ഹാനോക്ക്

ഭൂമിയില്‍ ആളുകളുടെ എണ്ണം കൂടിയതോടെ അവരില്‍ മിക്കവരും കയീനെപ്പോലെ ദുഷ്ടത പ്രവര്‍ത്തിക്കുന്നവര്‍ ആയിത്തീര്‍ന്നു. എന്നാല്‍ ഒരു മനുഷ്യന്‍ അവരില്‍നിന്നെല്ലാം വ്യത്യസ്‌തനായിരുന്നു. ഈ ചിത്രത്തില്‍ കാണുന്ന ഈ മനുഷ്യനായിരുന്നു അത്‌. അവന്‍റെ പേര്‌ ഹാനോക്ക്. അവന്‍ നല്ല ധൈര്യമുള്ള ആളായിരുന്നു. ചുറ്റുമുള്ള ജനങ്ങളെല്ലാം വളരെ മോശമായ കാര്യങ്ങള്‍ ചെയ്‌തുകൊണ്ടിരുന്നപ്പോഴും ഹാനോക്ക് ദൈവത്തെ സേവിക്കുന്നതില്‍ തുടര്‍ന്നു.

അന്നു ജനങ്ങള്‍ വഷളായ ഒട്ടേറെ കാര്യങ്ങള്‍ ചെയ്‌തത്‌ എന്തുകൊണ്ടായിരിക്കും? ആദാമും ഹവ്വായും ദൈവത്തോട്‌ അനുസരണക്കേടു കാണിക്കുന്നതിനും തിന്നരുതെന്നു ദൈവം പറഞ്ഞ പഴം തിന്നുന്നതിനും ഇടയാക്കിയത്‌ ആരാണെന്ന് ഓര്‍മയുണ്ടല്ലോ? അതൊരു ദുഷ്ട ദൂതനായിരുന്നു. ബൈബിള്‍ അവനെ സാത്താന്‍ എന്നാണു വിളിക്കുന്നത്‌. അവന്‍ എല്ലാവരെയും തന്നെപ്പോലെതന്നെ ദുഷ്ടരാക്കാന്‍ ശ്രമിക്കുകയാണ്‌.

കൊള്ളയും കൊലപാതകവും

ആളുകള്‍ക്കു കേള്‍ക്കാന്‍ ഒട്ടും ഇഷ്ടമില്ലാതിരുന്ന ഒരു കാര്യം അവരോടു പറയാന്‍ ഒരിക്കല്‍ യഹോവയാം ദൈവം ഹാനോക്കിനോടു പറഞ്ഞു. അത്‌ ഇതായിരുന്നു: ‘ദൈവം സകല ദുഷ്ടന്മാരെയും നശിപ്പിക്കാന്‍ പോകുകയാണ്‌.’ ഇതു കേട്ടപ്പോള്‍ ആളുകള്‍ക്കു വളരെ ദേഷ്യം തോന്നിക്കാണും. അവര്‍ ഹാനോക്കിനെ പിടിച്ചു കൊല്ലാന്‍പോലും ശ്രമിച്ചിരിക്കാം. അതുകൊണ്ട് ദൈവം ചെയ്യാന്‍ പോകുന്നതിനെക്കുറിച്ചു ജനങ്ങളോടു പറയാന്‍ ഹാനോക്കിന്‌ നല്ല ധൈര്യം വേണമായിരുന്നു.

ആ ദുഷ്ട മനുഷ്യരുടെ ഇടയില്‍ ഹാനോക്ക് ഒരുപാടു കാലം ജീവിച്ചിരിക്കാന്‍ ദൈവം ഇടയാക്കിയില്ല. അവന്‍ 365 വയസ്സുവരെ മാത്രമേ ജീവിച്ചിരുന്നുള്ളൂ. “365 വയസ്സുവരെ മാത്രം” എന്നു നമ്മള്‍ പറയുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാല്‍ അന്നു മനുഷ്യര്‍ ഇന്നുള്ളവരെക്കാള്‍ ശക്തരായിരുന്നു; അവര്‍ വളരെക്കാലം ജീവിക്കുകയും ചെയ്‌തിരുന്നു. എന്തിന്‌, ഹാനോക്കിന്‍റെ മകന്‍ മെഥൂശലഹ്‌ ആണെങ്കില്‍ 969 വയസ്സുവരെയാണു ജീവിച്ചിരുന്നത്‌!

ആളുകള്‍ മോശമായ കാര്യങ്ങള്‍ ചെയ്യുന്നു

ഹാനോക്ക് മരിച്ചുകഴിഞ്ഞപ്പോള്‍ ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ ദുഷ്ടരായിത്തീര്‍ന്നു. ‘അവരുടെ വിചാരങ്ങള്‍ എപ്പോഴും ദോഷമുള്ളവയായിരുന്നുവെന്നും’ ‘ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞുവെന്നും’ ബൈബിള്‍ പറയുന്നു.

അക്കാലത്ത്‌ ഭൂമിയില്‍ ഇത്രയധികം കുഴപ്പം ഉണ്ടായിരുന്നതിന്‍റെ ഒരു കാരണം എന്തായിരുന്നു എന്ന് അറിയാമോ? ആളുകളെക്കൊണ്ടു ദുഷ്ടത ചെയ്യിക്കുന്നതിന്‌ സാത്താന്‍ ഒരു പുതിയ മാര്‍ഗം കണ്ടുപിടിച്ചു എന്നതായിരുന്നു കാരണം. അടുത്തതായി നമുക്ക് ഇതിനെക്കുറിച്ച് പഠിക്കാം.

ഉല്‌പത്തി 5:21-24, 27; 6:5; എബ്രായര്‍ 11:5; യൂദാ 14, 15ചോദ്യങ്ങള്‍

 • ഹാനോക്ക് വ്യത്യസ്‌തനായിരുന്നത്‌ ഏതു വിധത്തില്‍?
 • ഹാനോക്കിന്‍റെ കാലത്തെ ആളുകള്‍ വഷളായ ഒട്ടേറെ കാര്യങ്ങള്‍ ചെയ്‌തത്‌ എന്തുകൊണ്ടാണ്‌?
 • ആളുകള്‍ എന്തൊക്കെ ദുഷ്ട കാര്യങ്ങളാണു ചെയ്‌തുകൊണ്ടിരുന്നത്‌? (ചിത്രം കാണുക.)
 • ഹാനോക്കിനു ധൈര്യം ഉണ്ടായിരിക്കേണ്ടിയിരുന്നത്‌ എന്തുകൊണ്ട്?
 • അന്നൊക്കെ ആളുകള്‍ എത്ര കാലം ജീവിച്ചിരുന്നു, എന്നാല്‍ ഹാനോക്ക് എത്ര വയസ്സുവരെ ജീവിച്ചു?
 • ഹാനോക്ക് മരിച്ചുകഴിഞ്ഞ് എന്തു സംഭവിച്ചു?

കൂടുതലായ ചോദ്യങ്ങള്‍

 • ഉല്‌പത്തി 5:21-24, 27 വായിക്കുക.

  ഹാനോക്കിന്‌ യഹോവയുമായി ഏതു തരത്തിലുള്ള ബന്ധമാണ്‌ ഉണ്ടായിരുന്നത്‌? (ഉല്‌പ. 5:24)

  ബൈബിള്‍ ചരിത്രമനുസരിച്ച് ഏറ്റവും കൂടുതല്‍ കാലം ഭൂമിയില്‍ ജീവിച്ചിരുന്ന മനുഷ്യന്‍ ആര്‌, മരിക്കുമ്പോള്‍ അദ്ദേഹത്തിന്‌ എത്ര വയസ്സുണ്ടായിരുന്നു? (ഉല്‌പ. 5:27)

 • ഉല്‌പത്തി 6:5 വായിക്കുക.

  ഹാനോക്കിന്‍റെ മരണശേഷം ഭൂമിയിലെ അവസ്ഥകള്‍ എത്രത്തോളം വഷളായി, ഇതുമായി നമ്മുടെ നാളിന്‌ എന്തു സാമ്യം ഉണ്ട്? (2 തിമൊ. 3:13)

 • എബ്രായര്‍ 11:5 വായിക്കുക.

  ഹാനോക്കിന്‍റെ ഏതു ഗുണം ദൈവത്തെ “പ്രസാദിപ്പിച്ചു” അഥവാ സന്തോഷിപ്പിച്ചു, അതിന്‌ എന്തു ഫലമുണ്ടായി? (ഉല്‌പ. 5:22)

 • യൂദാ 14, 15 വായിക്കുക.

  വരാനിരിക്കുന്ന അര്‍മഗെദോന്‍ യുദ്ധത്തെക്കുറിച്ച് ആളുകള്‍ക്കു മുന്നറിയിപ്പു കൊടുക്കുമ്പോള്‍ ഇന്നു ക്രിസ്‌ത്യാനികള്‍ക്ക് ഹാനോക്കിന്‍റെ ധൈര്യം അനുകരിക്കാന്‍ കഴിയുന്നതെങ്ങനെ? (2 തിമൊ. 4:2; എബ്രാ. 13:6)