വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 12: മനുഷ്യര്‍ ഒരു വലിയ ഗോപുരം പണിയുന്നു

കഥ 12: മനുഷ്യര്‍ ഒരു വലിയ ഗോപുരം പണിയുന്നു

അനേകം വര്‍ഷങ്ങള്‍ കടന്നുപോയി. നോഹയുടെ മക്കള്‍ക്ക് കുറെ കുട്ടികള്‍ ഉണ്ടായി. ഈ കുട്ടികള്‍ വളര്‍ന്നപ്പോള്‍ അവര്‍ക്കും മക്കള്‍ ജനിച്ചു. അങ്ങനെ ഭൂമി പെട്ടെന്നുതന്നെ ധാരാളം ആളുകളെക്കൊണ്ടു നിറഞ്ഞു.

അവരില്‍ ഒരാളായിരുന്നു നോഹയുടെ കൊച്ചുമകന്‍റെ മകനായ നിമ്രോദ്‌. മൃഗങ്ങളെയും മനുഷ്യരെയും വേട്ടയാടുകയും കൊല്ലുകയും ചെയ്‌തിരുന്ന ഒരു ദുഷ്ടനായിരുന്നു നിമ്രോദ്‌. അവന്‍ തന്നെത്തന്നെ ഒരു രാജാവാക്കുകയും മറ്റ്‌ ആളുകളെ അടക്കി ഭരിക്കുകയും ചെയ്‌തു. ദൈവത്തിനു നിമ്രോദിനെ ഒട്ടും ഇഷ്ടമില്ലായിരുന്നു.

അക്കാലത്ത്‌ ആളുകളെല്ലാം ഒരേ ഭാഷയാണു സംസാരിച്ചിരുന്നത്‌. അവരെയെല്ലാം ഒന്നിച്ചുകൂട്ടി ഭരിക്കാന്‍ നിമ്രോദ്‌ ആഗ്രഹിച്ചു. അതിന്‌ അവന്‍ എന്താണു ചെയ്‌തതെന്നോ? അവന്‍ ജനങ്ങളോട്‌ ഒരു വലിയ പട്ടണവും അതില്‍ ഒരു വലിയ ഗോപുരവും പണിയാന്‍ പറഞ്ഞു. അവര്‍ ഇഷ്ടികകള്‍ ഉണ്ടാക്കുന്ന ചിത്രം കണ്ടോ?

എന്നാല്‍ ഈ പണി യഹോവയാം ദൈവത്തിന്‌ ഇഷ്ടമായില്ല. മനുഷ്യര്‍ ഭൂമിയുടെ എല്ലാ ഭാഗത്തുമായി ചിതറി പാര്‍ക്കാനാണ്‌ ദൈവം ആഗ്രഹിച്ചത്‌. പക്ഷേ ആ ജനം ഇങ്ങനെ പറഞ്ഞു: ‘വരൂ! നമുക്ക് ഒരു നഗരവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിയാം. അങ്ങനെ നമുക്കുതന്നെ ഒരു പേരുണ്ടാക്കാം!’ ദൈവത്തിനല്ല, തങ്ങള്‍ക്കുതന്നെ ബഹുമാനം ലഭിക്കാന്‍ അവര്‍ ആഗ്രഹിച്ചു.

അതുകൊണ്ട് ജനം ആ ഗോപുരംപണി നിറുത്താന്‍ ദൈവം ഇടയാക്കി. അവന്‍ എങ്ങനെയാണ്‌് അതു ചെയ്‌തതെന്ന് അറിയേണ്ടേ? അത്രയും കാലം ഒരേ ഭാഷ സംസാരിച്ചിരുന്ന ആളുകള്‍ പെട്ടെന്ന് പല ഭാഷകള്‍ സംസാരിക്കാന്‍ ദൈവം ഇടയാക്കി. ഒരു പണിക്കാരന്‍ പറയുന്നത്‌ മറ്റേ പണിക്കാരനു മനസ്സിലാകാത്ത സ്ഥിതിയായി. അതുകൊണ്ടാണ്‌ അവരുടെ നഗരത്തിന്‌ “കലക്കം” എന്നര്‍ഥമുള്ള ബാബേല്‍ അല്ലെങ്കില്‍ ബാബിലോണ്‍ എന്ന പേരു കിട്ടിയത്‌.

ജനം ഇപ്പോള്‍ ബാബേലില്‍നിന്ന് വേറെവേറെ സ്ഥലങ്ങളിലേക്കു പോകാന്‍ തുടങ്ങി. ഒരേ ഭാഷ സംസാരിച്ച ആളുകള്‍ കൂട്ടമായി ഭൂമിയുടെ ഏതെങ്കിലുമൊരു ഭാഗത്തേക്കു പോയി ഒന്നിച്ചു താമസിച്ചു.

ഉല്‌പത്തി 10:1, 8-10; 11:1-9.

ആളുകള്‍ ഒരു വലിയ ഗോപുരം പണിയുന്നു


ചോദ്യങ്ങള്‍

 • നിമ്രോദ്‌ ആരായിരുന്നു, ദൈവത്തിന്‌ അവനെ ഇഷ്ടമായിരുന്നോ?
 • ചിത്രത്തില്‍ കാണുന്നതുപോലെ ആളുകള്‍ ഇഷ്ടികകള്‍ ഉണ്ടാക്കിയത്‌ എന്തിനായിരുന്നു?
 • ഗോപുരം പണി യഹോവയ്‌ക്ക് ഇഷ്ടമില്ലാതിരുന്നത്‌ എന്തുകൊണ്ട്?
 • ആളുകള്‍ ഗോപുരം പണി നിറുത്തിക്കളയാന്‍ ദൈവം ഇടയാക്കിയത്‌ എങ്ങനെ?
 • എന്തായിരുന്നു ആ നഗരത്തിന്‍റെ പേര്‌, ആ പേരിന്‍റെ അര്‍ഥമെന്തായിരുന്നു?
 • ദൈവം ഭാഷ കലക്കിയപ്പോള്‍ ആളുകള്‍ക്കെല്ലാം എന്തു സംഭവിച്ചു?

കൂടുതലായ ചോദ്യങ്ങള്‍

 • ഉല്‌പത്തി 10:1, 8-10 വായിക്കുക.

  നിമ്രോദ്‌ എങ്ങനെയുള്ളവനായിരുന്നു? നമുക്ക് ഇത്‌ എന്തു മുന്നറിയിപ്പു നല്‍കുന്നു? (സദൃ. 3:31, NW)

 • ഉല്‌പത്തി 11:1-9 വായിക്കുക.

  ഗോപുരം പണിതതിന്‍റെ പിന്നിലെ ലക്ഷ്യം എന്തായിരുന്നു? ആ പദ്ധതി ഒരിക്കലും വിജയിക്കുമായിരുന്നില്ല എന്നു പറയാന്‍ കഴിയുന്നത്‌ എന്തുകൊണ്ട്? (ഉല്‌പ. 11:4; സദൃ. 16:18; യോഹ. 5:44)