വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കഥ 11: ആദ്യത്തെ മഴവില്ല്

കഥ 11: ആദ്യത്തെ മഴവില്ല്

നോഹ തന്‍റെ കുടുംബത്തോടൊപ്പം പെട്ടകത്തില്‍നിന്നു പുറത്തു വന്നപ്പോള്‍ ആദ്യം ചെയ്‌തത്‌ എന്താണെന്ന് അറിയാമോ? അവന്‍ ദൈവത്തിന്‌ ഒരു സമ്മാനം നല്‍കി. താഴെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍, അവന്‍ അതു ചെയ്യുന്നതു കണ്ടോ? തന്‍റെ കുടുംബത്തെ മഹാപ്രളയത്തില്‍നിന്നു രക്ഷിച്ചതിന്‌ ദൈവത്തിനു നന്ദി നല്‍കാനാണ്‌ അവന്‍ മൃഗങ്ങളെ ഒരു സമ്മാനമായി യഹോവയ്‌ക്കു കാഴ്‌ചവെച്ചത്‌.

പെട്ടകവും മഴവില്ലും

ഈ സമ്മാനം യഹോവയെ സന്തോഷിപ്പിച്ചോ? ഉവ്വ്. അതുകൊണ്ട് ഇനിയൊരിക്കലും ഒരു വെള്ളപ്പൊക്കത്താല്‍ ലോകത്തെ നശിപ്പിക്കയില്ലെന്ന് അവന്‍ നോഹയ്‌ക്കു വാക്കു കൊടുത്തു.

പെട്ടെന്നുതന്നെ നിലമെല്ലാം ഉണങ്ങി. നോഹയും കുടുംബവും പെട്ടകത്തിനു വെളിയില്‍ പുതിയ ഒരു ജീവിതം തുടങ്ങി. ദൈവം അവരെ അനുഗ്രഹിച്ച് ഇങ്ങനെ പറഞ്ഞു: ‘നിങ്ങള്‍ക്ക് ധാരാളം മക്കള്‍ ഉണ്ടാകണം. അവരെക്കൊണ്ട് ഈ ഭൂമി നിറയണം.’

എന്നാല്‍ പിന്നെപ്പിന്നെ ജനിക്കുന്നവര്‍ മഹാപ്രളയത്തെക്കുറിച്ചു കേള്‍ക്കുമ്പോള്‍ അത്തരമൊരു വെള്ളപ്പൊക്കം ഇനിയും ഉണ്ടായാലോ എന്നു പേടിച്ചേക്കാം. അതുകൊണ്ട് മുഴുഭൂമിയെയും നശിപ്പിക്കാന്‍ ഇനി ഒരിക്കലും ഒരു പ്രളയം വരുത്തുകയില്ലെന്നുള്ള തന്‍റെ വാഗ്‌ദാനത്തെക്കുറിച്ച് ജനങ്ങളെ ഓര്‍മിപ്പിക്കുന്ന ഒരു അടയാളം ദൈവം നല്‍കി. അത്‌ എന്തായിരുന്നുവെന്ന് അറിയാമോ? ഒരു മഴവില്ല്.

നോഹയും കുടുംബവും

മഴ കഴിഞ്ഞ് ആകാശത്ത്‌ സൂര്യന്‍ പ്രകാശിക്കുമ്പോഴാണ്‌ സാധാരണമായി മഴവില്ലു കാണുന്നത്‌. പലപല നിറങ്ങളുള്ള മഴവില്ല് കാണാന്‍ നല്ല ഭംഗിയാണ്‌. നിങ്ങള്‍ എപ്പോഴെങ്കിലും ഒരു മഴവില്ലു കണ്ടിട്ടുണ്ടോ? ഇവിടെ കൊടുത്തിരിക്കുന്ന ചിത്രത്തില്‍ അതു കാണാന്‍ കഴിയുന്നില്ലേ?

ദൈവം പറഞ്ഞത്‌ ഇതാണ്‌: ‘സകലജനങ്ങളും മൃഗങ്ങളും വീണ്ടും ഒരിക്കലും ഒരു പ്രളയത്താല്‍ നശിക്കയില്ലെന്ന് ഞാന്‍ വാഗ്‌ദാനം ചെയ്യുന്നു. ഞാന്‍ എന്‍റെ മഴവില്ല് മേഘങ്ങളില്‍ വയ്‌ക്കുന്നു. മഴവില്ലു തെളിയുമ്പോള്‍ ഞാന്‍ അതു കാണുകയും എന്‍റെ വാഗ്‌ദാനം ഓര്‍ക്കുകയും ചെയ്യും.’

അതുകൊണ്ട് ഒരു മഴവില്ലു കാണുമ്പോള്‍ നമ്മള്‍ എന്തിനെക്കുറിച്ച് ഓര്‍ക്കണം? അതേ, ഒരു വലിയ വെള്ളപ്പൊക്കത്താല്‍ ഇനി ഒരിക്കലും ലോകത്തെ നശിപ്പിക്കയില്ലെന്നുള്ള ദൈവത്തിന്‍റെ വാഗ്‌ദാനത്തെക്കുറിച്ച്.

ഉല്‌പത്തി 8:18-22; 9:9-17.ചോദ്യങ്ങള്‍

 • ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ, പെട്ടകത്തിനു പുറത്തുവന്നപ്പോള്‍ നോഹ ആദ്യമായി ചെയ്‌തത്‌ എന്തായിരുന്നു?
 • പ്രളയത്തിനു ശേഷം ദൈവം നോഹയ്‌ക്കും കുടുംബത്തിനും എന്തു കല്‍പ്പന നല്‍കി?
 • ദൈവം എന്തു വാഗ്‌ദാനം ചെയ്‌തു?
 • ഒരു മഴവില്ലു കാണുമ്പോള്‍, അതു നമ്മെ എന്തിനെക്കുറിച്ച് ഓര്‍മിപ്പിക്കണം?

കൂടുതലായ ചോദ്യങ്ങള്‍

 • ഉല്‌പത്തി 8:18-22 വായിക്കുക.

  ഇന്നു നമുക്ക് എങ്ങനെയാണ്‌ ദൈവത്തിന്‌ “സൌരഭ്യവാസന” നല്‍കാന്‍ കഴിയുന്നത്‌? (ഉല്‌പ. 8:21; എബ്രാ. 13:15, 16)

  മനുഷ്യന്‍റെ ഹൃദയനിലയെക്കുറിച്ച് യഹോവ എന്താണു പറയുന്നത്‌? അതുകൊണ്ട് നാം എന്തു ശ്രദ്ധിക്കേണ്ടതുണ്ട്? (ഉല്‌പ. 8:21; മത്താ. 15:18, 19)

 • ഉല്‌പത്തി 9:9-17 വായിക്കുക.

  ഭൂമിയിലെ സകല ജീവജാലങ്ങളോടും യഹോവ എന്തു നിയമം അഥവാ ഉടമ്പടി ചെയ്‌തു? (ഉല്‌പ. 9:10, 11)

  മഴവില്‍ ഉടമ്പടി എത്ര കാലത്തേക്കുള്ളതായിരുന്നു? (ഉല്‌പ. 9:16)