര്‍ ഊരില്‍നിന്ന് വളരെ ദൂരെയായിരുന്നു.

കുറച്ചുനാള്‍ കഴിഞ്ഞ് അബ്രാഹാമും അവന്‍റെ വീട്ടിലുള്ളവരും ഹാരാനില്‍നിന്നു യാത്ര പുറപ്പെട്ട് കനാന്‍ എന്നു പേരുള്ള ഒരു ദേശത്ത്‌ എത്തി. അവിടെവെച്ച് യഹോവ ഇങ്ങനെ പറഞ്ഞു: ‘നിന്‍റെ മക്കള്‍ക്ക് ഞാന്‍ കൊടുക്കാന്‍ പോകുന്ന ദേശമാണിത്‌.’ അബ്രാഹാം കനാന്‍ദേശത്തു പാര്‍ത്തു, കൂടാരങ്ങളിലായിരുന്നു അവര്‍ താമസിച്ചിരുന്നത്‌.

ദൈവം അബ്രാഹാമിന്‍റെ കൂടെയുണ്ടായിരുന്നു. അതുകൊണ്ട് അവന്‌ ധാരാളം ആടുകളും മറ്റു മൃഗങ്ങളും നൂറുകണക്കിനു ദാസന്മാരും ഉണ്ടായി. എന്നാല്‍ അബ്രാഹാമിനും സാറായ്‌ക്കും കുട്ടികള്‍ ഒന്നും ഇല്ലായിരുന്നു.

അബ്രാഹാമിന്‌ 99 വയസ്സായപ്പോള്‍ യഹോവ പറഞ്ഞു: ‘നീ പല ജനതകളുടെ പിതാവാകുമെന്ന് ഞാന്‍ നിന്നോടു വാഗ്‌ദാനം ചെയ്യുന്നു.’ എന്നാല്‍ അബ്രാഹാമിനും സാറായ്‌ക്കും വയസ്സു ചെന്നിരുന്നു, അതുകൊണ്ട് ഇത്‌ എങ്ങനെ സംഭവിക്കുമായിരുന്നു?

ഉല്‌പത്തി 11:27-32; 12:1-7; 17:1-8, 15-17; 18:9-19.ചോദ്യങ്ങള്‍

 • ഊര്‍ പട്ടണത്തില്‍ ജീവിച്ചിരുന്നവര്‍ എങ്ങനെയുള്ളവര്‍ ആയിരുന്നു?
 • ചിത്രത്തില്‍ കാണിച്ചിരിക്കുന്ന ഈ മനുഷ്യന്‍ ആരാണ്‌, അവന്‍ ജനിച്ചത്‌ എപ്പോഴാണ്‌, അവന്‍ എവിടെയാണു താമസിച്ചിരുന്നത്‌?
 • എന്തു ചെയ്യാനാണ്‌ ദൈവം അബ്രാഹാമിനോട്‌ പറഞ്ഞത്‌?
 • അബ്രാഹാം ദൈവത്തിന്‍റെ സ്‌നേഹിതന്‍ എന്ന് അറിയപ്പെടാന്‍ ഇടയായത്‌ എന്തുകൊണ്ടാണ്‌?
 • അബ്രാഹാം ഊരില്‍നിന്നു പോയപ്പോള്‍ ആരെല്ലാം കൂടെപ്പോയി?
 • അബ്രാഹാം കനാന്‍ ദേശത്ത്‌ എത്തിയപ്പോള്‍ ദൈവം അവനോട്‌ എന്താണു പറഞ്ഞത്‌?
 • അബ്രാഹാമിന്‌ 99 വയസ്സായപ്പോള്‍ ദൈവം അവന്‌ എന്തു വാഗ്‌ദാനമാണു നല്‍കിയത്‌?

കൂടുതലായ ചോദ്യങ്ങള്‍

 • ഉല്‌പത്തി 11:27-32 വായിക്കുക.

  അബ്രാഹാമും ലോത്തും തമ്മിലുള്ള ബന്ധം എന്തായിരുന്നു? (ഉല്‌പ. 11:27)

  കനാനിലേക്ക് തന്‍റെ കുടുംബത്തെ കൊണ്ടുവന്നതിനുള്ള ബഹുമതി തേരഹിനാണ്‌ നല്‍കുന്നതെങ്കിലും, വാസ്‌തവത്തില്‍ അബ്രാഹാമാണ്‌ അതിനു മുന്‍കൈ എടുത്തത്‌ എന്ന് നമുക്ക് എങ്ങനെ അറിയാം, അവന്‍ അങ്ങനെ ചെയ്‌തത്‌ എന്തുകൊണ്ട്? (ഉല്‌പ. 11:31; പ്രവൃ. 7:2-4)

 • ഉല്‌പത്തി 12:1-7 വായിക്കുക.

  അബ്രാഹാം കനാന്‍ദേശത്ത്‌ എത്തിച്ചേര്‍ന്നപ്പോള്‍ അബ്രാഹാമിനോട്‌ നേരത്തേ ചെയ്‌ത ഉടമ്പടിയില്‍ യഹോവ എന്തുംകൂടെ ഉള്‍പ്പെടുത്തി? (ഉല്‌പ. 12:7)

 • ഉല്‌പത്തി 17:1-8, 15-17 വായിക്കുക.

  അബ്രാമിന്‌ 99 വയസ്സായപ്പോള്‍ അവന്‍റെ പേരിന്‌ എന്തു മാറ്റം ഉണ്ടായി, എന്തുകൊണ്ട്? (ഉല്‌പ. 17:5)

  യഹോവ സാറായ്‌ക്ക് എന്ത് ഭാവി അനുഗ്രഹങ്ങള്‍ വാഗ്‌ദാനം ചെയ്‌തു? (ഉല്‌പ. 17:15, 16)

 • ഉല്‌പത്തി 18:9-19 വായിക്കുക.

  ഉല്‌പത്തി 18:19 അനുസരിച്ച് പിതാക്കന്മാര്‍ക്ക് എന്തെല്ലാം ഉത്തരവാദിത്വങ്ങളാണ്‌ ഉള്ളത്‌? (ആവ. 6:6, 7; എഫെ. 6:4)

  യഹോവയില്‍നിന്നു നമുക്ക് ഒന്നും ഒളിക്കാന്‍ കഴിയില്ലെന്ന് സാറായുടെ ഏത്‌ അനുഭവം നമ്മെ പഠിപ്പിക്കുന്നു? (ഉല്‌പ. 18:12, 15; സങ്കീ. 44:21)