വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 6: ഒരു നല്ല മകനും ഒരു ദുഷ്ട മകനും

കഥ 6: ഒരു നല്ല മകനും ഒരു ദുഷ്ട മകനും

കയീനെയും ഹാബെലിനെയും കണ്ടോ, അവര്‍ രണ്ടുപേരും വളര്‍ന്നു വലുതായിരിക്കുന്നു, അല്ലേ? വലുതായപ്പോള്‍ കയീന്‍ ഒരു കൃഷിക്കാരനായി. അവന്‍ ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും നട്ടുവളര്‍ത്തുന്നു.

കയീനും ഹാബെലും ദൈവത്തിന് കാഴ്ചകള്‍ അര്‍പ്പിക്കുന്നു

ഹാബെല്‍ ഒരു ആട്ടിടയനായിത്തീര്‍ന്നു. ആട്ടിന്‍കുട്ടികളെ വളര്‍ത്താന്‍ അവന്‌ എന്തിഷ്ടമാണെന്നോ! ഈ കുഞ്ഞാടുകള്‍ വളര്‍ന്ന് വലിയ ആടുകളാകുകയും അങ്ങനെ ഹാബെലിനു പെട്ടെന്നുതന്നെ ഒരു വലിയ ആട്ടിന്‍കൂട്ടം ഉണ്ടാകുകയും ചെയ്യുന്നു.

ഒരു ദിവസം കയീനും ഹാബെലും ദൈവത്തിനു കൊടുക്കാന്‍ ഓരോ സമ്മാനം കൊണ്ടുവരുന്നു. കയീന്‍ താന്‍ നട്ടുവളര്‍ത്തിയ ചെടികളില്‍നിന്നുള്ള ചില ആഹാരസാധനങ്ങളാണ്‌ ദൈവത്തിനു കൊടുക്കുന്നത്‌. ഹാബെല്‍ തനിക്കുള്ള ഏറ്റവും നല്ല ആടിനെ കൊണ്ടുവരുന്നു. ഹാബെലിനെ യഹോവയ്‌ക്ക് ഇഷ്ടമാണ്‌, അവന്‍ കൊണ്ടുവന്ന സമ്മാനവും അവന്‌ ഇഷ്ടമായി. എന്നാല്‍ അവന്‍ കയീനിലും അവന്‍റെ സമ്മാനത്തിലും സന്തോഷിക്കുന്നില്ല. അത്‌ എന്തുകൊണ്ടാണെന്ന് അറിയാമോ?

ഹാബെലിന്‍റെ സമ്മാനം കയീന്‍റേതിലും നല്ലതാണ്‌ എന്നതു മാത്രമല്ല കാരണം. ഹാബെല്‍ ഒരു നല്ല മനുഷ്യനാണ്‌. അവന്‍ യഹോവയെയും സ്വന്തം ജ്യേഷ്‌ഠനെയും സ്‌നേഹിക്കുന്നു. എന്നാല്‍ കയീന്‍ ദുഷ്ടനാണ്‌; അവന്‍ തന്‍റെ അനുജനെ സ്‌നേഹിക്കുന്നില്ല.

അതുകൊണ്ട് അവന്‍റെ വഴികള്‍ക്കു മാറ്റം വരുത്തണമെന്ന് ദൈവം കയീനോടു പറയുന്നു. എന്നാല്‍ കയീന്‍ ദൈവം പറയുന്നതു കേള്‍ക്കുന്നില്ല. ദൈവത്തിനു ഹാബെലിനോടാണ്‌ കൂടുതല്‍ ഇഷ്ടമെന്നു കണ്ടപ്പോള്‍ അവനു വലിയ ദേഷ്യമായി. അതുകൊണ്ട് കയീന്‍ ഹാബെലിനോട്‌, ‘നമുക്കു വയലിലേക്കു പോകാം’ എന്നു പറയുന്നു. അവിടെ അവര്‍ തനിച്ചായിരിക്കുമ്പോള്‍ കയീന്‍ തന്‍റെ അനുജനായ ഹാബെലിനെ ഇടിക്കുന്നു. ഇടികൊണ്ട് ഹാബെല്‍ മരിക്കുന്നു, അത്രയ്‌ക്ക് ശക്തിയിലാണ്‌ അവന്‍ ഇടിച്ചത്‌. എത്ര ഭയങ്കരമായ ഒരു സംഗതി ആണ്‌ കയീന്‍ ചെയ്‌തത്‌, അല്ലേ?

ഹാബെലിനെ കൊന്നശേഷം കയീന്‍ ഓടിപ്പോകുന്നു

ഹാബെല്‍ മരിച്ചുപോയെങ്കിലും ദൈവം ഇപ്പോഴും അവനെ ഓര്‍ക്കുന്നുണ്ട്. അവന്‍ നല്ലവനായിരുന്നു. അങ്ങനെയൊരാളെ യഹോവ ഒരിക്കലും മറക്കില്ല. അതുകൊണ്ട് യഹോവയാം ദൈവം ഹാബെലിനെ ഒരിക്കല്‍ ജീവനിലേക്കു തിരിച്ചു കൊണ്ടുവരും. പിന്നെയൊരിക്കലും ഹാബെലിന്‌ മരിക്കേണ്ടി വരില്ല. അവന്‌ ഈ ഭൂമിയില്‍ എന്നേക്കും ജീവിക്കാന്‍ കഴിയും. ഹാബെലിനെപ്പോലെയുള്ള ആളുകളെക്കുറിച്ച് അറിയുന്നതു നല്ലതല്ലേ?

എന്നാല്‍ കയീനെപ്പോലെയുള്ള ആളുകളില്‍ ദൈവം പ്രസാദിക്കുന്നില്ല. അതുകൊണ്ട് കയീന്‍ തന്‍റെ സഹോദരനെ കൊന്നതിനു ശേഷം ദൈവം അവനെ തന്‍റെ കുടുംബത്തില്‍ ശേഷിച്ചവരില്‍നിന്നു വളരെ ദൂരെ അയച്ചുകൊണ്ട് ശിക്ഷിച്ചു. കയീന്‍ ഭൂമിയുടെ മറ്റൊരു ഭാഗത്തു വസിക്കാനായി പോയപ്പോള്‍ തന്‍റെ സഹോദരിമാരില്‍ ഒരാളെ കൂടെ കൊണ്ടുപോയി; അവള്‍ അവനു ഭാര്യയായിത്തീര്‍ന്നു.

കാലാന്തരത്തില്‍ കയീനും ഭാര്യക്കും മക്കളുണ്ടാകാന്‍ തുടങ്ങി. ആദാമിന്‍റെയും ഹവ്വായുടെയും മറ്റു പുത്രന്മാരും പുത്രിമാരും വിവാഹം കഴിച്ചു; അവര്‍ക്കും മക്കളുണ്ടായി. പെട്ടെന്നുതന്നെ ഭൂമിയില്‍ അനേകം ആളുകള്‍ ഉണ്ടായി. അവരില്‍ ചിലരെക്കുറിച്ചു നമുക്കു പഠിക്കാം.

ഉല്‌പത്തി 4:2-26; 1 യോഹന്നാന്‍ 3:11, 12; യോഹന്നാന്‍ 11:25.ചോദ്യങ്ങള്‍

 • കയീനും ഹാബെലും വളര്‍ന്നപ്പോള്‍ ആരായിത്തീര്‍ന്നു?
 • കയീനും ഹാബെലും യഹോവയ്‌ക്ക് എന്തു സമ്മാനം കൊണ്ടുവരുന്നു?
 • യഹോവയ്‌ക്ക് ഹാബെലിന്‍റെ സമ്മാനം ഇഷ്ടമാകാനും കയീന്‍റേത്‌ ഇഷ്ടമാകാതിരിക്കാനുമുള്ള കാരണമെന്ത്?
 • കയീന്‍ എങ്ങനെയുള്ളവനാണ്‌, യഹോവ അവനെ തിരുത്താന്‍ ശ്രമിക്കുന്നത്‌ എങ്ങനെ?
 • വയലില്‍ മറ്റാരുമില്ലാത്തപ്പോള്‍ കയീന്‍ തന്‍റെ അനുജനെ എന്താണു ചെയ്യുന്നത്‌?
 • സഹോദരനെ കൊന്നുകഴിഞ്ഞ് കയീന്‌ എന്തു സംഭവിച്ചെന്നു പറയുക.

കൂടുതലായ ചോദ്യങ്ങള്‍

 • ഉല്‌പത്തി 4:2-26 വായിക്കുക.

  കയീന്‍ പോകുന്നത്‌ അപകടത്തിലേക്കാണ്‌ എന്ന് യഹോവ അവനു പറഞ്ഞുകൊടുത്തത്‌ എങ്ങനെ? (ഉല്‌പ. 4:7)

  കയീന്‍ തന്‍റെ ഹൃദയത്തിലുള്ളത്‌ വെളിപ്പെടുത്തിയത്‌ എങ്ങനെ? (ഉല്‌പ. 4:9)

  നിഷ്‌കളങ്ക രക്തം ചൊരിയുന്നതു സംബന്ധിച്ച് യഹോവയുടെ വീക്ഷണമെന്ത്? (ഉല്‌പ. 4:10; യെശ. 26:21)

 • 1 യോഹന്നാന്‍ 3:11, 12 വായിക്കുക.

  കയീന്‌ വളരെയധികം ദേഷ്യമുണ്ടാകാന്‍ കാരണമെന്ത്, അത്‌ ഇന്നു നമുക്ക് ഒരു മുന്നറിയിപ്പായിരിക്കുന്നത്‌ എങ്ങനെ? (ഉല്‌പ. 4:4, 5; സദൃ. 14:30; 28:22)

  നമ്മുടെ കുടുംബാംഗങ്ങളില്‍ ആര്‍ക്കും യഹോവയെ ഇഷ്ടമില്ലാത്തപ്പോള്‍പ്പോലും നമുക്ക് അവനെ ആരാധിക്കാന്‍ കഴിയുമെന്ന് ബൈബിള്‍ കാണിക്കുന്നത്‌ എങ്ങനെ? (സങ്കീ. 27:10; മത്താ. 10:21, 22)

 • യോഹന്നാന്‍ 11:25 വായിക്കുക.

  നീതി നിമിത്തം മരിക്കേണ്ടിവരുന്നവരെക്കുറിച്ച് യഹോവ എന്ത് ഉറപ്പാണ്‌ നല്‍കുന്നത്‌? (യോഹ. 5:24)