വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എന്‍റെ ബൈബിള്‍ കഥാപുസ്തകം

കഥ 1: ദൈവം സൃഷ്ടി തുടങ്ങുന്നു

കഥ 1: ദൈവം സൃഷ്ടി തുടങ്ങുന്നു

നമുക്കുള്ള എല്ലാ നല്ല വസ്‌തുക്കളും ഉണ്ടാക്കിയത്‌ ദൈവമാണ്‌. പകല്‍ സമയത്ത്‌ നമുക്കു വെളിച്ചം തരാന്‍ അവന്‍ സൂര്യനെ ഉണ്ടാക്കി. രാത്രിയിലും കുറച്ചു വെളിച്ചം ലഭിക്കേണ്ടതിന്‌ ചന്ദ്രനെയും നക്ഷത്രങ്ങളെയും സൃഷ്ടിച്ചു. നമുക്കു താമസിക്കാന്‍ ദൈവം ഭൂമിയെയും ഉണ്ടാക്കി.

എന്നാല്‍ ദൈവം ആദ്യം ഉണ്ടാക്കിയത്‌ സൂര്യനെയോ ചന്ദ്രനെയോ നക്ഷത്രങ്ങളെയോ ഭൂമിയെയോ ഒന്നുമായിരുന്നില്ല. പിന്നെയോ തന്നെപ്പോലെ തന്നെയുള്ള വ്യക്തികളെയാണ്‌ ദൈവം ആദ്യം സൃഷ്ടിച്ചത്‌. ദൈവത്തെ കാണാന്‍ കഴിയാത്തതുപോലെ നമുക്ക് ഇവരെയും കാണാന്‍ കഴിയില്ല. ബൈബിളില്‍ ഇവരെ ദൂതന്മാര്‍ എന്നാണു വിളിച്ചിരിക്കുന്നത്‌. സ്വര്‍ഗത്തില്‍ തന്നോടുകൂടെ ആയിരിക്കാന്‍ വേണ്ടിയാണ്‌ ദൈവം ദൂതന്മാരെ സൃഷ്ടിച്ചത്‌.

ദൈവം സൃഷ്ടിച്ച ഒന്നാമത്തെ ദൂതന്‍ വളരെ വിശേഷപ്പെട്ടവനായിരുന്നു. അവനായിരുന്നു ദൈവത്തിന്‍റെ ആദ്യത്തെ പുത്രന്‍. മറ്റു സകലവും ഉണ്ടാക്കിയപ്പോള്‍ ആ പുത്രന്‍ ദൈവത്തോടുകൂടെ ഉണ്ടായിരുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും നമ്മുടെ ഭൂമിയെയും ഉണ്ടാക്കാന്‍ അവന്‍ ദൈവത്തെ സഹായിച്ചു.

അന്ന് ഭൂമി എങ്ങനെയായിരുന്നു? ഭൂമിയില്‍ ആര്‍ക്കും ജീവിക്കാന്‍ കഴിയുമായിരുന്നില്ല. വലിയ ഒരു കടലല്ലാതെ യാതൊന്നും അന്ന് ഇവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഭൂമിയില്‍ മനുഷ്യര്‍ ജീവിക്കണം എന്നതായിരുന്നു ദൈവത്തിന്‍റെ ആഗ്രഹം. അതുകൊണ്ട് അവന്‍ നമുക്കുവേണ്ടി ഭൂമിയെ ഒരുക്കാന്‍ തുടങ്ങി. അവന്‍ എന്താണു ചെയ്‌തത്‌?

ഒന്നാമതായി ഭൂമിക്ക് വെളിച്ചം വേണമായിരുന്നു. അതുകൊണ്ട് ദൈവം സൂര്യനില്‍ നിന്നുള്ള വെളിച്ചം ഭൂമിയില്‍ എത്താന്‍ ഇടയാക്കി. രാത്രിയും പകലും ഉണ്ടാകുന്ന വിധത്തിലാണ്‌ അവന്‍ അതിനെ ഉണ്ടാക്കിയത്‌. പിന്നീട്‌ ദൈവം വെള്ളത്തിനു മുകളില്‍ കര പൊങ്ങിവരാന്‍ ഇടയാക്കി.

തുടക്കത്തില്‍ കരയില്‍ യാതൊന്നും ഉണ്ടായിരുന്നില്ല. അത്‌ ഇവിടെ കാണുന്ന ചിത്രത്തിലെപ്പോലെ ആയിരുന്നു. പൂക്കളോ മരങ്ങളോ മൃഗങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. കടലില്‍ മീനും ഇല്ലായിരുന്നു. ഭൂമി മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ജീവിക്കാന്‍ പറ്റിയ നല്ലൊരു സ്ഥലമാക്കിത്തീര്‍ക്കാന്‍ ദൈവത്തിന്‌ കുറേക്കൂടെ കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു.

യിരെമ്യാവു 10:12; കൊലൊസ്സ്യര്‍ 1:15-17; ഉല്‌പത്തി 1:1-10.

ഭൂമി ആദ്യം ഇങ്ങനെ ആയിരുന്നു


ചോദ്യങ്ങള്‍

 • നമുക്കുള്ള എല്ലാ നല്ല വസ്‌തുക്കളും ഉണ്ടായത്‌ എങ്ങനെയാണ്‌, ഒരു ഉദാഹരണം പറയാമോ?
 • ദൈവം ആദ്യം സൃഷ്ടിച്ചത്‌ ആരെ?
 • ആദ്യത്തെ ദൂതന്‍ വളരെ വിശേഷപ്പെട്ടവന്‍ ആയിരുന്നത്‌ എന്തുകൊണ്ട്?
 • തുടക്കത്തില്‍ ഭൂമി എങ്ങനെയാണിരുന്നത്‌? (ചിത്രം കാണുക.)
 • മൃഗങ്ങള്‍ക്കും മനുഷ്യര്‍ക്കും ജീവിക്കാനായി ദൈവം ഭൂമിയെ ഒരുക്കിത്തുടങ്ങിയത്‌ എങ്ങനെ?

കൂടുതലായ ചോദ്യങ്ങള്‍

 • യിരെമ്യാവു 10:12 വായിക്കുക.

  സൃഷ്ടിയില്‍ ദൈവത്തിന്‍റെ ഏതെല്ലാം ഗുണങ്ങള്‍ നമുക്കു കാണാന്‍ കഴിയുന്നു? (യെശ. 40:26; റോമ. 11:33)

 • കൊലൊസ്സ്യര്‍ 1:15-17 വായിക്കുക.

  സൃഷ്ടിയില്‍ യേശുവിന്‍റെ പങ്ക് എന്തായിരുന്നു, അവനെക്കുറിച്ചുള്ള നമ്മുടെ വീക്ഷണത്തെ ഇത്‌ എങ്ങനെ ബാധിക്കണം? (കൊലൊ. 1:15-17)

 • ഉല്‌പത്തി 1:1-10 വായിക്കുക.

  ഭൂമി ഉണ്ടായത്‌ എങ്ങനെ? (ഉല്‌പ. 1:1)

  ആദ്യത്തെ സൃഷ്ടിപ്പിന്‍ ദിവസം എന്താണു സംഭവിച്ചത്‌? (ഉല്‌പ. 1:3-5)

  രണ്ടാം സൃഷ്ടിപ്പിന്‍ ദിവസം സംഭവിച്ചത്‌ എന്ത്? (ഉല്‌പ. 1:7, 8)