വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

കഥ 10: മഹാപ്രളയം

കഥ 10: മഹാപ്രളയം

പെട്ടകത്തിനു വെളിയില്‍ ആളുകളുടെ ജീവിതം ഒരു മാറ്റവുമില്ലാതെ മുമ്പോട്ടുപോയി. ഒരു വെള്ളപ്പൊക്കം വരാന്‍ പോകുകയാണെന്ന് അവരാരും അപ്പോഴും വിശ്വസിച്ചില്ല. ഓരോ ദിവസം കഴിയുന്തോറും അവരുടെ കളിയാക്കല്‍ കൂടിക്കൂടി വന്നിരിക്കണം. എന്നാല്‍ പെട്ടെന്നുതന്നെ അവര്‍ കളിയാക്കുന്നതു നിറുത്തി.

പേടിച്ചരണ്ട മനുഷ്യരും മൃഗങ്ങളും

ഒരു ബക്കറ്റില്‍നിന്നു വെള്ളം ഒഴിക്കുന്നതുപോലെ പെട്ടെന്ന് ആകാശത്തുനിന്നു മഴ കോരിച്ചൊരിയാന്‍ തുടങ്ങി. നോഹ പറഞ്ഞതു ശരിയായിരുന്നു! എന്നാല്‍ ഇപ്പോള്‍ ആര്‍ക്കും ഓടിവന്നു പെട്ടകത്തില്‍ കയറാന്‍ കഴിയുമായിരുന്നില്ല. യഹോവ പെട്ടകത്തിന്‍റെ വാതില്‍ മുറുക്കി അടച്ചിരുന്നു.

താണ നിലത്തെല്ലാം പെട്ടെന്നുതന്നെ വെള്ളം പൊങ്ങി. വെള്ളം വലിയ നദികള്‍പോലെ ആയി. അതു മരങ്ങളെ മറിച്ചിടുകയും വലിയ കല്ലുകളെ ഉരുട്ടിയിടുകയും ഒക്കെ ചെയ്‌തു. എന്തൊരു ശബ്ദമായിരുന്നിരിക്കണം അപ്പോള്‍ അവിടെ. ആളുകളെല്ലാം പേടിച്ചുവിറയ്‌ക്കാന്‍ തുടങ്ങി. അവര്‍ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് ഓടിക്കയറി. പെട്ടകത്തിന്‍റെ വാതില്‍ തുറന്നു കിടന്നപ്പോള്‍ നോഹ പറഞ്ഞതുകേട്ട് അതിനുള്ളില്‍ കയറിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് അവര്‍ ഓര്‍ത്തു! എന്നാല്‍ ഇപ്പോള്‍ വളരെ താമസിച്ചുപോയിരുന്നു.

വെള്ളം പിന്നെയും പിന്നെയും പൊങ്ങിക്കൊണ്ടിരുന്നു. 40 പകലും 40 രാത്രിയും മഴ പെയ്‌തു. വെള്ളം ഉയര്‍ന്നുയര്‍ന്ന് മലകളെപ്പോലും മൂടാന്‍ തുടങ്ങി; താമസിയാതെതന്നെ ഏറ്റവും ഉയരം കൂടിയ മലകള്‍പോലും വെള്ളത്തിനടിയിലായി. ദൈവം പറഞ്ഞതുപോലെതന്നെ പെട്ടകത്തിനു വെളിയിലുണ്ടായിരുന്ന എല്ലാ മനുഷ്യരും മൃഗങ്ങളും നശിച്ചു. എന്നാല്‍ പെട്ടകത്തിലുണ്ടായിരുന്ന ആര്‍ക്കും ഒരു കുഴപ്പവും പറ്റിയില്ല.

നോഹയും അവന്‍റെ മക്കളും പെട്ടകം വളരെ നന്നായി പണിതിരുന്നു. വെള്ളം അതിനെ ഉയര്‍ത്തി; അതു വെള്ളത്തിന്മേല്‍ പൊങ്ങിക്കിടന്നു. പിന്നെ, പെട്ടെന്നൊരു ദിവസം മഴ നിന്നു, സൂര്യന്‍ വീണ്ടും പ്രകാശിക്കാന്‍ തുടങ്ങി. എവിടെ നോക്കിയാലും വെള്ളം മാത്രം, കാണേണ്ട ഒരു കാഴ്‌ച തന്നെയായിരുന്നു അത്‌! വെള്ളത്തിനു മുകളില്‍ ഒരു പെട്ടകംമാത്രം ഒഴുകിനടക്കുന്നു.

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന പെട്ടകം

രാക്ഷസന്മാരെല്ലാം കൊല്ലപ്പെട്ടിരുന്നു. ജനങ്ങളെ ഉപദ്രവിക്കാന്‍ ഇനി ഒരിക്കലും അവര്‍ വരില്ലായിരുന്നു. അവരോടുകൂടെ അവരുടെ അമ്മമാരും ബാക്കി ദുഷ്ടജനങ്ങളും നശിച്ചു. എന്നാല്‍ അവരുടെ പിതാക്കന്മാര്‍ക്ക് എന്തു സംഭവിച്ചു?

ആ രാക്ഷസന്മാരുടെ പിതാക്കന്മാര്‍ ശരിക്കും നമ്മെപ്പോലുള്ള മനുഷ്യരായിരുന്നില്ല. അവര്‍ ഭൂമിയില്‍ മനുഷ്യരായി ജീവിക്കാന്‍ ഇറങ്ങിവന്ന ദൂതന്മാരായിരുന്നു. അതുകൊണ്ട് ജലപ്രളയം വന്നപ്പോള്‍ അവര്‍ മറ്റുള്ളവരോടൊപ്പം നശിച്ചുപോയില്ല. അവര്‍ എടുത്ത മനുഷ്യശരീരങ്ങളുടെ ഉപയോഗം നിറുത്തുകയും ദൂതന്മാരായി തിരികെ സ്വര്‍ഗത്തിലേക്കു പോകുകയും ചെയ്‌തു. എങ്കിലും അവര്‍ക്കു വീണ്ടും ദൈവദൂതന്മാരുടെ കുടുംബത്തിന്‍റെ ഭാഗമാകാന്‍ കഴിയില്ലായിരുന്നു. അതുകൊണ്ട് അവര്‍ സാത്താന്‍റെ ദൂതന്മാരായിത്തീര്‍ന്നു. ബൈബിളില്‍ അവരെ ഭൂതങ്ങള്‍ എന്നാണു വിളിച്ചിരിക്കുന്നത്‌.

ദൈവം ഇപ്പോള്‍ ഒരു കാറ്റടിപ്പിച്ചു; വെള്ളം ഇറങ്ങാന്‍ തുടങ്ങി. അഞ്ചു മാസം കഴിഞ്ഞ് പെട്ടകം ഒരു മലമുകളില്‍ ഉറച്ചു. കുറെ ദിവസങ്ങള്‍കൂടെ കടന്നുപോയി. പെട്ടകത്തിനുള്ളില്‍ ഉണ്ടായിരുന്നവര്‍ക്ക് പുറത്തേക്കു നോക്കിയാല്‍ മലകളുടെ മേല്‍ഭാഗം കാണാന്‍ കഴിയുമെന്ന സ്ഥിതിയായി. വെള്ളം പിന്നെയും പിന്നെയും കുറഞ്ഞുകൊണ്ടിരുന്നു.

അപ്പോള്‍ നോഹ മലങ്കാക്ക എന്നു വിളിക്കുന്ന ഒരു കറുത്ത പക്ഷിയെ പെട്ടകത്തിനു വെളിയിലേക്കു വിട്ടു. ചെന്നിരിക്കാന്‍ പറ്റിയ ഒരു സ്ഥലം കിട്ടാഞ്ഞതുകൊണ്ട് കുറെനേരം പറന്നുനടന്നിട്ട് അതു തിരിച്ചുവന്നു. പല പ്രാവശ്യം അത്‌ ഇങ്ങനെ വന്നും പോയും ഇരുന്നു, തിരിച്ചുവന്ന ഓരോ പ്രാവശ്യവും അതു പെട്ടകത്തിന്മേല്‍ ഇരുന്ന് ക്ഷീണമകറ്റി.

ഒരു പ്രാവ്

പുറത്തെ വെള്ളം മുഴുവനും ഇറങ്ങിയോ എന്നറിയാന്‍ നോഹ ആഗ്രഹിച്ചു; അതുകൊണ്ട് അവന്‍ അടുത്തതായി ഒരു പ്രാവിനെ വെളിയിലേക്കു വിട്ടു. എന്നാല്‍ ആ പ്രാവും തിരിച്ചുവന്നു, കാരണം അതിനും ഇരിക്കാന്‍ പറ്റിയ ഒരു സ്ഥലം കാണാന്‍ കഴിഞ്ഞില്ല. നോഹ രണ്ടാം പ്രാവശ്യം അതിനെ അയച്ചു; അത്‌ ഒലിവു മരത്തിന്‍റെ ഒരു ഇല കൊത്തിക്കൊണ്ടുവന്നു. അപ്പോള്‍ വെള്ളം ഇറങ്ങിയെന്ന് നോഹയ്‌ക്കു മനസ്സിലായി. നോഹ മൂന്നാം പ്രാവശ്യവും പ്രാവിനെ അയച്ചു; ഇത്തവണ ഏതായാലും പ്രാവിനു താമസിക്കാന്‍ ഒരു ഉണങ്ങിയ സ്ഥലം കിട്ടി.

ദൈവം ഇപ്പോള്‍ നോഹയോട്‌ ഇങ്ങനെ പറഞ്ഞു: ‘നീ പെട്ടകത്തില്‍നിന്നു പുറത്തിറങ്ങുവിന്‍. നിന്നോടുകൂടെ നിന്‍റെ മുഴു കുടുംബത്തെയും മൃഗങ്ങളെയും പുറത്തു കൊണ്ടുവരിക.’ ഒരു വര്‍ഷത്തിലധികം അവര്‍ പെട്ടകത്തിനുള്ളില്‍ ആയിരുന്നു. അതുകൊണ്ട് വീണ്ടും വെളിയില്‍ വരികയും ജീവനോടിരിക്കുകയും ചെയ്‌തതില്‍ അവര്‍ക്കെല്ലാവര്‍ക്കും എത്ര സന്തോഷം തോന്നിക്കാണും, അല്ലേ?

ഉല്‌പത്തി 7:10-24; 8:1-17; 1 പത്രൊസ്‌ 3:19, 20.ചോദ്യങ്ങള്‍

 • മഴ തുടങ്ങിക്കഴിഞ്ഞ് ആര്‍ക്കും പെട്ടകത്തില്‍ കയറാന്‍ കഴിയാതിരുന്നത്‌ എന്തുകൊണ്ട്?
 • എത്ര രാത്രിയും പകലും മഴ പെയ്യാന്‍ യഹോവ ഇടയാക്കി, വെള്ളം എത്രത്തോളം ഉയര്‍ന്നു?
 • വെള്ളം ഭൂമിയെ മൂടാന്‍ തുടങ്ങിയപ്പോള്‍ പെട്ടകത്തിന്‌ എന്തു സംഭവിച്ചു?
 • പ്രളയത്തില്‍ രാക്ഷസന്മാര്‍ രക്ഷപ്പെട്ടോ, അവരുടെ പിതാക്കന്മാര്‍ക്ക് എന്തു സംഭവിച്ചു?
 • അഞ്ചു മാസം കഴിഞ്ഞപ്പോള്‍ പെട്ടകത്തിന്‌ എന്തു സംഭവിച്ചു?
 • നോഹ ഒരു മലങ്കാക്കയെ പെട്ടകത്തിനു പുറത്തേക്കു വിട്ടത്‌ എന്തിന്‌?
 • വെള്ളം ഇറങ്ങിയെന്ന് നോഹ മനസ്സിലാക്കിയത്‌ എങ്ങനെ?
 • നോഹയും കുടുംബവും ഒരു വര്‍ഷത്തില്‍ കൂടുതല്‍ പെട്ടകത്തില്‍ ആയിരുന്നതിനുശേഷം യഹോവ നോഹയോട്‌ എന്താണു പറഞ്ഞത്‌?

കൂടുതലായ ചോദ്യങ്ങള്‍

 • ഉല്‌പത്തി 7:10-24 വായിക്കുക.

  ഭൂമിയിലെ ജീവനാശം എത്ര പൂര്‍ണമായിരുന്നു? (ഉല്‌പ. 7:23)

  പ്രളയജലം ഇറങ്ങാന്‍ എത്ര കാലം എടുത്തു? (ഉല്‌പ. 7:24)

 • ഉല്‌പത്തി 8:1-17 വായിക്കുക.

  ഭൂമിയെക്കുറിച്ച് യഹോവയ്‌ക്ക് ആദ്യം ഉണ്ടായിരുന്ന ഉദ്ദേശ്യത്തിനു മാറ്റം വന്നിട്ടില്ലെന്ന് ഉല്‌പത്തി 8:17 കാണിക്കുന്നതെങ്ങനെ? (ഉല്‌പ. 1:22)

 • 1 പത്രൊസ്‌ 3:19, 20 വായിക്കുക.

  മത്സരികളായ ദൂതന്മാര്‍ സ്വര്‍ഗത്തിലേക്കു തിരിച്ചു പോയപ്പോള്‍ അവര്‍ക്ക് എന്തു ശിക്ഷാവിധിയാണു ലഭിച്ചത്‌? (യൂദാ 6)

  നോഹയെയും കുടുംബത്തെയും കുറിച്ചുള്ള വിവരണം, തന്‍റെ ജനത്തെ വിടുവിക്കാനുള്ള പ്രാപ്‌തി യഹോവയ്‌ക്ക് ഉണ്ടെന്ന നമ്മുടെ ഉറപ്പിനെ ശക്തമാക്കുന്നത്‌ എങ്ങനെ? (2 പത്രൊ. 2:9)