വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 3: ആദ്യത്തെ പുരുഷനും സ്ത്രീയും

കഥ 3: ആദ്യത്തെ പുരുഷനും സ്ത്രീയും

ഈ ചിത്രത്തില്‍ എന്തെങ്കിലും വ്യത്യാസം ഉള്ളതായി ശ്രദ്ധിച്ചോ? ഇതില്‍ ആളുകളുണ്ട്, ശരിയല്ലേ? ഇവരാണ്‌ ആദ്യത്തെ പുരുഷനും സ്‌ത്രീയും. ആരാണ്‌ അവരെ സൃഷ്ടിച്ചത്‌? ദൈവം. അവന്‍റെ പേര്‌ എന്താണെന്ന് അറിയാമോ? യഹോവ. യഹോവ പുരുഷന്‌ ആദാമെന്നും സ്‌ത്രീക്ക് ഹവ്വായെന്നും പേരിട്ടു.

ആദാമും ഹവ്വായും ഏദെന്‍തോട്ടത്തില്‍

യഹോവയാം ദൈവം ആദാമിനെ ഉണ്ടാക്കിയത്‌ എങ്ങനെയാണെന്ന് അറിയേണ്ടേ? അവന്‍ നിലത്തുനിന്ന് കുറെ പൊടി എടുത്ത്‌ അതുകൊണ്ട് യാതൊരു കുറ്റമോ കുറവോ ഇല്ലാത്ത ഒരു ശരീരം, ഒരു മനുഷ്യശരീരം ഉണ്ടാക്കി. എന്നിട്ട് അവന്‍ ആ മനുഷ്യന്‍റെ മൂക്കിലേക്ക് ഊതി; അപ്പോള്‍ ആദാം ജീവനുള്ളവനായിത്തീര്‍ന്നു.

യഹോവയാം ദൈവം ആദാമിന്‌ ഒരു ജോലി കൊടുത്തു. എല്ലാത്തരം മൃഗങ്ങള്‍ക്കും പേരിടുക എന്നതായിരുന്നു അത്‌. അവയ്‌ക്കെല്ലാം ഏറ്റവും നല്ല പേരുകള്‍ തിരഞ്ഞെടുക്കാനായി ആദാം വളരെക്കാലം മൃഗങ്ങളെ സൂക്ഷിച്ചു നോക്കി പഠിച്ചിട്ടുണ്ടായിരിക്കണം. ഏതായാലും മൃഗങ്ങള്‍ക്കു പേരിട്ടുകൊണ്ടിരുന്നപ്പോള്‍ ആദാം ഒരു കാര്യം ശ്രദ്ധിച്ചു. അത്‌ എന്താണെന്ന് അറിയാമോ?

എല്ലാ മൃഗങ്ങളുടെയും കൂട്ടത്തില്‍ ആണും പെണ്ണും ഉണ്ടായിരുന്നു. അച്ഛന്‍ ആനകളും അമ്മ ആനകളും ഉണ്ടായിരുന്നു; സിംഹത്തിന്‍റെ കൂട്ടത്തിലും ഉണ്ടായിരുന്നു അച്ഛനും അമ്മയും. എന്നാല്‍ ആദാമിന്‌ മാത്രം ഒരു ഇണ ഉണ്ടായിരുന്നില്ല. അതുകൊണ്ട് യഹോവ ആദാം ഉറങ്ങാന്‍ ഇടയാക്കി, ചുറ്റും നടക്കുന്നതൊന്നും അറിയാതെ ബോധംകെട്ടതുപോലുള്ള ഉറക്കം. എന്നിട്ട് അവന്‍റെ വശത്തുനിന്ന് ഒരു വാരിയെല്ല് എടുത്തു. അതുപയോഗിച്ച് യഹോവ ഒരു സ്‌ത്രീയെ ഉണ്ടാക്കി, അവള്‍ അവന്‍റെ ഭാര്യയായിത്തീര്‍ന്നു.

ആദാമിന്‌ എത്ര സന്തോഷമായിക്കാണും അല്ലേ? ഹവ്വായുടെ കാര്യമോ? അത്ര ഭംഗിയുള്ള ഒരു തോട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞതില്‍ അവള്‍ക്കും എന്ത് സന്തോഷം തോന്നിക്കാണും! ഇപ്പോള്‍ അവര്‍ക്കു മക്കളെ ജനിപ്പിക്കുന്നതിനും സന്തോഷത്തില്‍ ഒരുമിച്ചു ജീവിക്കുന്നതിനും കഴിയുമായിരുന്നു.

ആദാമും ഹവ്വായും എന്നേക്കും ജീവിക്കണം എന്നതായിരുന്നു യഹോവയുടെ ആഗ്രഹം. അവര്‍ മുഴുഭൂമിയെയും ഏദെന്‍തോട്ടം പോലെ ഭംഗിയുള്ളതാക്കണം എന്ന് അവന്‍ ആഗ്രഹിച്ചു. ഇതു ചെയ്യുന്നതിനെക്കുറിച്ചു ചിന്തിച്ചപ്പോള്‍ ആദാമും ഹവ്വായും എത്ര സന്തോഷിച്ചിരിക്കണം! ഭൂമിയെ സുന്ദരമായ ഒരു തോട്ടം ആക്കുന്നതില്‍ പങ്കുപറ്റാന്‍ നിങ്ങള്‍ ഇഷ്‌ടപ്പെടുമായിരുന്നോ? പക്ഷേ ആദാമിന്‍റെയും ഹവ്വായുടെയും സന്തോഷം അധികം നീണ്ടുനിന്നില്ല. കാരണം നമുക്കു കണ്ടുപിടിക്കാം.

സങ്കീര്‍ത്തനം 83:18; ഉല്‌പത്തി 1:26-31; 2:7-25.ചോദ്യങ്ങള്‍

 • മൂന്നാം കഥയിലെ ചിത്രം രണ്ടാം കഥയിലെ ചിത്രവുമായി വ്യത്യാസപ്പെട്ടിരിക്കുന്നത്‌ എങ്ങനെ?
 • ആദ്യമനുഷ്യനെ സൃഷ്ടിച്ചത്‌ ആര്‌, ആ മനുഷ്യന്‍റെ പേര്‌ എന്ത്?
 • ദൈവം ആദാമിന്‌ എന്തു ജോലിയാണു കൊടുത്തത്‌?
 • ചുറ്റും നടക്കുന്നതൊന്നും അറിയാത്തവിധത്തില്‍ ആദാം ഉറങ്ങിപ്പോകാന്‍ ദൈവം ഇടയാക്കിയത്‌ എന്തുകൊണ്ട്?
 • ആദാമിനും ഹവ്വായ്‌ക്കും എത്ര കാലം ജീവിക്കാമായിരുന്നു, അവര്‍ എന്തു വേല ചെയ്യാനാണ്‌ യഹോവ ആഗ്രഹിച്ചത്‌?

കൂടുതലായ ചോദ്യങ്ങള്‍

 • സങ്കീര്‍ത്തനം 83:18 വായിക്കുക.

  ദൈവത്തിന്‍റെ പേര്‌ എന്ത്, ലോകത്തില്‍ അവനു മാത്രമുള്ള സ്ഥാനമെന്ത്? (യിരെ. 16:21; ദാനീ. 4:17)

 • ഉല്‌പത്തി 1:26-31 വായിക്കുക.

  ആറാം ദിവസം സൃഷ്ടിയുടെ അവസാനമായി ദൈവം സൃഷ്ടിച്ചത്‌ ആരെ, ഈ സൃഷ്ടി മൃഗങ്ങളില്‍നിന്നു വ്യത്യാസപ്പെട്ടിരുന്നത്‌ എങ്ങനെ? (ഉല്‌പ. 1:26)

  മനുഷ്യനും മൃഗങ്ങള്‍ക്കും വേണ്ടി ദൈവം എന്തു നല്‍കി? (ഉല്‌പ. 1:30)

 • ഉല്‌പത്തി 2:7-25 വായിക്കുക.

  മൃഗങ്ങള്‍ക്കു പേരിടാനായി ആദാം എന്ത് ചെയ്യേണ്ടതുണ്ടായിരുന്നു? (ഉല്‌പ. 2:19)

  വിവാഹം, വിവാഹമോചനം, വേര്‍പിരിയല്‍ എന്നിവയെക്കുറിച്ച് യഹോവ എന്തു വിചാരിക്കുന്നുവെന്നു മനസ്സിലാക്കാന്‍ ഉല്‌പത്തി 2:24 നമ്മെ സഹായിക്കുന്നത്‌ എങ്ങനെ? (മത്താ. 19:4-6, 9)