വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 9: നോഹ ഒരു പെട്ടകം പണിയുന്നു

കഥ 9: നോഹ ഒരു പെട്ടകം പണിയുന്നു
ആളുകള്‍ നോഹയെ കളിയാക്കുന്നു

നോഹയ്ക്ക് ഭാര്യയും മൂന്ന് ആണ്‍മക്കളും ഉണ്ടായിരുന്നു. ശേം, ഹാം, യാഫെത്ത്‌ എന്നിങ്ങനെയായിരുന്നു അവന്‍റെ മക്കളുടെ പേരുകള്‍. ഈ മക്കള്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ ഭാര്യയും ഉണ്ടായിരുന്നു. അങ്ങനെ ആകെ എട്ടു പേരുള്ള ഒരു കുടുംബമായിരുന്നു നോഹയുടേത്‌.

ദൈവം ഇപ്പോള്‍ നോഹയോട്‌ ഒരു കാര്യം ചെയ്യാന്‍ പറഞ്ഞു, ഒരു വലിയ പെട്ടകം പണിയുക. അങ്ങനെയൊരു കാര്യം ആരും അതിനുമുമ്പ് ചെയ്‌തിട്ടുണ്ടായിരുന്നില്ല. കപ്പല്‍ പോലെ വലുപ്പമുള്ള ഈ പെട്ടകം കണ്ടാല്‍ ഒരുപാടു നീളമുള്ള ഒരു വലിയ പെട്ടിപോലെ ഇരിക്കുമായിരുന്നു. ‘അത്‌ മൂന്നു നിലകളായി പണിയുകയും അതില്‍ മുറികള്‍ ഉണ്ടാക്കുകയും ചെയ്യണം’ എന്നു ദൈവം പറഞ്ഞു. ഈ മുറികള്‍ നോഹയ്‌ക്കും അവന്‍റെ കുടുംബത്തിനും താമസിക്കാനും മൃഗങ്ങള്‍ക്കു കഴിയാനും ആവശ്യമായിരുന്ന ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കാനും വേണ്ടിയായിരുന്നു.

വെള്ളം കയറാത്തതുപോലെ പെട്ടകം പണിയണമെന്നും ദൈവം പറഞ്ഞു. അവന്‍ ഇങ്ങനെ അരുളിച്ചെയ്‌തു: ‘ഞാന്‍ ഒരു വലിയ ജലപ്രളയം വരുത്തി മുഴുലോകത്തെയും നശിപ്പിക്കാന്‍ പോകുകയാണ്‌. പെട്ടകത്തിനകത്തല്ലാത്ത സകലരും മരിക്കും.’

നോഹയും അവന്‍റെ മക്കളും യഹോവയെ അനുസരിക്കുകയും പണി തുടങ്ങുകയും ചെയ്‌തു. എന്നാല്‍ മറ്റാളുകള്‍ അവരെ കളിയാക്കി. അവര്‍ ദുഷ്ടന്മാരായിത്തന്നെ തുടര്‍ന്നു. ദൈവം ചെയ്യാന്‍ പോകുന്ന കാര്യത്തെക്കുറിച്ചു നോഹ പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല.

നോഹയുടെ കുടുംബം മൃഗങ്ങളെ പെട്ടകത്തിലേക്കു കയറ്റുന്നു; ഭക്ഷണസാധനങ്ങള്‍ ശേഖരിച്ചുവെക്കുന്നു

പെട്ടകം വളരെ വലുപ്പമുള്ളത്‌ ആയിരുന്നു. അതുകൊണ്ട് അതു പണിയാന്‍ അനേകം വര്‍ഷം എടുത്തു. അവസാനം പെട്ടകത്തിന്‍റെ പണി കഴിഞ്ഞപ്പോള്‍ മൃഗങ്ങളെ അതില്‍ കയറ്റാന്‍ ദൈവം നോഹയോടു പറഞ്ഞു. ചിലതരം മൃഗങ്ങളെ ഈരണ്ടു വീതവും, അതായത്‌ ഒരു ആണിനെയും ഒരു പെണ്ണിനെയും മറ്റു ചിലതരം മൃഗങ്ങളെ ഏഴെണ്ണം വീതവും അകത്തു കയറ്റണമെന്നു ദൈവം കല്‍പ്പിച്ചു. എല്ലാ തരത്തിലുള്ള പക്ഷികളെയും പെട്ടകത്തില്‍ കയറ്റാന്‍ ദൈവം പറഞ്ഞു. ദൈവം പറഞ്ഞതുപോലെതന്നെ നോഹ ചെയ്‌തു.

അതുകഴിഞ്ഞ് നോഹയും അവന്‍റെ കുടുംബവും പെട്ടകത്തില്‍ കയറി. അപ്പോള്‍ ദൈവം വാതില്‍ അടച്ചു. ഉള്ളില്‍ നോഹയും അവന്‍റെ കുടുംബവും കാത്തിരുന്നു. പെട്ടകത്തിനുള്ളില്‍ നിങ്ങളും അവരോടൊപ്പം ഉണ്ടായിരുന്നുവെന്ന് ഒന്നു സങ്കല്‍പ്പിക്കുക. എല്ലാവരും കാത്തിരിക്കുകയാണ്‌, ദൈവം പറഞ്ഞതുപോലെ ശരിക്കും ഒരു പ്രളയം ഉണ്ടാകുമോ?

ഉല്‌പത്തി 6:9-22; 7:1-9.ചോദ്യങ്ങള്‍

 • നോഹയുടെ കുടുംബത്തില്‍ എത്ര പേര്‍ ഉണ്ടായിരുന്നു, അവന്‍റെ മൂന്നു പുത്രന്മാരുടെ പേര്‌ എന്ത്?
 • എന്ത് അസാധാരണ കാര്യം ചെയ്യാനാണ്‌ ദൈവം നോഹയോടു പറഞ്ഞത്‌, എന്തുകൊണ്ട്?
 • പെട്ടകത്തെപ്പറ്റി നോഹ അയല്‍ക്കാരോടു പറഞ്ഞപ്പോള്‍ അവര്‍ എങ്ങനെ പ്രതികരിച്ചു?
 • മൃഗങ്ങളെ എന്തു ചെയ്യാനാണ്‌ ദൈവം നോഹയോടു പറഞ്ഞത്‌?
 • ദൈവം പെട്ടകത്തിന്‍റെ വാതില്‍ അടച്ച ശേഷം നോഹയും കുടുംബവും എന്തു ചെയ്യേണ്ടിയിരുന്നു?

കൂടുതലായ ചോദ്യങ്ങള്‍

 • ഉല്‌പത്തി 6:9-22 വായിക്കുക.

  നോഹയെ സത്യദൈവത്തിന്‍റെ ഒരു മുഖ്യ ആരാധകനാക്കിത്തീര്‍ത്തത്‌ എന്ത്? (ഉല്‌പ. 6:9, 22)

  യഹോവ അക്രമത്തെ എങ്ങനെയാണു കാണുന്നത്‌, ഈ അറിവ്‌ വിനോദം തിരഞ്ഞെടുക്കുമ്പോള്‍ നമ്മെ എങ്ങനെ ബാധിക്കണം? (ഉല്‌പ. 6:11, 12; സങ്കീ. 11:5)

  യഹോവയുടെ സംഘടനയില്‍നിന്നു മാര്‍ഗനിര്‍ദേശം ലഭിക്കുമ്പോള്‍ നമുക്ക് എങ്ങനെ നോഹയെ അനുകരിക്കാന്‍ കഴിയും? (ഉല്‌പ. 6:22; 1 യോഹ. 5:3)

 • ഉല്‌പത്തി 7:1-9 വായിക്കുക.

  അപൂര്‍ണ മനുഷ്യനായിരുന്ന നോഹയെ യഹോവ നീതിമാനായി കണക്കാക്കി എന്ന വസ്‌തുത ഇന്നു നമ്മെ പ്രോത്സാഹിപ്പിക്കുന്നത്‌ എങ്ങനെ? (ഉല്‌പ. 7:1; സദൃ. 10:16; യെശ. 26:7)