കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 8: ഭൂമിയില്‍ രാക്ഷസന്മാര്‍

കഥ 8: ഭൂമിയില്‍ രാക്ഷസന്മാര്‍

നമ്മുടെ വീടിന്‍റെ സീലിങ്ങിനോളം പൊക്കമുള്ള ഒരാള്‍ നമ്മുടെ നേര്‍ക്കു നടന്നുവരുന്നു എന്ന് സങ്കല്‍പ്പിക്കൂ. അങ്ങനെയൊരാളെ എന്തു വിളിക്കാനാകും? രാക്ഷസനെന്ന്, അല്ലേ? ഒരുകാലത്തു ഭൂമിയില്‍ ശരിക്കും രാക്ഷസന്മാര്‍ ജീവിച്ചിരുന്നു. അവരുടെ പിതാക്കന്മാര്‍ സ്വര്‍ഗത്തിലെ ദൂതന്മാര്‍ ആയിരുന്നു എന്ന് ബൈബിള്‍ പറയുന്നു. എന്നാല്‍ അതെങ്ങനെ സാധ്യമാകും?

ദുഷ്ട ദൂതനായ സാത്താന്‍ കുഴപ്പം ഉണ്ടാക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുകയായിരുന്നു എന്ന കാര്യം ഓര്‍മയുണ്ടല്ലോ. അവന്‍ ദൈവദൂതന്മാരെപ്പോലും വഴിതെറ്റിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ഈ ദൂതന്മാരില്‍ ചിലര്‍ സാത്താന്‍ പറയുന്നതു കേള്‍ക്കാന്‍ തുടങ്ങി. സ്വര്‍ഗത്തില്‍ ദൈവം അവരെ ഏല്‍പ്പിച്ചിരുന്ന പണി ചെയ്യുന്നത്‌ അവര്‍ നിറുത്തിക്കളഞ്ഞു. അവര്‍ ഭൂമിയിലേക്ക് ഇറങ്ങിവരികയും മനുഷ്യരുടേതു പോലുള്ള ശരീരമെടുക്കുകയും ചെയ്‌തു. എന്തുകൊണ്ടെന്നോ?

രാക്ഷസന്മാര്‍

ദൈവത്തിന്‍റെ ഈ മക്കള്‍ ഭൂമിയിലെ സുന്ദരികളെ കാണുകയും അവരോടുകൂടെ ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്‌തു എന്നതാണ്‌ അതിന്‍റെ കാരണമെന്നു ബൈബിള്‍ പറയുന്നു. അതുകൊണ്ട് അവര്‍ ഭൂമിയിലേക്കു വന്ന് ഈ സുന്ദരികളെ കല്യാണം കഴിച്ചു. ഇതു തെറ്റായിരുന്നു എന്ന് ബൈബിള്‍ പറയുന്നു, എന്തുകൊണ്ടെന്നാല്‍ സ്വര്‍ഗത്തില്‍ ജീവിക്കാനാണ്‌ ദൈവം ദൂതന്മാരെ സൃഷ്ടിച്ചത്‌.

ദൂതന്മാര്‍ക്കും അവരുടെ ഭാര്യമാര്‍ക്കും ഉണ്ടായ കുട്ടികള്‍ മറ്റു കുട്ടികളെപ്പോലെ അല്ലായിരുന്നു. ആദ്യമൊക്കെ ആ വ്യത്യാസം അത്ര പെട്ടെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. എന്നാല്‍ വളരുന്തോറും അവര്‍ക്കു വലുപ്പവും ശക്തിയും കൂടിക്കൂടി വന്നുകൊണ്ടിരുന്നു. അവസാനം അവര്‍ രാക്ഷസന്മാര്‍ ആയിത്തീര്‍ന്നു.

ഈ രാക്ഷസന്മാര്‍ ദുഷ്ടന്മാരായിരുന്നു. വളരെ വലുപ്പവും ശക്തിയും ഉള്ളവരായിരുന്നതുകൊണ്ട് അവര്‍ ജനങ്ങളെ ഉപദ്രവിച്ചിരുന്നു. തങ്ങളെപ്പോലെ ദുഷ്ടരായിരിക്കാന്‍ അവര്‍ മറ്റുള്ളവരെ നിര്‍ബന്ധിക്കുകയും ചെയ്‌തു.

ഹാനോക്ക് മരിച്ചുപോയിരുന്നെങ്കിലും വേറൊരു നല്ല മനുഷ്യന്‍ അന്ന് ഭൂമിയിലുണ്ടായിരുന്നു. ഈ മനുഷ്യന്‍റെ പേര്‌ നോഹ എന്നായിരുന്നു. അവന്‍ എപ്പോഴും ദൈവത്തിന്‌ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്‌തു.

ദുഷ്ടന്മാരെ മുഴുവനും നശിപ്പിച്ചു കളയാനുള്ള സമയം വന്നെത്തിയിരിക്കുകയാണെന്ന് ഒരു ദിവസം ദൈവം നോഹയോടു പറഞ്ഞു. എന്നാല്‍ ദൈവം നോഹയെയും അവന്‍റെ കുടുംബത്തെയും അനേകം മൃഗങ്ങളെയും രക്ഷിക്കാന്‍ പോകുകയായിരുന്നു. ദൈവം ഇതെങ്ങനെ ചെയ്‌തെന്നു നമുക്കു നോക്കാം.

ഉല്‌പത്തി 6:1-8; യൂദാ 6.



ചോദ്യങ്ങള്‍

  • ദൈവത്തിന്‍റെ ദൂതന്മാരില്‍ ചിലര്‍ സാത്താന്‍ പറയുന്നതു കേട്ടപ്പോള്‍ എന്തു സംഭവിച്ചു?
  • ചില ദൂതന്മാര്‍ സ്വര്‍ഗത്തിലെ തങ്ങളുടെ വേല ഉപേക്ഷിച്ച് ഭൂമിയിലേക്കു വന്നത്‌ എന്തുകൊണ്ട്?
  • ദൂതന്മാര്‍ ഭൂമിയിലേക്കു വന്ന് മനുഷ്യ ശരീരം എടുക്കുന്നത്‌ തെറ്റായിരുന്നത്‌ എന്തുകൊണ്ട്?
  • ദൂതന്മാരുടെ കുട്ടികളുടെ പ്രത്യേകത എന്തായിരുന്നു?
  • നിങ്ങള്‍ക്കു ചിത്രത്തില്‍ കാണാന്‍ കഴിയുന്നതുപോലെ, ദൂതന്മാരുടെ മക്കള്‍ രാക്ഷസന്മാരായിത്തീര്‍ന്നപ്പോള്‍ എന്താണു ചെയ്‌തത്‌?
  • ഹാനോക്കിനു ശേഷം ഭൂമിയില്‍ ജീവിച്ചിരുന്ന നല്ല മനുഷ്യന്‍ ആര്‌, ദൈവം അവനെ ഇഷ്ടപ്പെടാന്‍ കാരണമെന്ത്?

കൂടുതലായ ചോദ്യങ്ങള്‍

  • ഉല്‌പത്തി 6:1-8 വായിക്കുക.

    നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ യഹോവയെ ബാധിക്കുന്നവിധം സംബന്ധിച്ച് ഉല്‌പത്തി 6:6 എന്തു വെളിപ്പെടുത്തുന്നു? (സങ്കീ. 78:40, 41; സദൃ. 27:11)

  • യൂദാ 6 വായിക്കുക.

    നോഹയുടെ നാളുകളിലെ, സ്വര്‍ഗത്തിലെ ‘തങ്ങളുടെ വാഴ്‌ച കാത്തുകൊള്ളാഞ്ഞ’ ദൂതന്മാര്‍ ഇന്നു നമുക്ക് ഒരു മുന്നറിയിപ്പായിരിക്കുന്നത്‌ എങ്ങനെ? (1 കൊരി. 3:5-9; 2 പത്രൊ. 2:4, 9, 10)