വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 4: അവര്‍ക്കു ഭവനം നഷ്ടപ്പെട്ടതിന്‍റെ കാരണം

കഥ 4: അവര്‍ക്കു ഭവനം നഷ്ടപ്പെട്ടതിന്‍റെ കാരണം

ഇവിടെ എന്താണു സംഭവിക്കുന്നതെന്നു നോക്കൂ. ആദാമിനെയും ഹവ്വായെയും മനോഹരമായ ഏദെന്‍തോട്ടത്തില്‍നിന്നു പുറത്താക്കുകയാണ്‌. എന്തുകൊണ്ടായിരിക്കും അത്‌?

ആദാമിനെയും ഹവ്വായെയും ഏദെന്‍തോട്ടത്തില്‍നിന്നു പുറത്താക്കുന്നു

അവര്‍ വളരെ മോശമായ ഒരു കാര്യം ചെയ്‌തതാണു കാരണം. അതുകൊണ്ട് യഹോവ അവരെ ശിക്ഷിക്കുകയാണ്‌. ആദാമും ഹവ്വായും ചെയ്‌ത മോശമായ കാര്യം എന്താണെന്ന് അറിയാമോ?

ചെയ്യരുതെന്നു ദൈവം കല്‍പ്പിച്ച ഒരു കാര്യം അവര്‍ ചെയ്‌തു. തോട്ടത്തിലെ മരങ്ങളുടെ പഴങ്ങളൊക്കെ അവര്‍ക്കു കഴിക്കാം, എന്നാല്‍ ഒരെണ്ണത്തിന്‍റേതു മാത്രം കഴിക്കരുതെന്ന് ദൈവം അവരോടു പറഞ്ഞിരുന്നു. അതില്‍നിന്നു തിന്നാല്‍ അവര്‍ മരിക്കും. ആ മരം ദൈവത്തിന്‍റെ സ്വന്തമായിരുന്നു. മറ്റൊരാളുടെ എന്തെങ്കിലും എടുക്കുന്നതു തെറ്റാണെന്നു നമുക്കറിയാം, ഇല്ലേ? എന്നാല്‍ എന്താണു സംഭവിച്ചത്‌?

ഒരു ദിവസം ഹവ്വാ തോട്ടത്തില്‍ തനിച്ചായിരുന്നു. അപ്പോള്‍ ഒരു പാമ്പ് അവളോടു സംസാരിച്ചു. അത്ഭുതമായിരിക്കുന്നു, അല്ലേ? തിന്നരുതെന്നു ദൈവം കല്‍പ്പിച്ച പഴം പറിച്ചു തിന്നാന്‍ അതു ഹവ്വായോടു പറഞ്ഞു. സംസാരിക്കാനുള്ള കഴിവോടെയല്ല യഹോവ പാമ്പുകളെ ഉണ്ടാക്കിയത്‌. അതുകൊണ്ട് മറ്റാരോ പാമ്പിനെക്കൊണ്ടു സംസാരിപ്പിക്കുകയായിരുന്നു എന്നു വ്യക്തം. അതാരായിരുന്നു?

അത്‌ ആദാമായിരുന്നില്ല. അപ്പോള്‍പ്പിന്നെ ഭൂമിയെ ഉണ്ടാക്കുന്നതിനു വളരെമുമ്പ് യഹോവ സൃഷ്ടിച്ച വ്യക്തികളില്‍ ഒരുവന്‍ ആയിരിക്കേണ്ടിയിരുന്നു അത്‌. ആ വ്യക്തികള്‍ ദൂതന്മാരാണ്‌, നമുക്ക് അവരെ കാണാന്‍ കഴിയുകയില്ല. ഈ ദൂതന്മാരില്‍ ഒരാള്‍ വളരെ അഹങ്കാരിയായിത്തീര്‍ന്നിരുന്നു. തനിക്ക് ദൈവത്തെപ്പോലെ ഒരു രാജാവ്‌ ആകണമെന്ന് അവന്‍ വിചാരിക്കാന്‍ തുടങ്ങി. യഹോവയെ അനുസരിക്കുന്നതിനു പകരം ആളുകള്‍ തന്നെ അനുസരിക്കണമെന്ന് അവന്‍ ആഗ്രഹിച്ചു. പാമ്പിനെക്കൊണ്ടു സംസാരിപ്പിച്ച ദൂതന്‍ അവനായിരുന്നു.

ഈ ദൂതന്‌ ഹവ്വായെ കബളിപ്പിക്കാന്‍ കഴിഞ്ഞു. പഴം തിന്നാല്‍ ദൈവത്തെപ്പോലെ ആയിത്തീരുമെന്ന് അവന്‍ അവളോടു പറഞ്ഞപ്പോള്‍ അവള്‍ അതു വിശ്വസിച്ചു. അതുകൊണ്ട് അവള്‍ അതു തിന്നു, ആദാമും അങ്ങനെതന്നെ ചെയ്‌തു. ആദാമും ഹവ്വായും ദൈവത്തോട്‌ അനുസരണക്കേടു കാണിച്ചു, അതുകൊണ്ടാണ്‌ അവര്‍ക്ക് ആ മനോഹരമായ തോട്ടത്തിലെ ജീവിതം നഷ്‌ടപ്പെട്ടത്‌.

എന്നാല്‍ ഒരിക്കല്‍ മുഴുഭൂമിയും ഏദെന്‍തോട്ടംപോലെ ഭംഗിയുള്ളതായിത്തീരുന്നു എന്ന് ദൈവം ഉറപ്പുവരുത്തും. ഭൂമിയെ ഈ വിധത്തില്‍ ആക്കിത്തീര്‍ക്കുന്നതില്‍ നമുക്ക് എങ്ങനെ പങ്കുപറ്റാമെന്ന് പിന്നീട്‌ നമ്മള്‍ പഠിക്കും. ഇപ്പോള്‍, ആദാമിനും ഹവ്വായ്‌ക്കും എന്തു സംഭവിച്ചെന്ന് നമുക്കു നോക്കാം.

ഉല്‌പത്തി 2:16, 17; 3:1-13, 24; വെളിപ്പാടു 12:9.ചോദ്യങ്ങള്‍

 • ചിത്രത്തില്‍, ആദാമിനും ഹവ്വായ്‌ക്കും എന്തു സംഭവിക്കുന്നതാണു കാണുന്നത്‌?
 • യഹോവ അവരെ ശിക്ഷിക്കാന്‍ കാരണമെന്ത്?
 • പാമ്പ് ഹവ്വായോട്‌ എന്താണു പറഞ്ഞത്‌?
 • പാമ്പിനെക്കൊണ്ട് ഹവ്വായോടു സംസാരിപ്പിച്ചത്‌ ആര്‌?
 • ആദാമിനും ഹവ്വായ്‌ക്കും പറുദീസയിലെ ജീവിതം നഷ്ടപ്പെട്ടത്‌ എന്തുകൊണ്ട്?

കൂടുതലായ ചോദ്യങ്ങള്‍

 • ഉല്‌പത്തി 2:16, 17; 3:1-13, 24 വായിക്കുക.

  ഹവ്വായോടുള്ള പാമ്പിന്‍റെ ചോദ്യം യഹോവയെക്കുറിച്ചു തെറ്റായ ധാരണ നല്‍കിയത്‌ എങ്ങനെ? (ഉല്‌പ. 3:1-5; 1 യോഹ. 5:3)

  ഹവ്വായ്‌ക്ക് സംഭവിച്ചതില്‍നിന്ന് നാം എന്തു പാഠം പഠിക്കുന്നു? (ഫിലി. 4:8; യാക്കോ. 1:14, 15; 1 യോഹ. 2. 16)

  ആദാമും ഹവ്വായും തങ്ങളുടെ പ്രവൃത്തികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ പരാജയപ്പെട്ടത്‌ എങ്ങനെ? (ഉല്‌പ. 3:12, 13)

  ഏദെന്‍ തോട്ടത്തിന്‍റെ കിഴക്കുവശത്ത്‌ നിറുത്തിയിരുന്ന കെരൂബുകള്‍ യഹോവയുടെ പരമാധികാരം ഉയര്‍ത്തിപ്പിടിച്ചത്‌ എങ്ങനെ? (ഉല്‌പ. 3:24)

 • വെളിപ്പാടു 12:9 വായിക്കുക.

  മനുഷ്യവര്‍ഗത്തെ ദൈവത്തിന്‍റെ ഭരണത്തിനെതിരെ തിരിക്കുന്നതില്‍ സാത്താന്‍ എത്രത്തോളം വിജയിച്ചിരിക്കുന്നു? (1 യോഹ. 5:19)